13 November Wednesday

ആളിപ്പടർന്ന ആഷസ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2019

ആഷസ്‌ കിരീടവുമായി ഓസ്‌ട്രേലിയൻ താരങ്ങളുടെ ആഹ്ലാദം


ഓവൽ
കനലെരിയുന്ന കിരീടച്ചെപ്പിനായുള്ള പോര്‌ അവസാനിച്ചു. ആഷസ്‌ ക്രിക്കറ്റ്‌ ടെസ്റ്റ്‌ പരമ്പര സമനിലയിൽ കലാശിച്ചു (2–-2). നിലവിലെ ജേതാക്കളെന്ന ആനുകൂല്യത്തിൽ ഓസ്‌ട്രേലിയ അഭിമാന കിരീടം നിലനിർത്തി. 47 വർഷങ്ങൾക്കുശേഷമാണ്‌ ആഷസിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പമെത്തുന്നത്‌. അഞ്ച്‌ മത്സര പരമ്പരയിലെ ആദ്യ കളി ഓസീസ്‌ ജയിച്ചു. രണ്ടാമത്തേത്‌ സമനിലയിലായി. മൂന്നാം കളിയിൽ ബെൻ സ്റ്റോക്‌സിന്റെ എക്കാലത്തെയും മികച്ച ഇന്നിങ്‌സിലൂടെ ഇംഗ്ലണ്ട്‌ ഒരു വിക്കറ്റ്‌ ജയം പിടിച്ചു. നാലാം ടെസ്റ്റ്‌ നേടി കംഗാരുക്കൾ ആഷസ്‌ ഉറപ്പിച്ചു. ഒടുവിൽ അവസാന മത്സരത്തിൽ 135 റണ്ണിന്‌ ജയം പിടിച്ച്‌ ഇംഗ്ലണ്ട്‌ പരമ്പര സമനിലയിലാക്കി.

പതിവുപോലെ ഈ ആഷസിലും  വീഴ്‌ചകളും ഉയിർപ്പുകളും കണ്ടു. പന്തുചുരുണ്ടൽ വിവാദത്തിൽ ഒരു വർഷത്തെ വിലക്കിനുശേഷം സ്‌റ്റീവ്‌ സ്‌മിത്തും ഡേവിഡ്‌ വാർണറും കാമെറോൺ ബാൻക്രാഫ്‌റ്റും ഓസീസ്‌ നിരയിൽ തിരിച്ചെത്തി. വാർണറിനും ബാൻക്രാഫ്‌റ്റിനും ഈ ആഷസ്‌ നല്ല ഓർമയല്ല. എന്നാൽ, സ്‌മിത്ത്‌ ആളിപ്പടർന്നു. ഒരു ഇരട്ടസെഞ്ചുറിയും മൂന്ന്‌ സെഞ്ചുറിയുമുൾപ്പെടെ നാലു കളികളിൽനിന്ന്‌ സ്‌മിത്ത്‌ കുറിച്ചത്‌ 774 റണ്ണാണ്‌.

 

ഒരൊറ്റ ഇന്നിങ്‌സ്‌ കൊണ്ട്‌ ഇടംകൈയൻ സ്‌റ്റോക്‌സും ആഷസ്‌ പേരിലാക്കി. മൂന്നാം ടെസ്റ്റിൽ ഒന്നാം ഇന്നിങ്‌സിൽ 67 റണ്ണിന്‌ പുറത്തായ ഇംഗ്ലണ്ടിനെ രണ്ടാം ഇന്നിങ്‌സിൽ സ്‌റ്റോക്‌സ്‌ ഒറ്റയ്‌ക്ക്‌ തോളിലേറ്റി. റെക്കോഡ്‌ വിജയലക്ഷ്യമായ 359ലേക്ക്‌ സ്‌റ്റോക്‌സ്‌ ബാറ്റ്‌ വീശി. ഇംഗ്ലീഷ്‌ വൈസ്‌ ക്യാപ്‌റ്റന്റെ അപരാജിത ഇന്നിങ്‌സ്‌ (135*) ആതിഥേയർക്ക്‌ സമ്മാനിച്ചത്‌ എക്കാലവും ഓർമിക്കുന്ന ജയം.

പ്രതീക്ഷ ഉയർത്തിയ പല പേരുകളും ഇംഗ്ലണ്ടിൽ നിറംമങ്ങി. ഓസീസ്‌ നിരയിൽ ഉസ്‌മാൻ ഖവാജ, നായകൻ ടിം പെയ്‌ൻ, വാർണർ എന്നിവരുടെ ബാറ്റുകളെല്ലാം താഴ്‌ന്നു. ഏകദിന ലോകകപ്പിലെ മികച്ച പ്രകടനത്തിന്റെ പകിട്ടുമായെത്തിയ ജാസൺ റോയിക്ക്‌ അരങ്ങേറ്റ ആഷസ്‌ കയ്‌പ്പുള്ളതായി. അഞ്ച്‌ മത്സരങ്ങളിൽനിന്ന്‌ 29 വിക്കറ്റുമായി വിക്കറ്റ്‌ വേട്ടക്കാരിൽ ഒന്നാമതെത്തിയത്‌ ഓസ്‌ട്രേലിയയുടെ പാറ്റ്‌ കമ്മിൻസാണെങ്കിലും ഈ ആഷസ്‌ ജോഫ്ര ആർച്ചെറുടേതാണ്‌. അരങ്ങേറ്റ ടെസ്റ്റ്‌ പരമ്പര അവിശ്വസനീയമാക്കി ആർച്ചെർ. ആദ്യ കളിയിൽ പരിക്കുമൂലം വിട്ടുനിന്നു. പിന്നീടുള്ള നാലു കളികളിൽ നേടിയത്‌ 22 വിക്കറ്റുകൾ. രണ്ടുതവണ അഞ്ച്‌ വിക്കറ്റ്‌ പ്രകടനം. ഇംഗ്ലണ്ടിന്റെ രണ്ട്‌ വിജയങ്ങളിലും ഇരുപത്തിനാലുകാരൻ പ്രധാനിയായി.

പ്രഥമ ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിൽ 56 പോയിന്റായി ഇരുടീമുകൾക്കും. ഓസീസ്‌ അഞ്ചാമതും ഇംഗ്ലണ്ട്‌ ആറാമതുമാണ്‌. 120 പോയിന്റുമായി ഇന്ത്യയാണ്‌ മുന്നിൽ.


പ്രധാന വാർത്തകൾ
 Top