07 December Saturday

ഇന്റർകോണ്ടിനെന്റൽ കപ്പ്‌ : സമനില, ഇന്ത്യ പുറത്ത്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jul 17, 2019

സിറിയക്കെതിരെ ഇന്ത്യയുടെ നരേന്ദർ ഗഹ്‌ലോട്ട്‌ ഹെഡ്ഡറിലൂടെ ഗോൾ നേടുന്നു

അഹമ്മദാബാദ്‌
ഇന്റർ കോണ്ടിനെന്റൽ കപ്പ‌് ഫു‌ട‌്ബോളിൽ അവസാന മത്സരത്തിൽ ഇന്ത്യ സിറിയയെ സമനിലയിൽ തളച്ചു (1–-1). ആദ്യ പകുതിയിൽ ഇരുടീമുകളും ഗോളടിച്ചില്ല. 52–-ാം മിനിറ്റിൽ പത്തൊമ്പതുകാരൻ നരേന്ദർ ഗഹ്‌ലോട്ടാണ‌് ഇന്ത്യയെ മുന്നിലെത്തിച്ചത‌്. ഫിറാസ‌് അൽ ഖാത്തിബിന്റെ പെനൽറ്റിയിലൂടെ 78–-ാം മിനിറ്റിൽ സിറിയ സമനില നേടി.

മത്സരം ജയിച്ച‌് ഫൈനലിൽ കടക്കാനുള്ള സിറിയയുടെ മോഹം ഇന്ത്യൻ ഗോളി ഗുർപ്രീത‌് വിഫലമാക്കി.  തജിക്കിസ്ഥാനോട‌് 4–-2നും ഉത്തരകൊറിയയോട‌് 5–-2നും തോറ്റ ഇന്ത്യക്ക‌് സമനില ആശ്വാസമായി. ഫൈനലിൽ വെള്ളിയാഴ‌്ച തജിക്കിസ്ഥാൻ ഉത്തരകൊറിയയെ നേരിടും. ഇരുടീമുകൾക്കും ആറുവീതം പോയിന്റ‌് ലഭിച്ചു. സിറിയക്ക‌് നാലും ഇന്ത്യക്ക‌് ഒന്നും.

കളിക്കുമുമ്പുതന്നെ ഇന്ത്യ ടൂർണമെന്റിൽനിന്ന‌് പുറത്തായിരുന്നു‌. അതിനാൽ പരിശീലകൻ ഇഗർ സ‌്റ്റിമച്ച‌് പരീക്ഷണത്തിന‌് മുതിർന്നു. ഉത്തരകൊറിയയോട‌് തോറ്റ ടീമിൽ എട്ട‌് മാറ്റം വരുത്തിയാണ‌് ഇറങ്ങിയത‌്. ഫിഫ റാങ്കിങ്ങിൽ 85–-ാം സ്ഥാനത്തുള്ള സിറിയയെ ആദ്യ പകുതിയിൽ 101–-ാം റാങ്കുകാരായ ഇന്ത്യ ഗോളടിക്കാൻ അനുവദിച്ചില്ല. കോർണർകിക്കിൽ നിന്നായിരുന്നു ഇന്ത്യയുടെ ഗോൾ. അനിരുദ്ധ‌് ഥാപ്പയുടെ പറന്നിറങ്ങിയ കിക്ക‌് തകർപ്പൻ ഹെഡ്ഡറിലൂടെ നരേന്ദർ വലയിലാക്കി. ഈ പ്രതിരോധക്കാരന്റെ ആദ്യ രാജ്യാന്തര ഗോളാണിത‌്. രണ്ടാം തവണയാണ‌് ഇന്ത്യൻ ജേഴ‌്സി അണിയുന്നത‌്.

പകരക്കാരനായി എത്തിയ ജെറി ലാൽറിൻസുവാലയുടെ പിഴവിന‌് ഇന്ത്യ വലിയ വില നൽകേണ്ടിവന്നു. അഹമ്മദ‌് അൽ അഹമ്മദിനെ ബോക‌്സിൽ വീഴ‌്ത്തിയതിന‌് പെനൽറ്റി. സിറിയക്കായി ഏറ്റവുമധികം ഗോളടിച്ച ഫിറാസ‌് അൽ ഖാത്തിബിന‌് പിഴച്ചില്ല. അവസാന നിമിഷം വിജയം ലക്ഷ്യമിട്ട‌് സിറിയ ആഞ്ഞടിച്ചെങ്കിലും ഇന്ത്യ പിടിച്ചുനിന്നു.
 


പ്രധാന വാർത്തകൾ
 Top