05 December Thursday

ഒന്നാം ടെസ്റ്റ്‌ : ബംഗ്ലാദേശ്‌ തീർന്നു

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2019

ബംഗ്ലാദേശിന്റെ നാല്‌ വിക്കറ്റെടുത്ത മുഹമ്മദ്‌ ഷമി സഹതാരങ്ങൾക്കൊപ്പം ആഘോഷിക്കുന്നു


ഇൻഡോർ
വീര്യം ഒട്ടുമില്ലായിരുന്നു ബംഗ്ലാദേശിന്‌. 344 റൺ വിജയലക്ഷ്യം തേടിയിറങ്ങിയ അയൽക്കാർ 213ൽ അവസാനിച്ചു. ഒന്നാം ക്രിക്കറ്റ്‌ ടെസ്റ്റിൽ ഇന്ത്യൻ ജയം ഇന്നിങ്സിനും 130 റണ്ണിനും. തുടർച്ചയായ മൂന്നാം ഇന്നിങ്‌സ്‌ വിജയം കൂടിയാണിത്‌. ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിലെ വിരാട്‌ കോഹ്‌ലിയുടെയും കൂട്ടാളികളുടെയും ജൈത്രയാത്ര തുടരുകയാണ്‌.  കളിച്ച ആറിൽ ആറും ജയിച്ച്‌ 300 പോയിന്റുമായി ഒന്നാമത്‌.

മൂന്നാംദിനം ബാറ്റേടുത്തില്ല ഇന്ത്യ. തലേദിവസത്തെ 6ന്‌ 493 എന്ന സ്‌കോറിൽ ഡിക്ലയർ ചെയ്‌തു.  മുഹമ്മദ്‌ ഷമി നയിച്ച ബൗളിങ്‌നിര ഒരുദിനം കൊണ്ടുതന്നെ ബംഗ്ലാദേശിനെ തീർത്തു. ഷമി നാല്‌ വിക്കറ്റ്‌ നേടി. രണ്ട്‌ ഇന്നിങ്‌സുകളിലുമായി 7 വിക്കറ്റുകൾ. ഇരട്ടസെഞ്ചുറിക്കാരൻ മായങ്ക്‌ അഗർവാളാണ്‌ കളിയിലെ താരം. ഒന്നാം ഇന്നിങ്‌സ്‌ 150ൽ പുറത്തായ ബംഗ്ലാദേശിനെതിരെ മായങ്ക്‌ അഗർവാളിന്റെ (243)  മികവിലാണ്‌ ഇന്ത്യ മികച്ച ലീഡ്‌ നേടിയത്‌. ബാറ്റിങ്ങിനിറങ്ങാതെ ഡിക്ലയർ ചെയ്‌ത കോഹ്‌ലിയുടെ തീരുമാനം ശരിവച്ചു ബൗളർമാർ. ഇടവേളകളിൽ വിക്കറ്റുകൾ വീണുകൊണ്ടിരുന്നു. മുഷ്‌ഫിഖുർ റഹീമിന്‌ (64) ഒഴികെ മറ്റാർക്കും പിടിച്ചുനിൽക്കാനായില്ല. മിടുക്ക്‌ ആവർത്തിച്ചു ഷമി. 31 റൺ വഴങ്ങിയാണ്‌ 4 വിക്കറ്റ്‌. 22ന്‌ കൊൽക്കത്തയിലാണ്‌ അവസാന ടെസ്റ്റ്‌. ഇന്ത്യയുടെ ആദ്യ പകൽ–-രാത്രി ടെസ്റ്റാണിത്‌.


പ്രധാന വാർത്തകൾ
 Top