16 February Saturday

കൃഷ്‌ണഗിരിയിൽ നവ കേരള നിർമിതി

വെബ് ഡെസ്‌ക്‌Updated: Friday Jan 18, 2019

അഞ്ച്‌ വിക്കറ്റ്‌ വീഴ്‌ത്തിയ ബേസിൽ തമ്പിയെ കൂട്ടുകാർ അഭിന്ദനിക്കുന്നു


കൃഷ‌്ണഗിരി
വയനാടൻ കാറ്റിന‌് പാടിനടക്കാൻ ഇനി മറ്റൊരു വീരഗാഥ കൂടി. ദേശീയ ക്രിക്കറ്റിൽ ഇതുവരെ ഒതുങ്ങിനിന്ന കേരളം കൃഷ‌്ണഗിരിയിൽ കൊടുങ്കാറ്റായി വീശി. പാരമ്പര്യത്തിന്റെ വമ്പുമായെത്തിയ ഗുജറാത്തിനെ വിറപ്പിച്ചുവീഴ‌്ത്തി, ദേശീയ ക്രിക്കറ്റിന്റെ വലിയ മൈതാനത്തേക്ക‌് കേരളംു ഉശിരോടെ കാൽവച്ചു.

ഏതൊരു വിക്കറ്റും ഇളക്കിവീഴ‌്ത്താനുള്ള പേസ‌് പടയുണ്ട‌്. പടപൊരുതാനൊരു വീറുള്ള ക്യാപ‌്റ്റനുണ്ട‌്. തന്ത്രങ്ങളുടെ മർമമ്മറിയുന്ന പരിശീലകനുണ്ട‌്. എല്ലാത്തിനുമപ്പുറം പോരാട്ടവീര്യം നിറയുന്ന ഒരു കൂട്ടായ‌്മയുണ്ട‌്. ഇനി സെമിയിലേക്കാണ‌്. അവിടെ മിക്കവാറും വിദർഭയായിരിക്കും. കേരളം ആത്മവിശ്വാസത്തിലാണ‌്. മൂന്നാംദിനം കൃഷ‌്ണഗിരി പിരിമുറുക്കത്തിലായിരുന്നു. പിച്ച‌് പേസർമാരുടേതാണെങ്കിലും ഗുജറാത്തിന്റെ ബാറ്റിങ‌് നിരയുടെ ആഴം കേരളത്തിന‌് നേരിയ ആശങ്കയുണ്ടാക്കി. 195 റണ്ണാണ‌് അവരുടെ ലക്ഷ്യം. മൂന്ന‌് ദിവസം തികച്ചുമുണ്ട‌്. ബാറ്റിനും പന്തിനും ഇടയിൽ കേരളം ജയത്തിനായി തന്ത്രങ്ങളൊരുക്കി.

ആറാമത്തെ ഓവറിലെ ആദ്യ പന്ത‌്. ബേസിൽ തമ്പിയുടെ വലംകൈയിൽനിന്ന‌് അസ‌്ത്രവേഗത്തിൽ അത‌് പുറപ്പെട്ടു. കതൻ പട്ടേൽ (5) പ്രതിരോധിക്കാൻ നോക്കി. മൂളിപ്പറന്ന പന്ത‌് കതന്റെ കുറ്റിയും പിഴുതു കടന്നുപോയി.  ഗുജറാത്തിന്റെ സ‌്കോർ 1–- 9. അതേ ഓവറിന്റെ അവസാന പന്ത‌്. പി കെ പഞ്ചാൽ ക്രീസിൽ. ബേസിൽ ഒരുങ്ങി. വിക്കറ്റിലേക്ക‌്തന്നെ ലക്ഷ്യമാക്കി പന്ത‌് പാഞ്ഞു. പഞ്ചാൽ (3) കാൽവച്ചു. അമ്പയർ വിരലുയർത്തി. സ‌്കോർ 2–-10.

ഗുജറാത്ത‌് നായകൻ പാർഥിവ‌് പട്ടേലെത്തി. ഇന്ത്യയുടെ ടെസ‌്റ്റ‌് ടീം താരം. വിദേശ പിച്ചുകളിൽ കളിച്ച‌് പരിചയമുള്ള ബാറ്റ‌്സ‌്മാൻ. കളിയുടെ ഗതി നിർണയിക്കുന്ന ഘട്ടമാണ‌് കൺമുന്നിലെന്ന‌് കേരള ക്യാപ‌്റ്റൻ സച്ചിൻ ബേബി കണക്കുകൂട്ടി. സന്ദീപ‌് വാര്യരാണ‌് പന്തെറിഞ്ഞത‌്. നേരിട്ട ആദ്യ പന്ത‌് പാർഥിവ‌് മിഡ‌് ഓണിലേക്ക‌് തട്ടിയിട്ടു. ക്രീസ‌് വിട്ട‌് ഓടി. പന്ത‌് സച്ചിന്റെ കൈയിൽ. ഇതാണ‌് അവസരമെന്ന‌് ക്യാപ‌്റ്റന്റെ മനസ‌് മന്ത്രിച്ചു. പാർഥിവിന്റെ ബാറ്റ‌് വര തൊടുംമുമ്പ‌് സച്ചിന്റെ ഏറ‌് വിക്കറ്റിൽ എത്തി. സ‌്കോർ 3–-11. ആ വിക്കറ്റിൽ കേരളം ഇരട്ടിവീര്യം നേടി. അടുത്ത ഓവറിൽ ആർ എച്ച‌് ഭട്ടിനെ (0) സന്ദീപും മടക്കിയതോടെ കളി കേരളത്തിന്റെ കൈയിൽ ഭദ്രമായി. സ‌്കോർ 4–-18.

ബേസിൽ തമ്പിയും സന്ദീപ‌് വാര്യരും തൊടുത്ത അമ്പുകളേറ്റ‌്  ഗുജറാത്ത‌് കൃഷ‌്ണഗിരിയിൽ പിടഞ്ഞുവീഴുകയായിരുന്നു. അഞ്ചാം വിക്കറ്റിൽ ധ്രുവ‌് റാവലും രാഹുൽ ഷായുംമാത്രമാണ‌് ചെറുത്തുനിൽപ്പിന‌് ശ്രമിച്ചത‌്. സ‌്കോർ 50 കടത്തി. ഈ കൂട്ടുകെട്ട‌് ഭീഷണിയായി വളരുംമുമ്പ‌് ബേസിൽ വീണ്ടുമെത്തി. ധ്രുവിനെ (17) വിക്കറ്റ‌് കീപ്പർ മുഹമ്മദ‌് അസ‌്ഹറുദ്ദീന്റെ കൈളിലെത്തിച്ചാണ‌് ബേസിൽ ഓവർ അവസാനിപ്പിച്ചത‌്. സ‌്കോർ 5–-57.

വാലറ്റം ചടങ്ങുകൾ പൂർത്തിയാക്കാൻ വേണ്ടി മാത്രം ക്രീസിലെത്തി. ഒരറ്റത്ത‌് രാഹുൽ ഷാ (33*) പിടിച്ചുനിന്നെങ്കിലും ഒരാളുടെയും പിന്തുണ കിട്ടിയില്ല. മുൻ ഇന്ത്യൻ താരങ്ങളായ അക‌്സർ പട്ടേലും (2) പീയുഷ‌് ചൗളയും (4) സന്ദീപിന്റെ മികവിനു മുന്നിൽ നമിച്ചു.  ഒടുവിൽ അർസാൻ നഗ്വസ്വല്ലയെ (4) പി രാഹുലിന്റെ കൈകളിലെത്തിച്ച‌് സന്ദീപ‌് കേരളത്തിന്റെ ചരിത്രനിമിഷം കുറിച്ചു.  മൂന്നാംദിനം 31.3 ഓവറിൽ കളി തീർന്നു. ഉച്ചഭക്ഷണത്തിന‌് മുമ്പുതന്നെ കേരളം വിജയമധുരം നുണഞ്ഞു.

ബേസിലും സന്ദീപും നയിച്ച യുദ്ധം
കൃഷ‌്ണഗിരി

ഈ വിജയം കേരളത്തിന്റെ  പേസർമാർക്ക‌്. സീസണിൽ പൊതുവെയും ക്വാർട്ടറിൽ പ്രത്യേകിച്ചും പേസർമാർ സ്ഥിരതയും ആക്രമണോത്സുകതയും പ്രകടിപ്പിച്ചാണ‌് പന്തെറിഞ്ഞത‌്. സന്ദീപ‌്‌വാര്യരും ബേസിൽ തമ്പിയും നിധീഷും ചേർന്ന ഫാസ‌്റ്റ‌് ബൗളിങ‌് പട ഈ സീസണിൽ മാത്രം നേടിയത‌് 86 വിക്കറ്റാണ‌്. സന്ദീപ‌് 39 വിക്കറ്റുമായി മുന്നിൽനിന്നു നയിച്ചപ്പോൾ 33 വിക്കറ്റുമായി ബേസിലും 14 വിക്കറ്റുമായി നിധീഷും രഞ‌്ജിയിലെ ഏറ്റവും മികച്ച ഫാസ‌്റ്റ‌്ബൗളിങ‌്നിര കേരളത്തിന്റേതാണെന്ന‌് തെളിയിച്ചു.

ഗുജാറാത്തിനെതിരെയുള്ള മത്സരത്തിൽ സ‌്പിന്നർമാരെ   പന്ത‌്‌ ഏൽപ്പിക്കേണ്ടിവന്നില്ല.  രണ്ടിന്നിങ്ങ‌്സിലുമായി 19 വിക്കറ്റുകളാണ‌് പേസ‌്പട സ്വന്തമാക്കിയത‌്. ഗുജറാത്തിന്റെ ആദ്യ ഇന്നിങ്സിൽ സന്ദീപ‌് നാലും ബേസിലും നിധീഷും മൂന്നുവീതവും വിക്കറ്റ‌് നേടിയപ്പോൾ രണ്ടാം ഇന്നിങ്സിൽ ബേസിൽ അഞ്ചും സന്ദീപ‌് നാലും വിക്കറ്റ‌്നേടി.  ഏത‌ു ബൗളിങ്ങിനെയും പിച്ചിച്ചീന്തുന്ന പാർഥിവ‌് പട്ടേൽ, പി കെ പഞ്ചാൽ, കഥൻ പട്ടേൽ എന്നിവരെയും അക‌്സർ പട്ടേൽ, പീയൂഷ‌് ചൗള എന്നിവരടക്കമുള്ള ഓൾറൗണ്ടർമാരെയുമാണ‌് കേരള ബൗളർമാർ വരച്ചവരയിൽ നിർത്തിയത‌്. അക‌്സർ പട്ടേൽ, പീയൂഷ‌് ചൗള, പാർഥിവ‌് എന്നിവരുടെ  ദേശീയകുപ്പായത്തിലെ മത്സരപരിചയം കേരളത്തെ ഭയപ്പെടുത്തിയില്ല. 

കൃത്യവും വേഗവും പാലിച്ചാണ‌് ബൗളർമാർ കളംവാണത‌്. ആദ്യദിനം ഗുജറാത്തിന‌ു മുന്നിൽ ചുരുങ്ങിയ സ‌്കോറിന‌് പുറത്തായപ്പോൾ കേരളം തീർന്നെന്ന‌ു കരുതിയവർക്ക‌് ചുട്ടമറുപടി നൽകിയാണ‌് 23 റണ്ണിന്റെ നിർണായക ലീഡ‌് ഒന്നാം ഇന്നിങ്സിൽ നേടിയത‌്.

    കളിച്ചതിൽ ബൗളർമാർക്ക‌്  ഇത്രയും അനൂകുലമായ പിച്ച‌് ഇന്ത്യയിൽ അപൂർവമാണെന്ന‌് സന്ദീപ‌്‌വാര്യർ പറഞ്ഞു.  ബാറ്റ‌്സ‌്മാൻമാർക്ക‌് ക്ഷമയോടെ കളിക്കാൻ സാധിക്കുമായിരുന്നില്ല. കഴിഞ്ഞ രണ്ട‌ുവർഷം ബൗളിങ്ങിന‌് മൂർച്ചയേകാൻ കഠിനശ്രമം നടത്തി. അത‌് ഫലംകണ്ടതിൽ സന്തോഷമുണ്ട‌്. പ്രത്യേക പദ്ധതിയൊന്നും തയ്യാറാക്കിയിരുന്നില്ലെങ്കിലും പരമാവധി മെയ‌്ഡൻ ഓവറുകൾ എറിയാനാണ‌് ശ്രമിച്ചതെന്നും സന്ദീപ‌് പറഞ്ഞു.

എംആർഎഫ‌് ഫൗണ്ടേഷനിൽനിന്നു ലഭിച്ച പരിശീലനം ഏറെ ഗുണം നൽകിയതായി മാൻ ഓഫ‌് ദ മാച്ചായ ബേസിൽ തമ്പി പറഞ്ഞു. കൃഷ‌്ണഗിരിയിലെ പിച്ചും അന്തരീക്ഷവും സീം ബൗളിങ്ങിനെ തുണയ‌്ക്കുന്നതായിരുന്നു. വിക്കറ്റ‌് ടു വിക്കറ്റ‌് ബൗളിങ്ങിന‌്  പ്രാധാന്യം നൽകിയാണ‌് പന്തെറിഞ്ഞത‌്. പരിക്കേറ്റ കൈയുമായി ടീമിനായി ക്രീസിൽ ഇറങ്ങിയ സഞ‌്ജു ടീമിന‌് നൽകിയ പ്രചോദനം ഉൾക്കൊണ്ടാണ‌് പന്തെറിഞ്ഞത‌്.  പരിശീലകൻ വാട്ട‌്മോറിന്റെ നിർദേശങ്ങളും ഊർജസ്വലതയും ക്യാപ‌്റ്റൻ സച്ചിന്റെ ഇടപെടലുകളും ക്രീസിൽ ആത്മവിശ്വാസം പകർന്നു. വിദർഭ മികച്ച ടീമാണെങ്കിലും മികച്ച ബൗളിങ്ങിലൂടെ  മറികടക്കാൻ കഴിയുമെന്ന പ്രതീക്ഷയും ബേസിൽ പ്രകടിപ്പിച്ചു.


പ്രധാന വാർത്തകൾ
 Top