25 August Sunday

ശ്രീശങ്കർ പറയുന്നു, സ്വപ‌്നം കണ്ടോളൂ

ബിജോ ടോമിUpdated: Thursday Jul 18, 2019

യൂറോപ്യൻ മീറ്റുകളിൽ ലഭിച്ച മെഡലണിഞ്ഞ്‌ ശ്രീശങ്കർ ഒപ്പം മാതാപിതാക്കളായ മുരളിയും ബിജിമോളും ഫോേട്ടാ: സുമേഷ്‌ കോടിയത്ത്‌



പാലക്കാട‌്
ടോക്കിയോ‌ ഒളിമ്പിക‌്സിന‌് ഒരുവർഷം ബാക്കി. സ്വപ‌്നം കാണാനാണ‌് ശ്രീശങ്കർ പറയുന്നത‌്. സെക്കൻഡിന്റെ നൂറിലൊരംശത്തിന‌് മെഡൽ നഷ‌്ടപ്പെട്ട നാട‌്  കാത്തിരിക്കാൻ തയ്യാറാണ‌്; പാലക്കാട്ടുകാരനായ  എം  ശ്രീശങ്കറിന്റെ  ചാട്ടത്തിന‌്. മുന്നൊരുക്കത്തിന്റെ ഭാഗമായുള്ള യൂറോപ്യൻ പര്യടനം കഴിഞ്ഞ‌് വീട്ടിലെത്തിയതേയുള്ളൂ ഈ ഇരുപതുകാരൻ.

ഒരു മാസത്തിനിടയിൽ നാലു സ്വർണമുൾപ്പെടെ അഞ്ച‌് രാജ്യാന്തര മെഡലുകളാണ‌് ശ്രീശങ്കർ ലോങ്‌ജമ്പിൽ നേടിയത‌്. 2020ലെ ടോക്കിയോ ഒളിമ്പിക‌്സിനു മുന്നോടിയായി കൂടുതൽ അനുഭവസമ്പത്തും പരിശീലനവും ലക്ഷ്യമിട്ടുള്ള   യൂറോപ്യൻ പര്യടനത്തിൽ നേടിയ മൂന്നു മെഡലുകൾ ഉൾപ്പെടെയാണ‌ിത‌്. യൂറോപ്യൻ പര്യടനം ഒളിമ്പിക‌്സ‌് തയ്യാറെടുപ്പുകൾക്ക‌്  ഏറെ പ്രയോജനം ചെയ‌്തതായി ശ്രീശങ്കർ പറഞ്ഞു.  ‘‘അവിടത്തെ ഭക്ഷണം, കാലാവസ്ഥ, സാഹചര്യങ്ങൾ എല്ലാം മനസ്സിലാക്കാനായി. ലോകനിലവാരത്തിലുള്ള താരങ്ങളുമൊത്തുള്ള മത്സരപരിചയം പ്രകടനം കൂടുതൽ മെച്ചപ്പെടുത്താൻ സാധിക്കും. രാജ്യത്തിനു പുറത്തു നടക്കുന്ന മത്സരങ്ങളിൽ കാലാവസ്ഥയും ഭക്ഷണവും പ്രകടനത്തെ സാരമായി ബാധിക്കാറുണ്ട‌്. വിദേശ മത്സര പരിചയങ്ങളിലൂടെയേ ഇതിനെ മറികടക്കാനാകൂ’’–- ശ്രീശങ്കർ പറഞ്ഞു. 

സെപ്തംബറിൽ ദോഹയിൽ  നടക്കുന്ന ലോക ചാമ്പ്യൻഷിപ്പാണ‌് മുന്നിലുള്ള ആദ്യ വെല്ലുവിളി. അതിനുമുമ്പ‌് ഇന്ത്യൻ ഗ്രാൻ പ്രി മീറ്റിലും ആഗസ്തിൽ ലഖ‌്നൗവിൽ നടക്കുന്ന ദേശീയ ഇന്റർ സ‌്റ്റേറ്റ‌് അത്‌ലറ്റിക‌് മീറ്റിലും പങ്കെടുക്കും. ഈ വർഷം ഒരു യൂറോപ്യൻ മീറ്റിൽക്കൂടി പങ്കെടുത്തേക്കും. ലോങ‌്ജമ്പിൽ 8.22 മീറ്ററാണ‌് ഒളിമ്പിക‌്സ‌് യോഗ്യത നേടുന്നതിനുള്ള ദൂരം. ഇതിന‌് 2020 ജൂലൈവരെ സമയമുണ്ട‌്. യോഗ്യത മാർക്ക‌് മറികടന്നില്ലെങ്കിലും ഗ്രേഡിങ‌് സമ്പ്രദായത്തിലൂടെ യോഗ്യത നേടാം. പരിക്കുകൾ വലച്ചില്ലെങ്കിൽ 99 ശതമാനവും യോഗ്യത ഉറപ്പാണെന്ന‌് ശ്രീശങ്കർ പറഞ്ഞു.

കഴിഞ്ഞവർഷം ലോങ്ജമ്പിൽ ലോക ജൂനിയർ റാങ്കിങ്ങിൽ ഒന്നാമനായി. കോമൺവെൽത്ത് ജൂനിയർ റെക്കോർഡിനുടമയാണ‌്. ലോങ്ജമ്പിലെ ഒട്ടുമിക്ക ദേശീയ റെക്കോർഡുകളും സ്വന്തം പേരിൽ. 8. 20 മീറ്ററാണ‌് ദേശീയ റെക്കോർഡിട്ട ദൂരം. കഴിഞ്ഞ ലണ്ടൻ ഒളിമ്പിക‌്സിൽ വെള്ളി നേടിയ ഓസ‌്ട്രേലിയയുടെ മിച്ചൽ വാട്ടിന്റെ ദൂരം 8.16 മീറ്ററാണ‌്. വെങ്കലം നേടിയ അമേരിക്കയുടെ വില്ലി ക്ലേ മറികടന്നത‌് 8.12 മീറ്റർ.

സാഫ് ഗെയിംസിൽ ട്രിപ്പിൾ ജമ്പിൽ വെള്ളി മെഡൽ നേടിയ അച്ഛൻ എസ് മുരളിയുടെ കീഴിൽ പാലക്കാട്ടെ ഗവ. മെഡിക്കൽ കോളേജ‌് മൈതാനത്താണ‌് പരിശീലനം. 800 മീറ്റർ ഓട്ടത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച കെ എസ് ബിജിമോളാണ‌് അമ്മ. പഠനത്തിൽ മിടുക്കനായ ശ്രീശങ്കർ എംബിബിഎസ‌് വേണ്ടെന്നു വച്ചാണ‌് അത‌്‌ലറ്റിക‌്സിൽ ചുവടുറപ്പിച്ചത‌്. പാലക്കാട‌് ഗവ. വിക‌്ടോറിയ കോളേജിലെ രണ്ടാം വർഷ ബിഎസ‌്സി മാത‌്സ‌് വിദ്യാർഥിയാണ‌്.  സഹോദരി ശ്രീപാർവതി കേന്ദ്രീയ വിദ്യാലയങ്ങളുടെ ദേശീയ മീറ്റിൽ ലോങ്‌ജമ്പിലും ട്രിപ്പിൾജമ്പിലും സ്വർണം നേടിയിട്ടുണ്ട‌്.


പ്രധാന വാർത്തകൾ
 Top