21 October Monday

വിജയം വാതിലിൽ മുട്ടിയപ്പോൾ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2019

ഇസ്രത്തും പരിശീലകൻ ലൂയിസും


ന്യൂഡൽഹി
കശ്‌മീരിലെ ബാരാമുള്ളയിലെ ബംഗ്‌ദാര ഗ്രാമം. ജനങ്ങളിപ്പോഴും സംഘർഷ ഭീതിയിലാണ്‌. അവിടെയുള്ള ഒരു കൊച്ചുവീട്ടിൽ വാതിലിൽ മുട്ടുകേട്ടാണ്‌ അബ്‌ദുൽ റഷീദ്‌ മിർ എഴുന്നേറ്റത്‌. വാതിൽ തുറന്നപ്പോൾ പേടിച്ചുപോയി. മുറ്റത്ത്‌ സൈനികർ. ഒരു ഫോട്ടോ കാണിച്ച്‌ അവർ ചോദിച്ചു. ഇത്‌ നിങ്ങളുടെ മകളാണോ? ഒരു നിമിഷം പരിഭ്രമിച്ചുപോയ റഷീദ്‌ പതുക്കെ പറഞ്ഞു, അതേ. ഉത്തരംകേട്ട്‌ സൈനികർ പൊട്ടിച്ചിരിച്ചു. ‘പേടിക്കേണ്ട, നിങ്ങളുടെ  മകളെ ഇന്ത്യൻ ടീമിലെടുത്തു. അഭിനന്ദനങ്ങൾ’. ഒരുനിമിഷംകൊണ്ട്‌ ഭീതി ആഹ്ലാദത്തിന്‌ വഴിമാറി.

ആശയവിനിമയത്തിന്‌ വിലക്ക്‌ തുടരുന്ന കശ്‌മീരിൽ നിന്നാണ്‌ ഈ കഥ. ഫോണും ഇന്റർനെറ്റ്‌ സൗകര്യങ്ങളും ഇല്ലാത്തതിനാൽ ഇന്ത്യൻ ടീമിലെടുത്ത വിവരം കായികതാരത്തെ അറിയിക്കാനാകാത്ത അവസ്ഥ. ഇസ്രത്ത്‌ അക്‌തർ എന്ന ഇരുപത്തിനാലുകാരി തായ്‌ലൻഡിൽ നടക്കുന്ന ഏഷ്യ–-ഓഷ്യാനിയ വീൽചെയർ ബാസ്‌കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു. ഇക്കാര്യം ഇസ്രത്തിനെ അറിയിക്കണം. ചെന്നൈയിലെ പരിശീലന ക്യാമ്പിൽ ഉടനെത്താൻ പറയണം. ഫോണുകളും മറ്റ്‌ ആശയവിനിമയ സംവിധാനങ്ങളും പ്രവർത്തിക്കുന്നില്ല.

അതിനിടെ മുൻ നേവി ഓഫീസറായ പരിശീലകൻ ലൂയിസ്‌ ജോർജും സ്‌കൂൾ സഹപാഠിയായ മുൻ കേണൽ ഇസൻ ഹോമറും നടത്തിയ ഫോൺ സംഭാഷണമാണ്‌ വഴിത്തിരിവായത്‌. ഇവരുടെ സൗഹൃദ സംഭാഷണത്തിൽ കശ്‌മീരും കടന്നുവന്നു. അപ്പോൾ ലൂയിസ്‌ ജോർജ്‌ ഇസ്രാന്റെ കാര്യം പറഞ്ഞു. ഒരു ഫോട്ടോ തരാനായിരുന്നു മുൻ ഇന്റലിജന്റ്‌സ്‌ ബ്യൂറോ ഉദ്യോഗസ്ഥൻകൂടിയായ ഇസൻ ഹോമറുടെ പ്രതികരണം. ഫോട്ടോ കൊടുത്തു. വിലാസം കൃത്യമല്ല. ഇസൻ തന്റെ ബന്ധങ്ങൾ ഉപയോഗിച്ച്‌  ജമ്മുകശ്‌മീർ പൊലീസിസും സൈന്യത്തിനും വിവരവും ഫോട്ടോയും കൈമാറി.

പിന്നീട്‌ നടന്നതെല്ലാം അവിശ്വസനീയം. ഒറ്റ പകൽകൊണ്ട്‌ സൈനികർ ഇസ്രത്തിന്റെ വീട്‌ കണ്ടെത്തി. പിറ്റേന്ന്‌ സൈന്യത്തിന്റെ അകമ്പടിയോടെ ശ്രീനഗർ വിമാനത്താവളത്തിലേക്കും അവിടെനിന്ന്‌  ചെന്നൈയിലേക്കും പറന്നു. സൈന്യം വീട്ടിലെത്തിയപ്പോൾ പേടിച്ചെന്ന്‌ ഇസ്രത്ത്‌ പറഞ്ഞു. ‘കശ്‌മീരിലെ അന്തരീക്ഷം അങ്ങനെയാണ്‌. എന്നാൽ കാര്യമറിഞ്ഞപ്പോൾ സന്തോഷമായി. പിന്നെ സൈന്യം ഏറ്റെടുത്തു. അവർ എന്നെ സുരക്ഷിതമായി ഇവിടെ എത്തിച്ചു’.

2016ൽ അപകടത്തിൽപ്പെട്ടാണ്‌ ഇസ്രത്തിന്റെ നട്ടെല്ലിന്‌ പരിക്കേറ്റത്‌. എട്ടുമാസം പൂർണമായും കിടക്കയിൽ. ജീവിതത്തിലേക്ക്‌ തിരിച്ചുവരണമെന്ന്‌ അതിയായ മോഹം. ശ്രീനഗറിലെ മെഡികെയർ സൊസൈറ്റിയുമായി ബന്ധപ്പെട്ട്‌ പ്രവർത്തനം തുടങ്ങി. അവിടെനിന്നാണ്‌ വീൽചെയർ ബാസ്‌കറ്റ്‌ബോൾ പരിചയിച്ചെടുത്തത്‌.


പ്രധാന വാർത്തകൾ
 Top