08 December Sunday
ഉഷക്കും മേഴ്‌സിക്കും നന്ദി

ഒറ്റലാപ്പിന്‌ പെൺവേഗം

അജിൻ ജി രാജ്‌Updated: Sunday Nov 17, 2019

സബ്‌ജൂനിയർ പെൺകുട്ടികളുടെ 400 മീറ്ററിൽ ഉഷ സ്‌കൂളിലെ ശാരിക സുനിൽകുമാർ റെക്കോഡോടെ സ്വർണത്തിലേക്ക്‌\ ഫോട്ടോ: സുമേഷ്‌ കോടിയത്ത്‌


കണ്ണൂർ
ഒറ്റലാപ്പ്‌ നിരാശപ്പെടുത്തിയില്ല. പെൺകുട്ടികളുടെ വിഭാഗത്തിൽ ഉശിരൻ പ്രകടനങ്ങൾ കണ്ടു. പി ടി ഉഷയുടെയും മേഴ്‌സി കുട്ടന്റെയും ശിഷ്യർ അരങ്ങുവാണു.
സബ്‌ജൂനിയർ വിഭാഗത്തിൽ ഉഷ സ്‌കൂളിന്റെ ശാരിക സുനിൽകുമാർ മീറ്റ് റെക്കോഡോടെ സ്വർണംനേടി.  സീനിയർ പെൺകുട്ടികളിൽ മേഴ്‌സി കുട്ടൻ അക്കാദമിയിലെ ഗൗരി നന്ദനയും മികച്ച പ്രകടനം പുറത്തെടുത്തു.

നാനൂറിൽ വി കെ വിസ്‌മയക്കും ജെസി ജോസഫിനും ജിസ്‌ന മാത്യുവിനുമെല്ലാം പിൻഗാമികളുണ്ടെന്ന്‌ തെളിയിക്കുന്നതാണ്‌ ഈ പ്രകടനം. സബ്‌ജൂനിയർ പെൺകുട്ടികളിൽ 59.55 സെക്കൻഡിൽ ശാരിക ഒന്നാമതെത്തി. 2015ൽ സി ചിത്ര കുറിച്ച 59.6 സെക്കൻഡ്‌ സമയത്തെ ശാരിക തിരുത്തി. ഉഷ സ്‌കൂളിലെതന്നെ മയൂഖ വിനോദ്‌ (1.00.33) വെള്ളി നേടി. കോതമംഗലം മാർ ബേസിൽ സ്‌കൂളിലെ ജോഷ്‌ന ജോർജിനാണ്‌ (1:03.23) വെങ്കലം. ജൂനിയർ പെൺകുട്ടികളിലും ആദ്യ രണ്ട്‌ സ്ഥാനം ഉഷ സ്‌കൂളിലെ കുട്ടികൾക്കാണ്‌. പ്രതിഭ വർഗീസ്‌ (57.06) സ്വർണവും എൽഗ തോമസ്‌ (57.64) വെള്ളിയും നേടി. പൂഞ്ഞാർ എസ്‌എംവി എച്ച്‌ എച്ച്‌ എസിലെ സാന്ദ്രമോൾ (57.72) വെങ്കലം സ്വന്തമാക്കി.

സീനിയർ പെൺകുട്ടികളിൽ മേഴ്‌സി കുട്ടൻ അക്കാദമിയിലെ ഗൗരി നന്ദനയ്‌ക്കാണ്‌ (55.98) സ്വർണം. അക്കാദമിയിലെതന്നെ എ എസ്‌ സാന്ദ്ര (57.08) രണ്ടാമതെത്തി. പുല്ലൂരാംപാറ സെന്റ്‌ ജോസഫ്‌ എച്ച്‌ എച്ച്‌ എസിലെ ട്രീസ മാത്യു (57.87) വെങ്കലം നേടി.  ജൂനിയർ വിഭാഗത്തിലെ മീറ്റ്‌ റെക്കോഡുകാരിയായിരുന്നു സാന്ദ്ര. അന്ന്‌ ഗൗരി രണ്ടാമതായി.

സബ്‌ജൂനിയർ ആൺകുട്ടികളിൽ തിരുവനന്തപുരം വെള്ളായണി ശ്രീ അയ്യൻകാളി സ്‌മാരക റസിഡൻഷ്യൽ സ്‌പോർട്‌സ്‌ സ്‌കൂളിന്റെ എം കെ വിഷ്‌ണു (53.82) ഒന്നാമതെത്തി. പാലക്കാട്‌ കല്ലടി സ്‌കൂളിലെ മണിപ്പുരുകാരൻ മൊയ്‌റാങ്‌തെം സഞ്ചോയാബ മീട്ടി (54.83) വെള്ളിയും വയനാട്‌ കാട്ടിക്കുളം ജി എച്ച്‌ എസ്‌ എസിലെ എ ബി വിമൽ (54.88) വെങ്കലവും സ്വന്തമാക്കി.

ജൂനിയർ ആൺകുട്ടികളിൽ ജി വി രാജ സ്‌പോർട്‌സ്‌ സ്‌കൂളിലെ എസ്‌ അക്ഷയ്‌(49.93) സ്വർണവും മാത്തൂർ സിഎഫ്‌ഡിവിഎച്ച്‌എച്ച്‌എസിലെ കെ അഭിജിത്‌ (50.33) വെള്ളിയും നേടി. വയനാട്‌ സിഎസ്‌എച്ചിലെ ടി ആർ ഷൈജുപ്രകാശ്‌ (50.64) വെങ്കലം സ്വന്തമാക്കി. പാലക്കാട്‌ ബി ഇഎം എച്ച്‌ എസ്‌എസിലെ എ രോഹിതിനാണ്‌ (49.29) സീനിയർ ആൺകുട്ടികളിൽ സ്വർണം. മാവേലിക്കര ബി എച്ച്‌ എച്ച്‌ എസ്‌ എസിലെ ആർ ഹരിശങ്കർ (49. 87) വെള്ളിയും മാർ ബേസിലിന്റെ അഭിഷേക്‌ മാത്യു (50.03) വെങ്കലവുമണിഞ്ഞു.


പ്രധാന വാർത്തകൾ
 Top