22 February Saturday
അണ്ടർ 19 ക്രിക്കറ്റ്‌ ലോകകപ്പ്‌

അഞ്ചാം കിരീടത്തിന്‌ ഇന്ത്യ

വെബ് ഡെസ്‌ക്‌Updated: Sunday Jan 19, 2020

പോർട്ട്‌ എലിസബത്ത്‌
മുഹമ്മദ്‌ കെയ്‌ഫ്‌ (2000), വിരാട്‌ കോഹ്‌ലി (2008), ഉൻമുക്ത്‌ ചന്ദ്‌ (2012), പ്രിഥ്വി ഷാ (2018) എന്നിവരുടെ പിൻഗാമിയാകുകയാണ്‌ പ്രിയം ഗാർഗിന്റെ സ്വപ്‌നം. അണ്ടർ 19 ലോകകപ്പ്‌ ക്രിക്കറ്റിൽ ഇന്ത്യ ഇന്ന്‌ ശ്രീലങ്കയെ നേരിടും. ഇന്ത്യ നിലവിലെ ചാമ്പ്യൻമാരാണ്‌. പകൽ 1.30ന്‌ സ്‌റ്റാർ സ്‌പോർട്‌സിൽ തത്സമയം കാണാം.

അഞ്ചാം കിരീടം ലക്ഷ്യമിടുന്ന ഗാർഗിനും കൂട്ടുകാർക്കും തുടക്കത്തിൽ വലിയ വെല്ലുവിളികളുണ്ടാകില്ല. ഇന്ത്യയുടെ ഗ്രൂപ്പിൽ ജപ്പാൻ, ന്യൂസിലൻഡ്‌ എന്നിവയാണ്‌ മറ്റ്‌ ടീമുകൾ.  പ്രിയം ഗാർഗാണ്‌ ഇന്ത്യയെ നയിക്കുന്നത്‌.

2018, 2012, 2008, 2000 വർഷങ്ങളിൽ ജേതാക്കളായപ്പോൾ 2006ലും 2016ലും റണ്ണറപ്പായി. 1988ൽ ആരംഭിച്ച ലോകകപ്പിൽ 56 കളികൾ ജയിച്ചു. വിജയ ശതമാനം 76.3. കരുത്തുറ്റ ബാറ്റിങ്നിരയാണ്‌ ഇന്ത്യയുടേത്‌. യശസ്വി ജെയസ്‌വാളും ദിവ്യാൻഷ്‌ സക്‌സേനയുമാണ്‌ ഓപ്പണർമാർ. മൂന്നാം നമ്പറിൽ തിലക്‌ വർമ. പിന്നാലെ ക്യാപ്‌റ്റൻ ഗാർഗും വിക്കറ്റ്‌ കീപ്പർ ധ്രുവ്‌ ജൂറലും. പന്തെറിയാൻ ശുഭാംഗ്‌ ഹെഗ്‌ഡേയും അഥർവ അങ്കൊലേക്കറുമുണ്ട്‌.

ലോകകപ്പിന്‌ മുന്നോടിയായുള്ള ടൂർണമെന്റിൽ ദക്ഷിണാഫ്രിക്ക, സിംബാബ്‌വേ, ന്യൂസിലൻഡ്‌ ടീമുകളെ തോൽപ്പിച്ചു. പരിശീലന മത്സരത്തിൽ അഫ്‌ഗാനിസ്ഥാനെയും സിംബാബ്‌വേയെയും കീഴടക്കി.


പ്രധാന വാർത്തകൾ
 Top