19 October Saturday

വീണിട്ടും വിനേഷ്‌ വെങ്കലത്തിന്‌

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2019

നൂർ സുൽത്താൻ (കസാഖ്‌സ്ഥാൻ)
ഇന്ത്യയുടെ ഏഷ്യൻ ഗെയിംസ്‌ സ്വർണക്കാരി വിനേഷ്‌ ഫോഗട്ടിന്‌ സ്വർണത്തിലേക്ക്‌ ഗുസ്‌തി പിടിക്കാനായില്ല. ലോക ഗുസ്‌തി ചാമ്പ്യൻഷിപ്പിൽ രണ്ടാം റൗണ്ടിൽ ജപ്പാന്റെ മയു മുകെയ്‌ഡയോട്‌ (7–-0) തോറ്റു. 53 കിലോ ഗ്രാം വിഭാഗത്തിൽ ആദ്യ റൗണ്ടിൽ അനായാസ ജയമായിരുന്നു. ഒളിമ്പിക്‌സ്‌ വെങ്കല മെഡൽ ജേത്രി സോഫിയ മാറ്റ്‌സണെയാണ്‌ ഇരുപത്തിയഞ്ചുകാരി അട്ടിമറിച്ചത്‌. ഏകപക്ഷീയ വിജയമായിരുന്നു (13–-0). രണ്ടാം റൗണ്ടിലെ തോൽവിയോടെ വിനേഷ്‌ റെപെഷെ റൗണ്ടിൽ മത്സരിക്കണം. ഇതിൽ മൂന്ന്‌ ഗുസ്‌തിക്കാരെ തോൽപ്പിച്ചാൽ വിനേഷിന്‌ വെങ്കല മെഡൽ ലഭിക്കും. 

രണ്ടെണ്ണം ജയിച്ചാൽ അടുത്തവർഷത്തെ ടോക്യോ ഒളിമ്പിക്‌സിന്‌ യോഗ്യത നേടാം. എന്നാൽ ഈ മത്സരങ്ങൾ എളുപ്പമല്ല. അമേരിക്കയുടെ സാറാ ഹിൽടെ ബ്രാൻഡ്‌, ഗ്രീസിന്റെ മരിയ പ്രെവോലറകി, ഉക്രൈൻ താരം യുലിയ ഖവാൽഡ്‌സി എന്നിവരാണ്‌ എതിരാളികൾ. 50 കിലോ വിഭാഗത്തിൽ സീമ ബിസ്‌ലയും വെങ്കലത്തിന്‌ പൊരുതണം. അസർബൈജാന്റെ മരിയ സ്‌റ്റാകനികിനോടാണ്‌ സീമ തോറ്റത്‌.

72 കിലോ വിഭാഗത്തിൽ കോമൾ ഗോലെയും 55 കിലോയിൽ ലളിതയും പുറത്തായി. വനിതാ ഫ്രീസ്‌റ്റൈലിൽ ഈ സീസണിലാണ്‌ വിനേഷ്‌ 50 കിലോയിൽനിന്നും 53 കിലോയിലേക്ക്‌ മാറിയത്‌. മാറിയശേഷമുള്ള അഞ്ച്‌ ചാമ്പ്യൻഷിപ്പുകളിൽ മൂന്നിലും സ്വർണം നേടാനായി. ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത്‌ ഗെയിംസിലും സ്വർണം നേടിയ വിനേഷിന്‌ ലോക ചാമ്പ്യൻഷിപ്പിലെ ആദ്യ സ്വർണക്കാരിയാകാൻ കഴിഞ്ഞില്ല.

പുരുഷവിഭാഗത്തിൽ സുശീൽകുമാറിലും ബജ്‌റങ്‌ പുനിയയിലുമാണ്‌ പ്രതീക്ഷ. ലോക ചാമ്പ്യൻഷിപ്പിലെ ഏക സ്വർണക്കാരനായ സുശീൽകുമാർ 74 കിലോയിലാണ്‌ മത്സരിക്കുന്നത്‌. പുനിയ 65 കിലോയിലും.


പ്രധാന വാർത്തകൾ
 Top