22 October Tuesday

ചാമ്പ്യൻസ്‌ ലീഗിൽ ഇന്ന്‌ വമ്പൻ പോരുകൾ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2019

യുവന്റസിലെ സഹതാരങ്ങൾക്കൊപ്പം ക്രിസ്റ്റ്യാനോ റൊണാൾഡോ പരിശീലനത്തിൽ


പാരീസ്‌
ചാമ്പ്യൻസ്‌ ലീഗിൽ ഇന്ന്‌ പൊടിപാറും പോരാട്ടം. പതിമൂന്നു തവണ ചാമ്പ്യൻമാരായ റയൽ മാഡ്രിഡ്‌ ഫ്രഞ്ച്‌ ചാമ്പ്യൻമാരായ പിഎസ്‌ജിയെയും ക്രിസ്‌റ്റ്യാനോ റൊണാൾഡോയുടെ യുവന്റസ്‌ അത്‌ലറ്റികോ മാഡ്രിഡിനെയും നേരിടും. മാഞ്ചസ്റ്റർ സിറ്റിക്ക്‌ ഷാക്‌തറും ബയേൺ മ്യൂണിക്കിന്‌ ക്രെവ്‌ന സ്വെസ്‌ദയുമാണ്‌ എതിരാളി. നിലവിലെ റണ്ണേഴ്‌സപ്പായ ടോട്ടനം ഹോട്‌സ്‌പർ ഒളിമ്പ്യാകോസുമായും ഏറ്റുമുട്ടും.

ചാമ്പ്യൻസ്‌ ലീഗിലെ എക്കാലത്തെയും മികച്ച ടീമായ റയലിന്‌ പഴയ വീര്യം ഒട്ടുമില്ല. കഴിഞ്ഞ സീസണിൽ മങ്ങിയ ടീം ഇത്തവണയും മികച്ച കളി പുറത്തെടുത്തിട്ടില്ല. ലീഗിൽ റയലിന്‌ ഹാട്രിക്‌ കിരീടം നേടിക്കൊടുത്ത പരിശീലകൻ സിനദിൻ സിദാന്റെ മടങ്ങിവരവിലാണ്‌ റയലിന്‌ പ്രതീക്ഷ. ക്യാപ്‌റ്റൻ സെർജിയോ റാമോസും നാച്ചോയും സസ്‌പെൻഷനിലാണ്‌. പ്രതിരോധത്തിൽ ബ്രസീലുകാരൻ മാഴ്‌സെലോയും മധ്യനിരയിൽ ലൂക്കാ മോഡ്രിച്ചും പരിക്കിന്റെ പിടിയിലാണ്‌. എങ്കിലും ഏദെൻ ഹസാർഡും ഹാമേഷ്‌ റോഡ്രിഗസുമടങ്ങുന്ന റയലിന്‌ വിജയ പ്രതീക്ഷയാണുള്ളത്‌.

അവസാന മൂന്നു സീസണിലും പ്രീ ക്വാർട്ടറിൽ പുറത്തായ പിഎസ്‌ജി ഇത്തവണയും കച്ചമുറുക്കിയാണ്‌ എത്തുന്നത്‌. മുന്നേറ്റനിരയിൽ കിലിയൻ എംബാപ്പെയ്‌ക്കും എഡിൻസൺ കവാനിക്കും പരിക്കുകാരണം കളി നഷ്ടമാകുന്നത്‌ അവരെ ക്ഷീണിപ്പിക്കും. നെയ്‌മറിനാകട്ടെ വിലക്കാണ്‌. എങ്കിലും നിസ്സാരക്കാരല്ല പിഎസ്‌ജി. സ്വന്തം തട്ടകത്തിൽ റയലിനെ മുട്ടുകുത്തിക്കാമെന്ന കണക്കുകൂട്ടലിലാണ്‌ അവർ. റയലിൽനിന്ന്‌ ഈ സീണിൽ ടീമിലെത്തിയ ഗോൾകീപ്പർ കെയ്‌ലർ നവാസ്‌ പിഎസ്‌ജിയുടെ ഗോൾവല കാക്കും.

ചാമ്പ്യൻസ്‌ ലീഗിൽ ഇരുടീമുകളും എട്ടു തവണയാണ്‌ മുഖാമുഖമെത്തിയത്‌. നാലിലും ജയം റയലിനൊപ്പമായിരുന്നു. രണ്ടെണ്ണം പിഎസ്‌ജി ജയിച്ചു. മറ്റു രണ്ടെണ്ണം സമനിലയിലും.
കഴിഞ്ഞ സീസണിലെ പ്രീ ക്വാർട്ടർ പോരിന്റെ തനിയാവർത്തനമാണ്‌ ഗ്രൂപ്പ്‌ ഡിയിലെ യുവന്റസ്‌‐അത്‌ലറ്റികോ പോര്‌. അന്ന്‌ റൊണാൾഡോയുടെ മികവിൽ യുവന്റസ്‌ മുന്നേറി.

അത്‌ലറ്റികോയുടെ തട്ടകത്തിൽ നടക്കുന്ന മത്സരത്തിൽ റൊണാൾഡോയിലാണ്‌ യുവന്റസിന്റെ പ്രതീക്ഷ മുഴുവൻ. ചാമ്പ്യൻസ്‌ ലീഗിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനാണ്‌ ഈ പോർച്ചുഗീസുകാരൻ. അത്‌ലറ്റികോയ്‌ക്കാകട്ടെ റൊണാൾഡോയ്‌ക്കുള്ള മറുമരുന്ന്‌ മറ്റൊരു പോർച്ചുഗീസുകാരനാണ്‌. കൗമാരക്കാരൻ ജോവാവേ ഫെലിക്‌സ്‌. മുമ്പ്‌ ഇരുടീമുകളും നാലുതവണ ഏറ്റുമുട്ടിയപ്പോൾ രണ്ടിലും ജയം അത്‌ലറ്റികോയ്‌ക്കായിരുന്നു. ഒരു കളി സമനിലയായപ്പോൾ ഒന്നിൽ യുവന്റസ്‌ ജയിച്ചു.
താരതമ്യേന ദുർബലരായ എതിരാളികൾക്കു മുന്നിൽ മികച്ച ജയം കുറിച്ച്‌ ഒരുക്കം ഗംഭീരമാക്കാനാണ്‌ സിറ്റിയും ബയേണും ടോട്ടനവും ഇറങ്ങുന്നത്‌.


പ്രധാന വാർത്തകൾ
 Top