22 February Saturday

പുതിയ ബ്ലാസ്‌റ്റേഴ്‌സ്‌

വെബ് ഡെസ്‌ക്‌Updated: Sunday Jan 19, 2020

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ എവേ ജേഴ്‌സിയിൽ മുഹമ്മദ്‌ റാകിപ്‌, സഹൽ അബ്‌ദുൽ സമദ്‌, ജെസ്സെൽ കർണെയ്‌റോ എന്നിവർ


ജംഷഡ്‌പുർ
തുടർച്ചയായ മൂന്നാംജയം തേടി കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ഇന്നിറങ്ങുന്നു. ജംഷഡ്‌പുർ എഫ്‌സിയാണ്‌ മുന്നിൽ. ഹൈദരാബാദിനെയും എടികെയും വീഴ്‌ത്തിയാണ്‌ ബ്ലാസ്‌റ്റേഴ്‌സിന്റെ വരവ്‌. 12 കളികളിൽനിന്ന്‌ മൂന്ന്‌ ജയമടക്കം 14 പോയിന്റ്‌, ഏഴാമത്‌. ഇന്ന്‌ ജയിച്ചാൽ പട്ടികയിൽ മുന്നേറാം. പ്ലേ ഓഫ്‌ സാധ്യതകൾ സജീവമാക്കാം. രാത്രി 7.30ന്‌ ജംഷഡ്‌പുരിന്റെ തട്ടകത്തിലാണ്‌ കളി.

പുതിയ ബ്ലാസ്‌റ്റേഴ്‌സിനെയാണ്‌ കഴിഞ്ഞ കളികളിൽ കണ്ടത്‌. ജയിക്കാനുള്ള ഊർജം വീണ്ടെടുത്തു എൽകോ ഷട്ടോരിയുടെ സംഘം. കളത്തിൽ ഒരുമ വന്നു. തന്ത്രങ്ങൾ കൃത്യമായി നടപ്പാക്കി. ഇതോടെ ജയവും വന്നു. പരിക്കിന്റെ തലവേദനയും ഏറെ മാറി. എടികെയ്‌ക്കെതിരെ ഹാളിചരൺ നർസാരിയുടെ മിന്നും ഗോളിലായിരുന്നു ജയം. ടീമിൽ ഏറെ മാറ്റങ്ങൾ ഉണ്ടാകില്ലെന്നാണ്‌ സൂചന. റാഫേൽ മെസി ബൗളിയും ബർതലോമേവ്‌ ഒഗ്‌ബെച്ചെയും തന്നെയാകും മുന്നേറ്റത്തിൽ.

കറുപ്പ്‌ നിറത്തിലുള്ള എവേ ജഴ്‌സിയണിഞ്ഞാകും ബ്ലാസ്‌റ്റേഴ്‌സ്‌ ഇറങ്ങുക. 25ന്‌ ഗോവയിലും ഇതാകും വേഷം. 13 പോയിന്റുള്ള ജംഷഡ്‌പുർ എട്ടാമതാണ്‌.


പ്രധാന വാർത്തകൾ
 Top