06 December Friday

എന്തൊരു ചാട്ടം ! ആൻസി 6.24

ആനന്ദ്‌ ശിവൻUpdated: Sunday Nov 17, 2019

സീനിയർ പെൺകുട്ടികളുടെ ലോങ്‌ജന്പിൽ നാട്ടിക ഗവ. ഫിഷറീസ‌് എച്ച‌്എസ‌്എസിലെ ആൻസി സോജൻ റെക്കോഡോടെ സ്വർണം നേടുന്നു \ ഫോട്ടോ പി ദിലീപ്‌കുമാർ


കണ്ണൂർ
കാലുകളിൽ വറ്റാത്ത ഊർജവുമായി ജമ്പിങ‌് പിറ്റിൽ ആൻസി സോജൻ പറന്നിറങ്ങിയപ്പോൾ റെക്കോഡിന്റെ സ്വർണത്തിളക്കം. അവസാനമേളക്കിറങ്ങിയ രണ്ടുതാരങ്ങൾ ഇഞ്ചോടിഞ്ച‌് പൊരുതിയ സീനിയർ പെൺകുട്ടികളുടെ ലോങ‌്ജമ്പിൽ അവസാനശ്രമത്തിലായിരുന്നു ആൻസിയുടെ നേട്ടം. 6.24 മീറ്റർ ചാടി തൃശൂർ നാട്ടിക ഗവ. ഫിഷറ‌ീസ‌് എച്ച‌്എസ‌്എസിലെ ആൻസി സ്വർണം സ്വന്തമാക്കിയപ്പോൾ സബ‌്ജൂനിയർതലംമുതൽ എതിരാളിയും കഴിഞ്ഞമേളയിലെ ജേതാവുമായ മലപ്പുറം ഐഡിയൽ സ‌്കൂളിലെ പി എസ‌് പ്രഭാവതി 6.05 മീറ്റർ ചാടി രണ്ടാമതായി. കഴിഞ്ഞ ദേശീയ സ‌്കൂൾ മീറ്റിനിടെ കാലിനേറ്റ പരിക്കിൽനിന്ന‌് മോചിതയായി മത്സരിക്കാനിറങ്ങിയ പ്രഭാവതി മിന്നുന്ന പ്രകടനം പുറത്തെടുത്തു.

രണ്ടാംശ്രമത്തിൽ 6.05 മീറ്റർ ചാടി നിലവിലെ സംസ്ഥാന റെക്കോഡ‌് മറികടന്ന ആൻസിക്ക‌് പിന്നീടുള്ള മൂന്നുചാട്ടങ്ങളും പിഴച്ചു. രണ്ടാംശ്രമത്തിൽ 5.92 മീറ്റർ ചാടിയ പ്രഭാവതി അഞ്ചാം ശ്രമത്തിൽ 6.05 മീറ്റർ ചാടി ഒപ്പമെത്തി. അവസാനശ്രമത്തിൽ മുഴുവൻ കരുത്തും കാലുകളിൽ ആവാഹിച്ച‌് കുതിച്ചുയർന്ന ആൻസി പറന്നിറങ്ങിയത‌് 6.24 മീറ്റർ ദൂരത്തിൽ. 2012ൽ തിരുവനന്തപുരം സായിയുടെ ജെനിമോൾ ജോയ‌് സ്ഥാപിച്ച 5.91 മീറ്ററിന്റെ റെക്കോഡ‌് പഴങ്കഥ. ദേശീയ റെക്കോഡിനെക്കാൾ മികച്ചതാണ‌് ആൻസിയുടെ പ്രകടനം.

കഴിഞ്ഞ സംസ്ഥാനമേളയിൽ തന്നെ മൂന്നാംസ്ഥാനത്തേക്ക‌് പിന്തള്ളി ഒന്നാമതെത്തിയ പ്രഭാവതിയുടെ അവസാനശ്രമം പിഴച്ചതോടെ ആൻസിയുടെ മുഖത്ത‌് സുവർണശോഭ വിരിഞ്ഞു. നാട്ടിക സ‌്പോർട‌്സ‌് അക്കാദമിയിൽ വി വി സനോജിന്റെ കീഴിലാണ‌് പരിശീലനം. ഇനി 100 മീറ്റർ, 200 മീറ്റർ, 4x100 മീറ്റർ റിലേ ബാക്കി.
മേഴ‌്സി കുട്ടൻ അക്കാദമി താരം എറണാകുളം തേവര എസ‌്എച്ച‌് എച്ച‌്എസ‌്എസിലെ അനു മാത്യു 5.84 മീറ്റർ ചാടി വെങ്കലം നേടി.


പ്രധാന വാർത്തകൾ
 Top