ലണ്ടൻ
യൂറോപ്പിൽ ആവേശ പന്തുരുളുന്നു. യുവേഫ ചാമ്പ്യൻസ് ലീഗിന് ഇന്ന് തുടക്കം. രാത്രി 10.25ന് ആരംഭിക്കുന്ന ഒളിമ്പിക് ല്യോൺ–-സെനിറ്റ്, ഇന്റർ മിലാൻ–-സ്ലാവിയ പ്രാഗ് മത്സരത്തോടെ ചാമ്പ്യൻസ് ലീഗിന്റെ പുതിയ പതിപ്പിന് തുടക്കമാകും. രാത്രി 12.30ന് നടക്കുന്ന കളികളിൽ ബാഴ്സലോണ ബൊറൂസിയ ഡോർട്ട്മുണ്ടിനെയും നിലവിലെ ജേതാക്കളായ ലിവർപൂൾ നാപ്പോളിയെയും നേരിടും. ചെൽസിക്ക് വലെൻസിയയാണ് എതിരാളി.
എട്ട് ഗ്രൂപ്പുകളിലായി 32 ടീമുകളാണ് യൂറോപ്പിലെ വമ്പൻമാരാകാൻ പോരിനിറങ്ങുന്നത്. മാഡ്രിഡിൽ നടന്ന ഫൈനലിൽ ടോട്ടനത്തെ വീഴ്ത്തിയാണ് ലിവർപൂൾ കഴിഞ്ഞതവണ ജേതാക്കളായത്. ഫൈനലൊഴികെ ഗ്രൂപ്പുതലംമുതൽ സെമിഫൈനൽവരെ എല്ലാ മത്സരങ്ങളും രണ്ടു പാദങ്ങളിലായാണ് അരങ്ങേറുക. സ്വന്തം തട്ടകത്തിലും എതിർ തട്ടകത്തിലുമായാണ് മത്സരങ്ങൾ.
മെയ് 30ന് ഇസ്താംബൂളിലാണ് കിരീടപ്പോര്. പതിമൂന്നു പ്രാവശ്യം കിരീടമുയർത്തിയ റയൽ മാഡ്രിഡാണ് നേട്ടത്തിൽ മുമ്പിലുള്ളത്. എസി മിലാൻ ഏഴുതവണയും ലിവർപൂൾ ആറുതവണയും വിജയികളായി.കഴിഞ്ഞ സീസണിൽ ലിവർപൂളിന് മുന്നിൽ വീണ ബാഴ്സയ്ക്ക് ഡോർട്ട്മുണ്ട് വെല്ലുവിളിയാകും. ക്യാപ്റ്റൻ ലയണൽ മെസി തിരിച്ചുവരുന്നത് ബാഴ്സയ്ക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. എങ്കിലും എളുപ്പമാകില്ല കാര്യങ്ങൾ. ഡോർട്ട്മുണ്ടിന്റെ തട്ടകത്തിലാണ് കളി. ഇരുടീമുകളും ലീഗിൽ രണ്ടുതവണ ഏറ്റുമുട്ടിയപ്പോൾ ബാഴ്സ ഒരു കളി ജയിച്ചു. മറ്റൊന്ന് സമനിലയിൽ കലാശിച്ചു. ചാമ്പ്യൻസ് ലീഗിൽ അവസാനമായി കളിച്ച പതിനാല് ഗ്രൂപ്പ് മത്സരങ്ങളിലും തോൽക്കാതെയാണ് സ്പാനിഷ് ചാമ്പ്യൻമാരുടെ വരവ്.
കിരീടം നിലനിർത്താനെത്തുന്ന ലിവർപൂളിന് ഇറ്റാലിയൻ കരുത്തരായ നാപ്പോളിയോടാണ് കന്നിപ്പോര്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിച്ച അഞ്ചിലും ജയിച്ചാണ് യുർഗൻ ക്ലോപ്പിന്റെ ടീം എത്തുന്നത്.ഇരുടീമുകളും നാലുതവണ ഏറ്റുമുട്ടിയപ്പോൾ രണ്ടുതവണയും ജയം ഇംഗ്ലീഷുകാർക്കൊപ്പമായിരുന്നു. ഒരു കളി നാപ്പോളി ജയിച്ചപ്പോൾ മറ്റൊന്ന് സമനിലയിലായി. നാപ്പോളിയുടെ മൈതാനത്താണ് കളി.
യൂറോപ്പ ലീഗ് ജേതാക്കളായതാണ് ചെൽസിക്ക് ചാമ്പ്യൻസ് ലീഗ് വാതിൽ തുറന്നത്. സ്റ്റാംഫോർഡ് ബ്രിഡ്ജിൽ പുതിയ യുവനിരയ്ക്കു കീഴിൽ വലെൻസിയയെ വീഴ്ത്താമെന്ന കണക്കുകൂട്ടലിലാണവർ. മറ്റ് മത്സരങ്ങളിൽ കഴിഞ്ഞ സീസണിൽ വിസ്മയക്കുതിപ്പ് നടത്തിയ അയാക്സ് ഫ്രഞ്ച് ടീമായ ലില്ലെയെയും ബെൻഫിക്ക ജർമൻ ടീമായ ആർ ബി ലെയ്പ്സിഗിനെയും നേരിടും. ഈ മത്സരങ്ങളും രാത്രി 12.30നാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..