17 November Sunday

സിക‌്സർ മോർഗൻ ; 77 മിനിറ്റ്‌, 71 പന്ത്‌, 148 റൺ, 17 സിക്‌സർ, 4 ബൗണ്ടറി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 18, 2019

റഷീദ്‌ ഖാനെ സിക്‌സർ പായിക്കുന്ന മോർഗൻ

ഓൾഡ‌് ട്രഫോഡ‌്
എഴുപത്തേഴു മിനിറ്റാണ‌് ഇയോവിൻ മോർഗൻ കളത്തിലുണ്ടായത‌്. ആ സമയമത്രയും അ‌ഫ‌്ഗാനിസ്ഥാൻ ബൗളർമാർ ഒരുകിയൊലിച്ചു. 17 സിക‌്സറുകൾ, 4 ബൗണ്ടറികൾ. 71 പന്തിൽ 148 റൺ. പ്രഹരശേഷി 208. 47–-ാം ഓവറിന്റെ അവസാന പന്തിൽ കളംവിടുമ്പോൾ മോർഗന്റെ സ‌്കോർ വിശേഷണം ഇതായിരുന്നു.

നേടിയതിൽ 102 റണ്ണും സിക‌്സറുകൾ കൊണ്ട‌്. 57 പന്തിൽ മൂന്നക്കം കണ്ടു. മൂന്നാമനായി ക്രീസിലെത്തുമ്പോൾ 45 റണ്ണുമായി ജോ റൂട്ടായിരുന്നു ക്രീസിൽ. റൂട്ടിനെ കാഴ‌്ചക്കാരനാക്കി മോർഗൻ തകർത്തടിച്ചു. മോർഗനും ജോണി ബെയർ‌സ‌്റ്റോയും (99 പന്തിൽ 90) റൂട്ടും (82 പന്തിൽ 88) മൊയീൻ അലിയും (9 പന്തിൽ 31) ചേർന്ന‌് അഫ‌്ഗാനെ നിലംപരിശാക്കി അടിച്ചുകൂട്ടിയത‌് 6–-397 റൺ. അഫ‌്ഗാന്റെ ചെറുത്തുനിൽപ്പ്‌ എട്ടിന്‌ 247ൽ അവസാനിച്ചു. ഇംഗ്ലണ്ടിന്‌ 150 റൺ ജയം. മോർഗനാണ്‌ കളിയിലെ കേമൻ. ജയത്തോടെ പോയിന്റ്‌ പട്ടികയിൽ ഇംഗ്ലണ്ട്‌ ഒന്നാമതായി.

കരുത്തിന്റെ ഇന്നിങ‌്സായിരുന്നു ഇംഗ്ലീഷ‌് ക്യാപ‌്റ്റന്റേത‌്. പരിക്ക‌് ആശങ്കകളെ മോർഗൻ ഓൾഡ‌് ട്രഫോഡ‌് മൈതാനത്തിന്റെ പുറത്തേക്ക് പറത്തിക്കളഞ്ഞു. പന്തെടുത്തവർക്കെല്ലാം കണക്കിനുകിട്ടി. റഷീദ‌് ഖാനായിരുന്നു ഇര. ഏഴ‌് സിക‌്സറുകളാണ‌് മോർഗൻ മാത്രം പറത്തിയത‌്. ആകെ 11 എണ്ണം വഴങ്ങി ഈ ഇരുപതുകാരൻ. ഒമ്പത്‌ ഓവറിൽ വിട്ടുകൊടുത്തത‌് 110 റൺ.

ജാസൺ റോയിക്ക‌് പരിക്കേറ്റതിനെ തുടർന്ന‌് ബെയർസ‌്റ്റോയ‌്ക്കൊപ്പം ജെയിംസ‌് വിൻസെയാണ‌് ഇംഗ്ലണ്ട‌് ഇന്നിങ‌്സ‌് ആരംഭിച്ചത‌്. കരുതലോടെ ഇംഗ്ലണ്ട‌് തുടങ്ങി. 26 റണ്ണെടുത്ത വിൻസെയെ ദൗലത‌് സർദ്രാൻ പുറത്താക്കുമ്പോൾ ഒമ്പത‌് ഓവറിൽ 44 റണ്ണായിരുന്നു ഇംഗ്ലണ്ടിന‌്.റൂട്ടും ബെയർസ‌്റ്റോയും 15 ഓവറിനുശേഷമാണ‌് വേഗം കൂട്ടിയ‌ത‌്.

അഫ‌്ഗാന്റെ സ‌്പിന്നർമാർക്ക‌് മത്സരത്തിൽ ഒന്നും ചെയ്യാനായില്ല. മുഹമ്മദ‌് നബിയും റഷീദും മങ്ങി. മുജീബ‌് ഉർ റഹ‌്മാനും വിക്കറ്റെടുക്കാനായില്ല. സെഞ്ചുറിക്ക‌് പത്ത‌് റണ്ണകലെവച്ച‌് ബെയർസ‌്റ്റോയെ ഗുൽബദീൻ നയ‌്ബ‌് പുറത്താക്കിയപ്പോൾ അഫ‌്ഗാൻ ആശ്വസിച്ചു. എന്നാൽ, വരാനിരിക്കുന്ന അപകടത്തെക്കുറിച്ച‌് അവർ അറിഞ്ഞില്ല.

മോർഗൻ അഫ‌്ഗാൻ ബൗളിങ‌് നിരയിൽ നാശംവിതച്ചു. 30 ഓവറിൽ 2–-164 റണ്ണെന്ന നിലയിൽനിന്ന‌് അസ‌്ത്രവേഗത്തിൽ ഇംഗ്ലണ്ടിന്റെ റൺനിരക്കുയർന്നു. 400 റൺ ലക്ഷ്യമാക്കിയാണ‌് അവസാന പത്ത‌് ഓവറിൽ ഇംഗ്ലണ്ട‌് ബാറ്റ‌് ചെയ‌്തത‌്. മോർഗൻ മടങ്ങിയത‌് ചെറുതായി ബാധിച്ചു. എങ്കിലും ഒമ്പത‌് പന്തിൽ നാല‌് സിക‌്സറും ഒരു ബൗണ്ടറിയും പായിച്ച അലി ഇംഗ്ലണ്ടിനെ 400ന‌് അരികിലെത്തിച്ചു. ജോസ‌് ബട‌്‌ലർക്കും (2 പന്തിൽ 2) ബെൻ സ‌്റ്റോക‌്സിനും (6 പന്തിൽ 2) തിളങ്ങാനായില്ല.

മറുപടിക്കെത്തിയ അഫ്‌ഗാൻ വിക്കറ്റ്‌ കളയാതെ പിടിച്ചുനിന്നു. ഹഷ്‌മത്തുള്ള ഷാഹിദി (100 പന്തിൽ 76), അസ്‌ഗർ അഫ്‌ഗാൻ (48 പന്തിൽ 44), റഹ്‌മത്‌ ഷാ (74 പന്തിൽ 46) എന്നിവർ പൊരുതി. മത്സരത്തിൽ ആകെ 33 സിക്‌സറുകളാണ്‌ പിറന്നത്‌.  25 സിക്‌സർ ഇംഗ്ലണ്ടും എട്ടെണ്ണം അഫ്‌ഗാനും പറത്തി. ലോകകപ്പിൽ റെക്കോഡാണിത്‌.


പ്രധാന വാർത്തകൾ
 Top