20 November Wednesday
തീയതി പ്രഖ്യാപിച്ച്‌ സംഘാടകർ. അംഗീകാരം നൽകിയിട്ടില്ലെന്ന്‌ വിഎഫ്‌ഐ

പ്രോ വോളി രണ്ടാം സീസൺ അനിശ്‌ചിതത്വത്തിൽ

ജിജോ ജോർജ്‌Updated: Thursday Oct 17, 2019


മലപ്പുറം
പ്രോ വോളിബോൾ ലീഗിന്റെ രണ്ടാം സീസൺ അനിശ്‌ചിതത്വത്തിൽ. 2020 ഫെബ്രുവരി ഏഴുമുതൽ മത്സരം നടക്കുമെന്ന്‌ ചാമ്പ്യൻഷിപ്പിന്റെ നടത്തിപ്പുകാരായ ബേസ്‌ ലൈൻ വെൻച്വേഴ്‌സ്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. എന്നാൽ ഇതിന്‌ അനുമതി നൽകാൻ വോളിബോൾ ഫെഡറേഷൻ ഓഫ്‌ ഇന്ത്യ (വിഎഫ്‌ഐ) തയ്യാറായിട്ടില്ല. തങ്ങളുടെ അറിവോടെയല്ല തീയതി പ്രഖ്യാപനമെന്ന്‌ വിഎഫ്‌ഐ അധികൃതർ വ്യക്തമാക്കി.

വിഎഫ്‌ഐ വാർഷിക ജനറൽ ബോഡിയിൽ ചർച്ചചെയ്‌തശേഷം തീയതി നിശ്‌ചയിക്കാമെന്ന്‌ ബേസ്‌ ലൈൻ വെൻച്വേഴ്‌സിനെ അറിയിച്ചിരുന്നു. എന്നാൽ ഇതിന്‌ വിപരീതമായി ചാനലിന്റെ സംപ്രേക്ഷണ സൗകര്യാർഥം ബേസ്‌ ലൈൻ തീയതി നിശ്‌ചയിക്കുകയായിരുന്നു. വാർഷിക ജനറൽ ബോഡിയിൽ ആലോചിച്ചശേഷംമാത്രമേ തീയതി അംഗീകരിക്കാൻ   കഴിയൂവെന്നും വിഎഫ്‌ഐ അധികൃതർ വ്യക്തമാക്കി.

നവംബറിലാകും വിഎഫ്‌ഐ വാർഷിക ജനറൽ ബോഡി. ഈ സാഹചര്യത്തിൽ ഫെബ്രുവരിയിൽ മത്സരം നടക്കാൻ സാധ്യത കുറവാണ്‌. എന്നാൽ ചാമ്പ്യൻഷിപ്പിന്റെ ലാഭവിഹിതം സംബന്ധിച്ച തർക്കമാണ്‌ പ്രശ്‌നങ്ങളുടെ യഥാർഥ കാരണമെന്ന് സൂചന. പ്രോ വോളിബോൾ ചാമ്പ്യൻഷിപ്പിന്റെ നടത്തിപ്പുകാർ ഓരോ സീസണിന്റെയും ലാഭ വിഹിതത്തിന്റെ 50 ശതമാനം വിഎഫ്‌ഐയ്‌ക്ക്‌ നൽകണം. ആദ്യ സീസൺ നഷ്ടമാണെന്ന റിപ്പോർട്ടാണ്‌ ബേസ്‌ ലൈൻ നൽകിയത്‌. എന്നാൽ ഇത്‌ അംഗീകരിക്കാൻ വിഎഫ്‌ഐ തയ്യാറായിട്ടില്ല.

പ്രോ  വോളിയുടെ നടത്തിപ്പിൽ കൂടുതൽ അധികാരം വേണമെന്ന ആവശ്യവും വിഎഫ്‌ഐ മുന്നോട്ടുവച്ചിട്ടുണ്ട്‌. ഈ തർക്കങ്ങൾ പരിഹരിക്കാതെ രണ്ടാം സീസൺ നടക്കാൻ സാധ്യതയില്ല. നവംബറിൽ നടക്കേണ്ടിരുന്ന രണ്ടാം സീസൺ ആണ്‌ ഫെബ്രുവരി ഏഴിന്‌ നടക്കുമെന്ന്‌ ബേസ്‌ ലൈൻ പ്രഖ്യാപിച്ചത്‌. ഫെബ്രുവരി ഏഴിന്‌ കളി ആരംഭിച്ചില്ലെങ്കിൽ പിന്നെ ചാനലുകളുടെ സംപ്രേക്ഷണ തീയതി ലഭിക്കുന്നതുവരെ കാത്തിരിക്കേണ്ടി വരും. ബേസ്‌ ലൈൻ വെൻച്വേഴ്‌സും വോളിബോൾ ഫെഡറേഷൻ ഓഫ്‌ ഇന്ത്യയും തമ്മിലുള്ള തർക്കം ചാമ്പ്യൻഷിപ്പിനായി മുതൽമുടക്കിയിരിക്കുന്ന ടീമുകളെയാണ്‌ കാര്യമായി ബാധിച്ചത്‌. പണം മുടക്കി ചാമ്പ്യൻഷിപ്പിനായി കാത്തിരിക്കുന്ന ടീം ഉടമകളും വോളിബോൾ ആരാധകരും   തർക്കത്തിൽ നിരാശരാണ്‌.

ആദ്യ സീസണിൽ ആറ്‌ ടീമുകളാണ്‌ ചാമ്പ്യൻഷിപ്പിൽ മാറ്റുരച്ചത്‌. രണ്ടാം സീസണിൽ ടീമുകളുടെയും  വേദികളുടെയും എണ്ണം വർധിപ്പിക്കുമെന്നെല്ലാം പ്രഖ്യാപനങ്ങളുണ്ടായിരുന്നെങ്കിലും നടക്കാൻ സാധ്യതയില്ല. ചാമ്പ്യൻഷിപ്‌ നടന്നാൽ ഒരു വേദി കൊച്ചിയായിരിക്കും എന്നതുമാത്രമാണ്‌ ഏക ഉറപ്പ്‌. ചെന്നൈ, ഹൈദരബാദ്‌, അഹമ്മദബാദ്‌, മുബൈ എന്നിവയാണ്‌ പരിഗണനയിലുള്ള മറ്റ്‌ വേദികൾ.


പ്രധാന വാർത്തകൾ
 Top