08 August Saturday

സ്‌പാനിഷ്‌ ഫുട്‌ബോൾ ലീഗ്‌ : ജയം തുടർന്ന്‌ ബാഴ്‌സ

വെബ് ഡെസ്‌ക്‌Updated: Thursday Jun 18, 2020

ലയണൽ മെസി

നൗകാമ്പ്‌
സ്‌പാനിഷ്‌ ഫുട്‌ബോൾ ലീഗിൽ ജയം തുടർന്ന്‌ ബാഴ്‌സലോണ. ലെഗനെസിനെ രണ്ട്‌ ഗോളുകൾക്ക്‌ കീഴടക്കി. ജയത്തോടെ പട്ടികയിൽ അഞ്ച്‌ പോയിന്റ്‌ ലീഡായി ബാഴ്‌സയ്‌ക്ക്‌. 29 കളികളിൽ 64 പോയിന്റായി. റയൽ മാഡ്രിഡിന്‌ 59 പോയിന്റാണ്‌. റയൽ‌ ഇന്ന്‌ വലെൻസിയയെ നേരിടും. കൗമാരക്കാരൻ അൻസു ഫാറ്റിയും ലയണൽ മെസിയുമാണ്‌ ബാഴ്‌സയുടെ ഗോളുകൾ നേടിയത്‌.

സ്വന്തം തട്ടകത്തിൽ താളത്തോടെയായിരുന്നില്ല ബാഴ്‌സയുടെ കളി. പ്രതിരോധത്തിലും മധ്യനിരയിലും വിള്ളലുകളുണ്ടായി. പരിക്കിന്റെ പിടിയിലായ ഫ്രെങ്ക്‌ ഡിയോങ്ങിന്റെ അഭാവം മധ്യനിരയിൽ നിഴലിച്ചു. ഫാറ്റിയെ കൂടാതെ യുവതാരം ജൂനിയർ ഫിർപ്പോയെയും അണിനിരത്തിയാണ്‌ കിക്വെ സെതിയെൻ ബാഴ്‌സയെ ഇറക്കിയത്‌. ഇടതുവശം ഫിർപോ മികച്ചുനിന്നു. പ്രതിരോധം കനപ്പിച്ചായിരുന്നു ലെഗനെസ്‌ ബാഴ്‌സയെ നേരിട്ടത്‌. ശാരീരികമായുള്ള അവരുടെ ചെറുത്തുനിൽപ്പിൽ മെസിയടക്കം ബാഴ്‌സ മുന്നേറ്റക്കാർ നിരന്തരം ഫൗൾ ചെയ്യപ്പെട്ടു. അപൂർവമായി കിട്ടിയ പ്രത്യാക്രമണങ്ങളിൽ ബാഴ്‌സയെ പരീക്ഷിക്കുകയും ചെയ്‌തു അവർ. ക്ലെമന്റ്‌ ലാങ്‌ലെന്റിനും പിക്വെയ്‌ക്കും പലപ്പോഴും പിഴച്ചു. അപ്പോഴെല്ലാം ഗോൾകീപ്പർ മാർക്‌ ആന്ദ്രേ ടെർസ്‌റ്റെയ്‌ഗൻ രക്ഷകനായി.

ഇടവേളയ്‌ക്ക്‌ മുമ്പായിരുന്നു ഫാറ്റി ബാഴ്‌സയെ മുന്നിലെത്തിച്ചത്‌. ഫിർപോയുടെ പിന്നിൽനിന്നുള്ള ക്രോസ്‌ പിടിച്ചെടുത്ത്‌ പതിനാറുകാരൻ സീസണിലെ അഞ്ചാംഗോൾ കുറിച്ചു. രണ്ടാംപകുതി ബാഴ്‌സ മുന്നേറ്റം ഉണർന്നു. തുടർച്ചയായ മുന്നേറ്റങ്ങൾ. ലെഗനെസുകാർ പ്രതിരോധം കടുപ്പിച്ചു. പന്തുമായി മുന്നേറിയ മെസിയെ ബോക്‌സിൽ റൂബെൻ പെരെസ്‌ വീഴ്‌ത്തി. പെനൽറ്റി. മെസിക്ക്‌ പിഴച്ചില്ല. കളിജീവിതത്തിലെ 699–-ാം ഗോൾ. എഴുനൂറ്‌ എന്ന അക്കത്തിന്‌ ഒരു ഗോൾ അപ്പുറമാണ്‌ മെസി. ബാഴ്‌സയ്‌ക്കായി 629 ഗോളുകളും അർജന്റീനയ്‌ക്കായി 70 ഗോളുകളുമാണ്‌ മുപ്പത്തിരണ്ടുകാരൻ നേടിയത്‌.
നാളെ സെവിയ്യയുമായാണ്‌ ബാഴ്‌സയുടെ അടുത്ത കളി.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top