20 August Tuesday

അനായാസം ബാഴ‌്സ

വെബ് ഡെസ്‌ക്‌Updated: Thursday Apr 18, 2019


നൗകാമ്പ്‌
ലയണൽ മെസിയുടെ മുന്നിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്‌ വീണു. രണ്ട്‌ ഗോളുകൾ നേടി കളം വാണ മെസിയുടെ മികവിൽ ബാഴ്‌സലോണ ചാമ്പ്യൻസ്‌ ലീഗ്‌ സെമിയിൽ. രണ്ടാംപാദ ക്വാർട്ടറിൽ യുണൈറ്റഡിനെ മൂന്ന്‌ ഗോളുകൾക്ക്‌ തോൽപ്പിച്ചു. ആദ്യപാദത്തിൽ ബാഴ്‌സ ഒരുഗോളിന്‌ ജയിച്ചിരുന്നു. ഇരുപാദങ്ങളിലുമായി നാല്‌ ഗോളുകൾക്ക്‌ ആധികാരികമായാണ്‌ ബാഴ്‌സയുടെ സെമിപ്രവേശം. 2015ന‌് ശേഷം ആദ്യമായാണ്‌ ബാഴ്‌സ സെമിയിലിടം കണ്ടെത്തുന്നത്‌. ആറ്‌ വർഷത്തിനുശേഷം മെസി ചാമ്പ്യൻസ്‌ ലീഗ്‌ ക്വാർട്ടറിൽ ഗോൾ കണ്ടെത്തി. മറ്റൊരു ഗോൾ ഫലിപെ കുടീന്യോ നേടി.

അഞ്ച‌് വർഷങ്ങൾക്കിപ്പുറം ചാമ്പ്യൻസ്‌ ലീഗ്‌ ക്വാർട്ടർ കളിക്കാനെത്തിയ യുണൈറ്റഡ്‌ പാടെ മങ്ങി. കളി തുടങ്ങിയത്‌ യുണൈറ്റഡിന്റെ നീക്കത്തോടെയാണ്‌.  ഒരു മിനിറ്റ്‌ തികയുംമുമ്പേ മർക്‌സ്‌ റാഷ്‌ഫഡുതിർത്ത പന്ത്‌ പോസ്റ്റിൽ തട്ടി മടങ്ങി. ബാഴ്‌സ പ്രതിരോധം ഒന്നു പിടഞ്ഞു. പ്രത്യാക്രമണങ്ങളിലൂടെ കളി പിടിക്കാനായിരുന്നു ഒലേ ഗുണ്ണാർ സോൾചെയറിന്റെ തന്ത്രം. കളി തുടങ്ങി നിമിഷങ്ങൾക്കകം അത്‌ പാളി. ബാഴ്‌സ കളി മുറുക്കി. മധ്യനിരയിൽ സെർജിയോ ബുസ്‌ക്വറ്റ്‌സ്‌ നിയന്ത്രണം ഏറ്റെടുത്തു. ബോക്‌സിൽ ഇവാൻ റാകിടിച്ചിനെ ഫ്രെഡ്‌ വീഴ്‌ത്തി. റഫറി പെനൽറ്റി വിധിച്ചു. വാർ തിരുത്തി. യുണൈറ്റഡ്‌ രക്ഷപ്പെട്ടു. പക്ഷേ ആയുസ‌് കുറവായിരുന്നു. ആഷ്‌ലി യങ്ങിൽനിന്ന്‌ പന്ത്‌ പിടിച്ചെടുത്ത്‌ മെസിയുടെ മുന്നേറ്റം. തടയാൻ വന്ന ക്രിസ്‌ സ്‌മോളിങ്ങിനെയും കടന്നു. ബോക്‌സിന്റെ വക്കിനുമുന്നിൽനിന്ന്‌ ഇടംകാൽകൊണ്ട്‌ പന്തുതിർത്തു. ബാഴ്‌സ 1–-യുണൈറ്റഡ്‌ 0.

ഗോളി ഡേവിഡ്‌ ഡെഗെയയുടെ പിഴവ്‌ ബാഴ്‌സയ്‌ക്ക്‌ രണ്ടാംഗോൾ സമ്മാനിച്ചു. മെസി തൊടുത്ത  ദുർബലമായ പന്ത്‌ തടയാൻനിന്ന ഡെഗെയ പരാജയപ്പെട്ടു.  
സ്വന്തം തട്ടകത്തിൽ ബാഴ്‌സ കളം നിറഞ്ഞു കളിച്ചു. വൺടച്ച്‌ പാസുകളുമായി ബാഴ്‌സ മുന്നേറി. മത്സരത്തിൽ 66% പന്തും കാലിൽ വച്ചു. 13 തവണ പന്തുകൾ പായിച്ചു. യുണൈറ്റഡ്‌ പോസ്റ്റിലേക്കുതിർത്ത ആറ്‌ പന്തുകളിൽ പാതിയും വലയിലെത്തി. രണ്ടാംപകുതിയിലും ബാഴ്‌സ തന്നെ മുന്നിൽ. മധ്യനിരയിൽ ബുസ്‌ക്വറ്റ്‌സും പിന്നിൽ ജോർഡി ആൽബയും ചേർന്ന്‌ യുണൈറ്റഡ്‌ അക്രമങ്ങളെ തുരുത്തി.

ഫിലിപെ കുടീന്യോയുടെ ഊ‌ഴമായിരുന്നു അടുത്തത്‌. ആൽബ കൈമാറിയ പന്ത്‌ പോസ്റ്റിന്റെ  25 വാര അകലെനിന്ന്‌ കുടീന്യോ വലയിലേക്ക്‌ പായിച്ചു. ഒന്നാന്തരം ഗോൾ. ബാഴ്‌സ മുന്നേറ്റത്തിൽ അധ്വാനിച്ചുകളിച്ചു കുടീന്യോ.

മാഞ്ചസ്റ്റർ നിരയിൽ പോൾ പോഗ്‌ബ മങ്ങി. പ്രതിരോധക്കാരൻ ഫിൽ ജോൺസ്‌ മാത്രമാണ്‌ മിന്നിയത്‌. റാഷ്‌ഫഡിന്‌ പകരം റൊമേലു ലൂക്കാക്കു എത്തിയെങ്കിലും കളി മാറിയില്ല. ബാഴ്‌സ പരിശീലകൻ ഏണസ്‌റ്റോ വാൽവർദെ ആർതറിന്‌ പകരം അർട്യൂറോ വിദാലിനെയും കുടീന്യോയ്‌ക്ക്‌ പകരം ഉസ്‌മാൻ ഡെംബെലെയെയും കളത്തിലിറക്കി.

സീസണിൽ ആകെ കളിച്ച 42 കളികളിൽ മെസിക്ക്‌ 45 ഗോളുകളായി. ലിവർപൂളോ പോർട്ടോയോ ആയിരിക്കും സെമിയിൽ ബാഴ്‌സയുടെ എതിരാളികൾ.

 


പ്രധാന വാർത്തകൾ
 Top