18 February Monday

ജൈത്രയാത്ര

വെബ് ഡെസ്‌ക്‌Updated: Saturday Jan 19, 2019

മെൽബൺ
ഓസ‌്ട്രേലിയൻ മണ്ണിലെ പര്യടനം ഇന്ത്യ ഗംഭീരമായി പൂർത്തിയാക്കി. ടെസ‌്റ്റ‌് പരമ്പരയ‌്ക്കു പിന്നാലെ ഏകദിനത്തിലും വിരാട‌് കോഹ‌്‌ലിയും സംഘവും വെന്നിക്കൊടി നാട്ടി. മെൽബണിൽ നടന്ന മൂന്നാം ഏകദിനത്തിൽ ഏഴ‌് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. പരമ്പര 2–-1ന‌് ഇന്ത്യക്ക‌്. മെൽബണിൽ പോരാട്ടം കടുത്തതായിരുന്നു.  231 റൺ ലക്ഷ്യം നാല‌് പന്ത‌് ശേഷിക്കെ ഇന്ത്യ മറികടന്നു. മഹേന്ദ്രസിങ‌് ധോണിയുടെ മിടുക്കിലായിരുന്നു ഇന്ത്യയുടെ ജയം. ധോണി 114 പന്തിൽ 87 റണ്ണുമായി പുറത്താകാതെനിന്നു. ഏറെനാളുകൾക്കുശേഷം അവസരം കിട്ടിയ കേദാർ ജാദവിന്റെ (57 പന്തിൽ 61*) തകർപ്പൻ പ്രകടനവും തുണയായി. ആദ്യം ബാറ്റ‌്ചെയ‌്ത ഓസീസിനെ 48.4 ഓവറിൽ 230ന‌് ഇന്ത്യ പുറത്താക്കി. പരമ്പരയിൽ ആദ്യമായി അവസരം കിട്ടിയ യുശ‌്‌വേന്ദ്ര ചഹാൽ ഓസീസിനെ കറക്കിവീഴ‌്ത്തി. ആറ‌് വിക്കറ്റാണ‌് ചഹാൽ നേടിയത‌്. കളിയിലെ താരവും ചഹാൽതന്നെ. പരമ്പരയുടെ താരമായത‌് ധോണി. മൂന്ന‌് അരസെഞ്ചുറികളാണ‌് മുൻനായകൻ പരമ്പരയിൽ നേടിയത‌്. സ‌്കോർ: ഓസ‌്ട്രേലിയ 230 (48.4); ഇന്ത്യ 3–-234 (49.2).
റണ്ണൊഴുകിയ ആദ്യ രണ്ട‌് കളികൾക്കുശേഷം ബൗളർമാർക്ക‌് കിട്ടിയ വേദിയായിരുന്നു മെൽബൺ. വേഗക്കുറവ‌ുകൊണ്ട‌് പിച്ച‌് ബൗളർമാരെ സഹായിച്ചു. മഴകാരണം കളി വൈകിയാണ‌് തുടങ്ങിയത‌്.

ചെറിയ ലക്ഷ്യത്തിലേക്ക‌് കരുതലോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. ആദ്യ പത്തോവറിൽ വെറും 26 റൺ. മിച്ചെൽ സ‌്റ്റാർകും ജോഷ‌് ഹാസെൽവുഡും പാറ്റ‌് കമ്മിൻസും ഉൾപ്പെട്ട പേസ‌് ത്രയമില്ലാതെ പരമ്പരയ‌്ക്കിറങ്ങിയ ഓസീസ‌്, യുവ പേസർമാരെക്കൊണ്ട‌് കളി നിയന്ത്രിക്കുകയായിരുന്നു. ജൈ റിച്ചാർഡ‌്സനായിരുന്നു മിടുക്കൻ. കൂട്ടിന‌് ബിൽ സ‌്റ്റാൻലേക്കും. ഇന്ത്യൻ ഇന്നിങ‌്സിൽ ബൗണ്ടറികൾ അപൂർവമായി. രോഹിത‌് ശർമയും (17 പന്തിൽ 9), ശിഖർ ധവാനും (46 പന്തിൽ 23) പിച്ചിന്റെ സ്വഭാവം മനസ്സിലാക്കാതെ മടങ്ങി. ഒട്ടും എളുപ്പമായിരുന്നില്ല‌ ബാറ്റിങ‌്. ക്യാപ‌്റ്റൻ വിരാട‌് കോഹ‌്‌ലിക്കുപോലും സ്വതസിദ്ധമായ ശൈലിയിൽ ബാറ്റ‌് വീശാനായില്ല. ധോണിയും തുടക്കത്തിൽ പരിഭ്രമിച്ചു. ഓസീസ‌് ഫീൽഡർമാരുടെ ചോരുന്ന കൈകളാണ‌് രക്ഷയായത‌്. കോഹ‌്‌ലിയുടെ ക്യാച്ചും ഒരു റണ്ണൗട്ട‌് അവസരവും ഓസീസുകാർ പാഴാക്കി. ധോണിയെ ആദ്യ പന്തിൽത്തന്നെ മടക്കാനുള്ള അവസരം നഷ്ടമാക്കി. മാർകസ‌് സ‌്റ്റോയിനിസിന്റെ പന്ത‌് കട്ട‌് ചെയ്യാനുള്ള ധോണിയുടെ ശ്രമം നേരെ ഗ്ലെൻ മാക‌്സ‌്‌വെലിന്റെ കൈകളിലാണ‌് എത്തിയത‌്. മാക‌്സ‌്‌വെൽ അത‌് താഴെയിട്ടു.

ധോണി–-കോഹ‌്‌ലി സഖ്യം 54 റണ്ണെടുത്തു. സ്കോർ 113ൽ നിൽക്കെ കോഹ‌്‌ലി (62 പന്തിൽ 42) റിച്ചാർഡ‌്സന്റെ പന്തിൽ പുറത്തായി. ജയത്തിന‌് 118 റണ്ണകലെയാണ‌് അപ്പോഴും ഇന്ത്യ. ശേഷിക്കുന്നത‌് 20 ഓവർ.ധോണിക്ക‌് ആശങ്കയില്ലായിരുന്നു. അവസാന അഞ്ചോവറിലേക്ക‌് കളി നീങ്ങിയപ്പോഴും റൺനിരക്ക‌് ഉയർന്നപ്പോഴും ധോണി പതറിയില്ല. തുടക്കത്തിൽ പരിഭ്രമിച്ച കേദാർ ജാദവ‌്‌ ധോണിയുടെ സാന്നിധ്യത്തിൽ കരുത്തുനേടി. 74 പന്തിൽ ധോണി ഏകദിനത്തിലെ 70–-ാം അരസെഞ്ചുറി പൂർത്തിയാക്കി. നാലാം വിക്കറ്റിൽ പിറന്നത‌് 121 റൺ.
അവസാന അഞ്ചോവറിൽ 44 റണ്ണായിരുന്നു ലക്ഷ്യം. പീറ്റർ സിഡിലിനെയും സ‌്റ്റോയ‌്നിസിനെയും ജാദവും ധോണിയും കടന്നാക്രമിച്ചു. ആശങ്കകൾ മാറി. സ‌്റ്റോയ‌ിനസ‌് എറിഞ്ഞ അവസാന ഓവറിന്റെ രണ്ടാംപന്ത‌് ബൗണ്ടറിയിലേക്ക‌് പായിച്ച‌് ജാദവ‌് ലക്ഷ്യംകുറിച്ചു. ഓസീസ‌് മണ്ണിൽ ഇരു ടീമുകളും തമ്മിലുള്ള പരമ്പര ആദ്യമായി ഇന്ത്യ സ്വന്തമാക്കുകയും ചെയ‌്തു.

പത്തോവറിൽ 46 റൺ വഴങ്ങി ആറ‌ു വിക്കറ്റെടുത്ത ചഹാലാണ‌് ഓസീസ‌് ബാറ്റിങ‌്നിരയെ നിലംപരിശാക്കിയത‌്. ടോസ‌്നേടി ആതിഥേയരെ ബാറ്റിങ്ങിനയച്ച വിരാട‌് കോഹ‌്‌ലിയുടെ തീരുമാനം ഉചിതമെന്നത‌് തെളിയിക്കുന്നതായിരുന്നു ഇന്ത്യൻ ബൗളർമാരുടെ പ്രകടനം. രണ്ട‌ു കളിയിൽ പുറത്തിരുന്നതിന്റെ മടുപ്പ‌് ഒറ്റക്കളികൊണ്ട‌് ചഹാൽ മാറ്റിയെടുത്തു.
മെൽബണിൽനിന്ന‌് മൂന്ന‌ു മാറ്റങ്ങളോടെയാണ‌് പരമ്പര പിടിക്കാനുള്ള സൂപ്പർ ഫൈനലിന‌് ഇന്ത്യ ഇറങ്ങിയത‌്. അമ്പാട്ടി റായുഡുവിനു പകരം കേദാർ ജാദവും മുഹമ്മദ‌് സിറാജിന‌ു പകരം വിജയ‌് ശങ്കറും കുൽദീപ‌് യാദവിന‌് പകരക്കാരനായി ചഹാലും കളത്തിലിറങ്ങി. ഓസീസ‌് നിരയിൽ 63 പന്തിൽ 58 റണ്ണെടുത്ത പീറ്റർ ഹാൻഡ‌്സ‌്കോമ്പ‌് മാത്രമേ പൊരുതിയുള്ളൂ. ചഹാലിനെ കൂടാതെ രണ്ട‌ുവീതം വിക്കറ്റുമായി ഭുവനേശ്വർകുമാറും മുഹമ്മദ‌് ഷമിയും ഇന്ത്യൻനിരയിൽ തിളങ്ങി.

ഇനി ന്യൂസിലൻഡുമായുള്ള പരമ്പരയാണ‌് ഇന്ത്യക്ക‌്. അഞ്ച‌ുമത്സര ഏകദിന പരമ്പരയ‌്ക്ക‌് 23ന‌് തുടക്കമാകും. മൂന്ന‌് ട്വന്റി–-20കളും പരമ്പരയിലുണ്ട‌്.


പ്രധാന വാർത്തകൾ
 Top