23 January Wednesday

അടിതെറ്റുന്ന ജർമൻ ചിട്ട

വെബ് ഡെസ്‌ക്‌Updated: Wednesday Oct 17, 2018

ലോക ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും ആധികാരികമായ ആധിപത്യം പുലർത്തിയ ദേശീയ ടീം ഏതെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ. ജർമനി. നാലു ലോകകപ്പ്, മൂന്ന് യൂറോ കപ്പ്, ലോകകപ്പിൽ നാലുതവണ വീതം  രണ്ടും മൂന്നും സ്ഥാനം, യൂറോകപ്പിൽ മൂന്നുതവണ രണ്ടാം സ്ഥാനം. ലോക ഫുട്ബോളിൽ ഇതുപോലെ സ്ഥിരതയാർന്ന മികച്ച റെക്കോഡുള്ള ടീം വേറെയില്ല.

എന്നാൽ, നിലവിലെ ജേതാക്കളായിരുന്ന ജർമനി റഷ്യൻ ലോകകപ്പിൽ ആദ്യ റൗണ്ടിൽ പുറത്തായപ്പോൾ ഈ ആധിപത്യത്തിന്റെ അടിത്തറ ഇളകുന്നതായി സൂചനയുണ്ടായി. ഈ വർഷം വിവിധ തലങ്ങളിലായി ഇതുവരെ ആറു തവണ തോൽവി ഏറ്റുവാങ്ങിയതോടെ ജർമൻ പതനത്തിന് കളിക്കളം സാക്ഷിയാകുന്നു. ഒരുവർഷം ആറ്‌ തോൽവി ടീമിന്റെ ചരിത്രത്തിൽ ആദ്യമാണ്‌
ആധുനിക ഫുട്ബോളിലെ കറതീർന്ന സാങ്കേതികത കളിക്കളത്തിന്റെ നാലതിരിനുള്ളിൽ സൂചിമുനയുടെ കൃത്യതയോടെ നടപ്പാക്കുന്ന തികവാർന്ന കളി എങ്ങോ നഷ്ടമായി. മനുഷ്യക്കപ്പൽ എന്നാണ് ജർമൻ ഫുട്ബോൾ ടീമിന്റെ വിശേഷണം. കളിക്കളത്തിൽ ആ 11 പേർ അങ്ങനെയായിരുന്നു. ആക്രമിക്കുമ്പോൾ ഒറ്റക്കെട്ട്. എതിർപ്രതിരോധം വകഞ്ഞുമാറ്റി മുന്നോട്ടു കുതിക്കുന്ന കപ്പലിനെ കളത്തിൽ അവർ അനുസ്മരിപ്പിച്ചു. പ്രതിരോധിക്കുമ്പോഴും അതേ കൂട്ടായ്മ ഉണ്ടായിരുന്നു. 1974 ലോകകപ്പിൽ ടോട്ടൽ ഫുട്ബോളിന്റെ അപ്പോസ്തലൻമാരായ നെതർലൻഡ്സിനെ അതിനേക്കാൾ നന്നായി അതേ ശൈലി അവലംബിച്ച് തകർത്തുവിട്ടത് ഈ സംഘബലത്തിലാണ്. യാന്ത്രികമെന്ന് എതിരാളികളും മറ്റു ടീമുകളുടെ ആരാധകരും പരിഹസിക്കുമ്പോഴും മികച്ചഫലങ്ങൾ കൊയ്ത ജർമൻ ശൈലിക്ക് ആരാധകർ കൂടിയതേയുള്ളൂ.

ഇപ്പോൾ നടക്കുന്ന യുറോപ്പ നേഷൻസ് ലീഗിൽ നെതർലൻഡ്സിനോടും ഫ്രാൻസിനോടും തോൽവി വഴങ്ങിയ ടീം വലിയ നിരാശ സമ്മാനിക്കുന്നു. പഴയ പടക്കുതിരകളെ അമിതമായി വിശ്വസിച്ചതാണ് പതനകാരണമെന്ന് വിലയിരുത്തപ്പെട്ടിരുന്നു. എന്നാൽ, ഫ്രാൻസിനെതിരെ ഒമ്പത് യുവതാരങ്ങളെ അണിനിരത്തിയിട്ടും മാറ്റമൊന്നും ഉണ്ടായില്ല. പരിശീലകൻ ജോക്വിം ലോയുടെ രക്തത്തിനായി മുറവിളിയേറി. ലോയ്ക്ക് ടീമിനെ കൃത്യമായി മുന്നോട്ടു കൊണ്ടുപോകാൻ കഴിയുന്നില്ല എന്നുതന്നെയാണ് നിലവിലെ പ്രകടനം സൂചിപ്പിക്കുന്നത്.

നേരത്തെ 2000‐04 കാലയളവിൽ മങ്ങിയ ജർമൻ പ്രതാപം തിരിച്ചുപിടിച്ചത് കൃത്യമായ ആസൂത്രണത്തിലൂടെയായിരുന്നു. ലോകത്തെ മുഴുവൻ രാജ്യങ്ങൾക്കും മാതൃകയായ പ്രവർത്തനങ്ങളാണ് ജർമൻ ഫുട്ബോളിൽ നടന്നത്. മികച്ച അക്കാദമികൾ നിലവിൽ വന്നു. ക്ലബ്ബുകൾ കൂടുതൽ പ്രഫഷണൽ സമീപനം സ്വീകരിച്ചു. സർക്കാർ തലത്തിൽ പ്രോത്സാഹജനകമായ പദ്ധതികൾ നടപ്പാക്കി. കൊച്ചു കുട്ടികളുടെ പരിശീലനത്തിന് ദീർഘവീക്ഷണത്തോടെയുള്ളതും സമഗ്രവുമായ പദ്ധതികൾ നടപ്പാക്കിയതാണ് ഇതിൽ ഏറ്റവും പ്രധാനം. മികച്ച താരങ്ങളുടെ നീണ്ടനിര സൃഷ്ടിക്കപ്പെട്ടു. അതിന്റെ ഫലം തുടർന്നുള്ള 10 വർഷത്തോളം ജർമൻ ഫുട്ബോൾ ആസ്വദിച്ചു.

മികച്ച താരങ്ങൾ ഉണ്ടായിട്ടും ടീമെന്ന നിലയിൽ മികവു കാട്ടാനാകാത്തതാണ് നിലവിൽ നേരിടുന്ന പ്രശ്നം. ഫ്രാൻസിനെതിരെ കളിച്ച ടീമിന്റെ കളിരീതി പഴയ ജർമൻ ശൈലിയുടെ നിഴൽപോലുമായില്ല. തോൽവിയല്ല, തോറ്റ രീതിയാണ് ആശങ്കാജനകം. എതിരാളിക്ക് ഈ ടീമിനുമേൽ അനായാസം മേധാവിത്വം നേടാനാകുന്നു. നീക്കങ്ങൾക്ക് കൃത്യതയും ദിശാബോധവുമില്ല. പാസുകൾ നിരന്തരം പിഴച്ചു. സ്വന്തം പകുതിയിൽ വച്ചുതന്നെ എതിരാളിക്ക് പന്തു നൽകുന്നത് ദയനീയ കാഴ്ചയായി.

12 വർഷമായി ടീമിന്റെ ചുമതലയുള്ള ലോയെയാണ് കുടുതൽ പേർ പ്രതിസ്ഥാനത്ത് നിർത്തുന്നത്. യുവതാരങ്ങൾക്ക് അർഹമായ പരിഗണന നൽകുന്നില്ല എന്നതാണ് ലോയ്ക്കെതിരായ ഏറ്റവും വലിയ പരാതി. തിമോ വെർണർ, ലിറോയ് സാനെ, ജൂലിയൻ ഡ്രാക്സ്ലർ, ജോനസ് ഹെക്ടർ, ജൂലിയൻ ബ്രാൻഡറ്റ്, നിക്ലാസ് സുലെ തുടങ്ങിയ മികച്ച പ്രതിഭകൾക്ക് ടീമിൽ ഇടംനൽകാൻ പരിശീലകൻ മടി കാണിച്ചിരുന്നു. പഴയ പടക്കുതിരകളായിരുന്നു ലോയുടെ ഇഷ്ടക്കാർ. ലോകകപ്പിൽ അതിന്റെ ദുരന്തം അനുഭവിച്ചിട്ടും ലോ മാറാൻ ഒരുക്കമായിരുന്നില്ല. തോമസ് മുള്ളർ, ജെറോം ബോട്ടങ്ങ്, മാറ്റ് ഹമ്മൽസ്, മാന്വൽ നോയെ തുടങ്ങിയവർ നല്ല കാലം പിന്നിട്ടുവെന്ന് അംഗീകരിക്കാൻ ലോയ്ക്ക് മടിയായിരുന്നു. വൻ വിമർശനങ്ങളെ തുടർന്ന് ലോകകപ്പിനു ശേഷം ചെറിയ മാറ്റങ്ങൾക്ക് അദ്ദേഹം തയ്യാറായി. എന്നാൽ, കൃത്യമായ പദ്ധതികളില്ലാതെ നടപ്പാക്കിയ പരീക്ഷണങ്ങൾ പാളുകയാണ്. യുവതാരങ്ങളും സീനിയർ താരങ്ങളും തമ്മിൽ ഇണങ്ങുന്ന കളിരീതി നടപ്പാക്കാൻ ലോയ്ക്ക് സാധിക്കുന്നില്ല. ജർമൻ തനതു കൂട്ടായ്മ നഷ്ടമാകാൻ ഇതിടയാക്കി.

ഫ്രാൻസിനെതിരെ ഒമ്പതു യുവതാരങ്ങൾക്ക് അവസരം നൽകി. എന്നാൽ ടീമെന്ന നിലയിൽ ഒറ്റക്കെട്ടായി കളിക്കാൻ സാധിച്ചില്ല. ലോക ജേതാക്കൾക്കെതിരെ ലീഡ് നേടിയിട്ടും തോൽവിയിലേക്ക് വീണത് ടീമിന്റെ പോരായ്മകൾ കൂടുതൽ വെളിപ്പെടുത്തി. കളിയിൽ നിർണായക സ്വാധീനം ചെലുത്താൻ പ്രാവീണ്യമുള്ള താരങ്ങളുടെ അഭാവം മുഴച്ചുനിൽക്കുന്നു. മധ്യനിരയിൽ കളിനിയന്ത്രിക്കാൻ മിഷേൽ ബലാക്കിനെ പോലുള്ള താരമില്ല. ഗോളടിക്കാൻ ആളില്ല. കഴിഞ്ഞ കുറേ മത്സരങ്ങളിൽ ആക്രമിച്ചു കളിച്ചെങ്കിലും ഗോളടിക്കാൻ മറന്ന മട്ടായിരുന്നു. ഗർഡ് മുള്ളർക്കും യുർഗൻ ക്ലിൻസ്മാനും മിറോസ്ലാവ് ക്ലോസെയ്ക്കും ഒപ്പം നിൽക്കുന്ന പിന്മുറക്കാരില്ല.

വംശീയതയുടെ പേരിൽ മെസ്യുട്ട് ഓസിലിനെ പോലുള്ള താരങ്ങൾ ടീം വിട്ടതും ഗൗരവമുള്ള വിഷയമാണ്. കുടിയേറ്റക്കാരായ പതിനായിരങ്ങൾ ജർമനിയിൽ പ്രൊഫഷണൽ ഫുട്ബോൾ കളിക്കുന്നുണ്ട്. ഇവരെ അകറ്റിനിർത്തുന്നത് ഗുണകരമല്ല.
തിരിച്ചുവരാൻ കെൽപ്പുള്ളവരാണ് ജർമൻകാർ. ആ രാജ്യത്തിന്റെ ചരിത്രം അതിനു തെളിവാണ്. ഫുട്ബോൾ കളത്തിൽ ജർമൻകാർ അതു പലവട്ടം തെളിയിച്ചതുമാണ്. ഈ പ്രതിസന്ധിയും അവർ തരണം ചെയ്യുന്നത് കാണാൻ കാത്തിരിക്കുകയാണ് ഫുട്ബോൾ പ്രേമികൾ.


പ്രധാന വാർത്തകൾ
 Top