13 December Friday

ലോങ‌്ജമ്പിൽ ജോസഫ് 7.59

ജിജോ ജോർജ്‌Updated: Sunday Nov 17, 2019


കണ്ണൂർ
ആദ്യസ്വർണത്തിന‌് റെക്കോഡ‌് തിളക്കം പകർന്ന‌് എറണാകുളം പനമ്പിള്ളി നഗർ സ‌്പോർട‌്സ‌് അക്കാദമി താരം ടി ജെ ജോസഫ‌്.  സീനിയർ ആൺകുട്ടികളുടെ ലോങ‌്ജമ്പിൽ രണ്ട‌് സായി താരങ്ങൾ ഉയർത്തിയ വെല്ലുവിളി മറികടന്ന‌് അവസാന ശ്രമത്തിൽ 7.59 മീറ്റർ ചാടിയാണ‌് ജോസഫ‌് റെക്കോഡ‌് തിരുത്തിയത‌്. 2014ൽ കോതമംഗലം മാർ ബേസിലിന്റെ കെ ജെ ജോഫിൻ കുറിച്ച 7.51 മീറ്ററിന്റെ റെക്കോഡാണ‌് ജോസഫ‌് പഴങ്കഥയാക്കിയത‌്.

ആറുശ്രമങ്ങളിൽ ഒന്നുപോലും പാഴാക്കാതെയായിരുന്നു  ജോസഫിന്റെ കുതിപ്പ‌്. വെള്ളിനേടിയ പി എൻ മെഹ‌്ഫിൽ ജാസിമും (7.32മീറ്റർ) വെങ്കലം നേടിയ ആർ സാജനും(7.27 മീറ്റർ) ഉയർത്തിയ വെല്ലുവിളി  അതിജീവിച്ച ജോസഫ‌് അഞ്ചാം ശ്രമത്തിൽ അതുവരെയുള്ള മികച്ച പ്രകടനവുമായി 7.43 മീറ്റർ ചാടി. ജില്ലാ മീറ്റിൽ 7.31 മീറ്റർ ചാടി മീറ്റ‌് റെക്കോഡിട്ട ജോസഫിന്റെ മികച്ച പ്രകടനം  അതായിരുന്നു. അവസാനശ്രമത്തിൽ 7.59 മീറ്റർ ചാടിയ ജോസഫ‌് സ്വർണത്തിനൊപ്പം റെക്കോഡും സ്വന്തം പേരിലെഴുതി.

ജൂനിയർ വിഭാഗത്തിൽ 2017ൽ വെങ്കലവും 2018ൽ വെള്ളിയും നേടിയിട്ടുണ്ട‌്. കഴിഞ്ഞ രണ്ടുവർഷവും ഖേലോ ഇന്ത്യ മേളയിൽ സ്വർണം നേടിയ സ‌്പ്രിന്റ‌്‌ റിലേ ടീമിലും ഉണ്ടായിരുന്നു. ചെറിയ അരീക്കാമല നെല്ലിക്കുറ്റി സ‌്കൂളിൽ ഏഴാംക്ലാസുവരെ പഠിച്ച ജോസഫിന്റെ ട്രാക്കിലെ മികവ‌് തിരിച്ചറിഞ്ഞ അധ്യാപകരാണ‌് ജി വി രാജയിലേക്ക‌് വഴിതുറന്നത‌്. 8, 9, 10 ക്ലാസുകളിൽ അവിടെ തുടർന്നു. പ്ലസ‌് വൺമുതലാണ‌് എറണാകുളത്തെത്തിയത‌്. പനമ്പിള്ളി നഗർ ഗവ. എച്ച‌്എസ‌്എസിൽ പ്ലസ‌്ടു ഹ്യുമാനിറ്റീസ‌് വിദ്യാർഥിയാണ‌്. സ‌്പോർട‌്സ‌് കൗൺസിൽ പരിശീലകൻ അനൂപ‌് ജോസഫിന്റെ കീഴിലാണ‌് പരിശീലനം.  

കണ്ണൂർ ചെറിയ അരീക്കാമലയിൽ മരംവെട്ടുതൊഴിലാളിയായ ജോൺ ജോസിന്റെയും ലീനയുടെയും മകനാണ‌്. നാട്ടിൽ മേളയെത്തിയിട്ടും മകന്റെ പ്രകടനം കാണാൻ മാതാപിതാക്കൾ എത്തിയില്ല. മാനസിക സമ്മർദം ഒഴിവാക്കാനാണ‌് ഇരുവരും വരാതിരുന്നതെന്ന‌് ജോസഫ‌് പറഞ്ഞു.


പ്രധാന വാർത്തകൾ
 Top