29 July Thursday

ലിവർപൂളിനെ തളച്ച്‌ എവർട്ടൺ

വെബ് ഡെസ്‌ക്‌Updated: Sunday Oct 18, 2020

ലണ്ടൻ
നാട്ടങ്കത്തിൽ ലിവർപൂളിനെ കുരുക്കി എവർട്ടൺ. ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ ഫുട്‌ബോളിൽ ഡൊമിനിക്‌ കാൽവെർട്ട്‌ ലെവിന്റെ ഗോളിലാണ്‌ എവർട്ടൺ ലിവർപൂളിനെ തളച്ചത്‌ (2–-2). രണ്ടുവട്ടം പിറകിൽനിന്നശേഷമാണ്‌ കാർലോ ആഞ്ചെലോട്ടിയുടെ സംഘം ചെറുത്തുനിന്നത്‌. പരിക്കുസമയം ജോർദാൻ ഹെൻഡേഴ്‌സൺ എവർട്ടൺ വലകുലുക്കിയെങ്കിലും വാർ കാത്തു. സമനില എവർട്ടണെ ഒന്നാംസ്ഥാനത്ത്‌ നിലനിർത്തി. അഞ്ച്‌ കളികളിൽ 13 പോയിന്റായി അവർക്ക്‌.
മറ്റൊരു കളിയിൽ ചെൽസിയെ സതാംപ്‌ടൺ തളച്ചു (3–-3).

എവർട്ടണിന്റെ തട്ടകമായ ഗോഡിസൺ പാർക്കിൽ ഒപ്പത്തിനൊപ്പമായിരുന്നു ഇരുടീമുകളും. കോവിഡ്‌ മോചിതരായ സാദിയോ മാനെയും തിയാഗോ അലസാൻഡ്രയും ലിവർപൂൾ നിരയിൽ തിരികെയെത്തി. കഴിഞ്ഞ കളിയിൽ ആസ്റ്റൺ വില്ലയോടേറ്റ വൻതോൽവി മറക്കാനെത്തിയ യുർഗൻ ക്ലോപിനും കൂട്ടർക്കും തുടക്കം മികച്ചതായിരുന്നു.

മൂന്നാം മിനിറ്റിൽ മാനെ അവരെ മുന്നിലെത്തിച്ചു. എന്നാൽ, പ്രതിരോധക്കാരൻ വിർജിൽ വാൻഡിക്‌ എവർട്ടൺ ഗോളി ജോർദാൻ പിക്ക്‌ഫോർഡുമായി കൂട്ടിയിടിച്ച്‌ പരിക്കേറ്റ്‌ പുറത്തായത്‌ അവർക്ക്‌ തിരിച്ചടിയായി. ഭാഗ്യംകൊണ്ടാണ്‌ പിക്ക്‌ഫോർഡ്‌ ചുവപ്പുകാർഡിൽനിന്ന്‌ രക്ഷപ്പെട്ടത്‌.  ഒരുഗോളിന്‌ പിന്നിലായിട്ടും എവർട്ടൺ പതറിയില്ല. ഹാമേഷ്‌ റോഡ്രിഗസിന്റെ കോർണറിൽ തലവച്ച്‌ മൈക്കേൽ കീൻ അവരെ ഒപ്പമെത്തിച്ചു.

ലിവർപൂളിന്റെ കളിയിൽ ഒഴുക്കുണ്ടായിരുന്നില്ല. എവർട്ടണുമുന്നിൽ പലപ്പോഴും അവർ വിയർത്തു. ഇടവേള കഴിഞ്ഞ്‌ മുഹമ്മദ്‌ സലാ അവരെ മുമ്പിലെത്തിച്ചു. ഈജിപ്‌തുകാരന്റെ ലിവർപൂൾ കുപ്പായത്തിലെ നൂറാംഗോൾ. എന്നാൽ, സന്തോഷത്തിന്‌ അധികമായുസ്സുണ്ടായില്ല. എവർട്ടൺ കുതിപ്പിലെ പ്രധാനി കാൽവെർട്ട്‌ ലെവിൻ അവർക്ക്‌ അർഹിച്ച സമനില നൽകി. ഗംഭീര ഹെഡറിലൂടെ ഇംഗ്ലീഷുകാരൻ വലകണ്ടു. അതിശയിപ്പിക്കും വിധം വായുവിൽ ഉയർന്നുചാടിയായിരുന്നു മുന്നേറ്റക്കാരൻ ലീഗിലെ ഏഴാംഗോൾ കുറിച്ചത്‌. മാനെ ഓഫ്‌സൈഡായതാണ്‌ പരിക്കുസമയത്തെ ഹെൻഡേഴ്‌സന്റെ ഗോൾ വാർ നിഷേധിച്ചത്‌.

പരിക്കുസമയം പ്രതിരോധക്കാരൻ യാനിക്‌ വെസ്‌റ്റെർഗാഡ്‌ നേടിയ ഗോളിലാണ്‌ സതാംപ്‌ടൺ ചെൽസിയെ തളച്ചത്‌. ആദ്യ അരമണിക്കൂറിൽ രണ്ട്‌ ഗോളുകൾക്ക് മുന്നിലെത്തിയശേഷമായിരുന്നു ചെൽസി സമനില വഴങ്ങിയത്‌. ആറ്‌ ഗോളുകൾ വീണ കളിയിൽ ടിമോ വെർണെറുടെ ഇരട്ടഗോളിൽ ചെൽസി തുടക്കം മേധാവിത്വം കാട്ടി‌ ‌. എന്നാൽ, ഡാനി ഇംഗ്‌സിലൂടെയും ചെ ആദംസിലൂടെയും സതാംപ്‌ടൺ മറുപടി നൽകി.

രണ്ടുമിനിറ്റിനകം ചെൽസി ലീഡ്‌ തിരികെ പിടിച്ചു. മനോഹരമായ നീക്കത്തിനൊടുവിൽ കയ്‌ ഹവേർട്‌സ്‌ ലക്ഷ്യംകണ്ടു. വെർണെറാണ്‌ അവസരമൊരുക്കിയത്‌. കളി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കിയിരിക്കെയാണ്‌ വെസ്‌റ്റെർഗാഡ് സതാംപ്‌ടണിന്‌ സമനില ഒരുക്കിയത്‌. ഫ്രീകിക്കിൽനിന്ന്‌ തുടങ്ങിയ മുന്നേറ്റം ഗോളിൽ കലാശിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top