05 December Thursday

പ്രതീക്ഷയുടെ ട്രാക്കിൽ 3 റെക്കോഡുകൾ

പി സുരേശൻUpdated: Sunday Nov 17, 2019

സീനിയർ പെൺകുട്ടികളുടെ 400 മീറ്ററിൽ സ്വർണം നേടിയ ഗൗരിനന്ദനയും വെള്ളി നേടിയ സാന്ദ്രയും (മേഴ്‌സികുട്ടൻ അക്കാദമി)


കണ്ണൂർ
കത്തുന്ന വെയിലിൽ വാടാതെ മാങ്ങാട്ടുപറമ്പിലെ കണ്ണൂർ സർവകലാശാല സിന്തറ്റിക്‌ ട്രാക്കിൽ പുതുനാമ്പുകൾ വിടർന്നു. കായിക കേരളത്തിന്‌ പ്രതീക്ഷകളേകി കൗമാര പ്രതിഭകൾ ട്രാക്കിലും ഫീൽഡിലും മിന്നുന്ന പ്രകടനം കാഴ്‌ചവച്ചു. പുതിയ ട്രാക്കിൽ മികച്ച ദൂരവും വേഗവും സമയവും പിറവികൊണ്ടു. ആദ്യദിനം മൂന്ന്‌ മീറ്റ്‌ റെക്കോഡുകൾ പിറന്നു.

ആദ്യ ദിനം 18 ഇനങ്ങൾ പൂർത്തിയായപ്പോൾ ജില്ലകൾ തമ്മിൽ ഇഞ്ചോടിച്ച്‌ പോരാട്ടം. കിരീടം ആരുനേടുമെന്നറിയാൻ അവസാന മത്സരഫലംവരെ കാത്തിരിക്കേണ്ടി വരുമെന്ന വ്യക്തമായ സൂചനയാണ്‌ ആദ്യദിനം നൽകുന്നത്‌. 35 പോയിന്റുമായി പാലക്കാട്‌ ജില്ലയാണ്‌ മുന്നിൽ. 32 പോയിന്റുമായി എറണാകുളം കനത്ത വെല്ലുവിളി ഉയർത്തുന്നു. പെൺകുട്ടികളുടെ കരുത്തിൽ കോഴിക്കോടാണ്‌ മൂന്നാമത്‌(27).


 

ചാമ്പ്യൻ സ്‌കൂൾ ആരാകുമെന്നതും പ്രവചനാതീതമാകും. കോതമംഗലം മാർബേസിൽ സ്‌കൂൾ 12 പോയിന്റുമായി മുന്നിൽ നിൽക്കുമ്പോൾ തൊട്ടുപിന്നിലായി കല്ലടി എച്ച്‌എസ്‌എസ്‌ കൂമരംപുത്തൂരും കോഴിക്കോട്‌ പൂവമ്പായി എഎംഎച്ച്‌എസും തൊട്ടുപിന്നിൽ(11). നാട്ടിക ഗവ. ഫീഷറീസ്‌ സ്‌കൂളാണ്‌ മൂന്നാമത്‌(10).

സീനിയർ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ലോങ്‌ജമ്പിലാണ്‌ പുതിയ ദൂരം പിറന്നത്‌. എറണാകുളം പനമ്പിള്ളി നഗർ സ്‌പോർട്‌സ്‌ അക്കാദമിയിലെ ടി ജെ ജോസഫും (7.59 മീ.) നാട്ടിക ഗവ. ഫിഷറീസ്‌ എച്ച്‌എസ്‌എസിലെ ആൻസി സോജനും(6.24 മീ.) റെക്കോഡ്‌ ബുക്കിൽ പേര്‌ ചേർത്തു. പെൺകുട്ടികളുടെ വിഭാഗത്തിൽ വെള്ളി നേടിയ മലപ്പുറം കടകശേരി ഐഡിയൽ ഇംഗ്ലീഷ്‌ സ്‌കൂളിലെ പി എസ്‌ പ്രഭാവതിയും മീറ്റ്‌ റെക്കോഡിനേക്കാൾ മികച്ച പ്രകടനം നടത്തി (6.05മീ.).

സബ്‌ ജൂനിയർ പെൺകുട്ടികളുടെ 400 മീറ്ററിൽ കോഴിക്കോട്‌ പൂവമ്പായി എഎംഎച്ച്‌എസിലെ ശാരിക സുനിൽകുമാർ പുതിയ സമയം കണ്ടെത്തി (59.55സെ.). ഉഷ സ്‌കൂളിലെ താരമാണ്‌.

കായികോത്സവം മന്ത്രി ഇ പി ജയരാജൻ ഉദ്‌ഘാടനം ചെയ്‌തു. ഒളിമ്പ്യൻ ടിന്റു ലൂക്ക ദീപം തെളിച്ചു. മേളയിലെ വേഗക്കാരെ കണ്ടെത്തുന്ന ഗ്ലാമർ ഇനമായ 100 മീറ്ററടക്കം 23 ഫൈനലുകൾ ഇന്ന്‌ നടക്കും.


പ്രധാന വാർത്തകൾ
 Top