18 February Monday

സമർഥം, സുന്ദരം, സുശക്തം - ഫ്രാൻസ്

വെബ് ഡെസ്‌ക്‌Updated: Tuesday Jul 17, 2018


മോസ്കോ > ഏറ്റവും വിമർശിക്കപ്പെട്ട പരിശീലകനാണ് ദിദിയർ ദെഷാം. നിഷേധാത്മക കളിയെന്നാണ് ദെഷാമിനെ കുറ്റപ്പെടുത്തുക. അമിതജാഗ്രത കളിയുടെ സൗന്ദര്യത്തെ ഇല്ലാതാക്കുന്നുവെന്ന വിമർശമുണ്ടായി. പക്ഷേ, ദെഷാം തിരുത്തി. തന്റെ കൈയിൽ കിട്ടിയ ലോകത്തെ ഏറ്റവും മികച്ച ഒരുപിടി കളിക്കാരെ വേണ്ടവിധത്തിൽ ഉപയോഗിച്ച് ദെഷാം നേട്ടംകൊയ്തു. കിരീടംകൊണ്ടാണ് മറുപടി.

ലോകവേദിയിൽ തിളങ്ങുമ്പോൾ ഫ്രാൻസിന് ഓരോ വീരനായകൻമാരുണ്ടാകാറുണ്ട്. 1958 ലോകകപ്പിൽ മൂന്നാംസ്ഥാനം നേടിയപ്പോൾ റെയ്മണ്ട് കോപ്പ, 1982ലെ യൂറോ കപ്പ് ചാമ്പ്യൻമാരായപ്പോൾ മിഷയേൽ പ്ലറ്റീനി, 1998 ലോകചാമ്പ്യൻമാരാകുമ്പോൾ സിനദിൻ സിദാൻ. പക്ഷേ, ഇക്കുറി അങ്ങനെയൊരു താരത്തിൽ കെട്ടിപ്പൊക്കിയതല്ല ഫ്രഞ്ച് ടീം. സുശക്തമായ സംഘം. സമർഥരായ കളിക്കാർ. അതിൽ ക്യാപ്റ്റൻ ഹ്യൂഗോ ലോറിസ് തൊട്ട് പത്തൊമ്പതുകാരൻ കിലിയൻ എംബാപ്പെവരെയുണ്ട്. ഫുട്ബോൾ സംഘബോധത്തിന്റെ, കൂട്ടായ്മയുടെ കളിയാണെന്ന് ഫ്രാൻസ് തെളിയിച്ചു.

2016ലെ യൂറോകപ്പിലെ ഫൈനൽ തോൽവിയിൽനിന്നാണ് ദെഷാമും സംഘവും തുടങ്ങുന്നത്. രണ്ടുവർഷം അവർ പഠിച്ചു. പരീക്ഷണങ്ങൾ നടത്തി. തമ്മിൽച്ചേരുന്ന സമവാക്യങ്ങളെ കൊണ്ടുവന്നു. പ്രതിരോധവും മധ്യനിരയും മുന്നേറ്റവും ഒരുപോലെ ശക്തിപ്പെടുത്തി. അവസരങ്ങൾ രണ്ടാമത് മുട്ടിവിളിക്കില്ലെന്ന് തീർച്ചപ്പെടുത്തി. അമിതപ്രതീക്ഷകൾ നൽകാതെ ഫ്രാൻസ് വന്നു. അഴകുള്ള കളി ഇല്ലായിരുന്നു. വീണുകിട്ടിയ അവസരങ്ങൾ വിനിയോഗിക്കുക മാത്രം ചെയ്തു. ഈ ടീം എവിടെവരെയെന്ന് പലരും സംശയിച്ചു. കളത്തിലെ ആൾക്കൂട്ടമെന്ന് പരിഹസിച്ചു. ദെഷാം കുലുങ്ങിയില്ല. ടീമിലെ ഐക്യം ഊട്ടിയുറപ്പിച്ചു. ടീമിലെ ആഫ്രിക്കൻവംശജരെ വാഴ്ത്തി.

രണ്ടുവർഷം മുമ്പ് പാരീസിൽ യൂറോ കപ്പ് ഫൈനലിൽ പോർച്ചുഗലിനെതിരെ ഇറങ്ങുമ്പോൾ ഫ്രാൻസിന് എല്ലാം അനുകൂലമായിരുന്നു. കാണികളുടെ പിന്തുണ, വൻ ടീമുകളെ തോൽപ്പിച്ചുവന്നതിന്റെ ആത്മവിശ്വാസം. അതിനിടെ പോർച്ചുഗൽ ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോ പരിക്കേറ്റുമടങ്ങി. എല്ലാംകൊണ്ടും ഫ്രാൻസിന് കപ്പ് നേടാനുള്ള അവസരം. പക്ഷേ, അധികസമയക്കളിയിൽ ഫ്രാൻസ് തോറ്റു. ദെഷാമിന് രൂക്ഷവിമർശമുണ്ടായി. ദെഷാമിന്റെ യാഥാസ്ഥിക രീതികളെ വിമർശിച്ചു. ആ തോൽവി ഫ്രാൻസിനെ തളർത്തി. എന്നാൽ ദെഷാം വിട്ടുനൽകിയില്ല. ജാഗ്രത അതിരുവിടുന്നു എന്ന ആരോപണങ്ങളെ ഈ മുൻ ലോകകപ്പ് ക്യാപ്റ്റൻ തള്ളി. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഫ്രാൻസ് സ്വീഡനോടും സൗഹൃദപ്പോരിൽ കൊളംബിയയോടും തോറ്റു.

ലോകകപ്പ് ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയോട് ആധികാരിക ജയമായിരുന്നില്ല. പെറുവിനോട് ഒറ്റഗോൾ ജയം. പ്രീക്വാർട്ടർ ഉറപ്പാക്കിയശേഷം ഡെൻമാർക്കിനോട് രണ്ടാംനിര ടീമിനെയാണ് ഇറക്കിയത്. ഫലം ഗോൾരഹിതം. വീണ്ടും വിമർശം. ദെഷാം പ്രതികരിച്ചില്ല.

പ്രീക്വാർട്ടറിൽ ഫ്രാൻസിന്റെ ഉഗ്രരൂപം കണ്ടു. അർജന്റീനയെ തകർത്തുകളഞ്ഞു. ക്വാർട്ടറിൽ ഉറുഗ്വേയോട് ആധികാരിക പ്രകടനം. സെമിയിൽ ബൽജിയത്തിന്റെ ആക്രമണാത്മക കളിയെ ബോക്സിനു പുറത്തുവച്ച് നിർവീര്യമാക്കി.
ഫൈനലിൽ ക്രൊയേഷ്യയെ കയറാൻ അനുവദിച്ച്, പിന്നെ പ്രത്യാക്രമണം നടത്തി. കൃത്യമായിരുന്നു പദ്ധതികൾ. പ്രതിരോധവും ആക്രമണവും ഒരുപോലെ സമ്മേളിച്ച കളി.

ലോറിസിൽനിന്ന് തുടങ്ങും. ഫൈനലിലെ ഒരു ഇടർച്ച ഒഴിവാക്കിയാൽ ഈ ലോകകപ്പിലെ ഏറ്റവും മികച്ച ഗോൾകീപ്പറാണ് ലോറിസ്. പ്രതിരോധഹൃദയത്തിൽ സാമുവൽ ഉംറ്റിറ്റിയും റാഫേൽ വരാനെയും കോട്ടകെട്ടി. നിർണായക മത്സരങ്ങളിൽ ഇരുവരും ഗോളും നേടി. വശങ്ങളിൽ അതിവേഗക്കാരായ ബഞ്ചമിൻ പവാർദും ലൂക്കാസ് ഹെർണാണ്ടസും. മധ്യനിരയിൽ എൻഗോളോ കാന്റെ‐പോൾ പോഗ്ബ കൂട്ടുകെട്ട്. ആക്രമണത്തിൽ ഒൺട്വാന്റെ ഗ്രീസ്മാനും കിലിയൻ എംബാപ്പെയും അസാമാന്യ പ്രകടനം കാഴ്ചവച്ചു. ഗ്രീസ്മാൻ ആസൂത്രകനായി കസറി. കുശാഗ്രബുദ്ധിയോടെ കളത്തിൽ ഒഴുകി. ഓരോ നീക്കവും കൃത്യതയുള്ളതായിരുന്നു. എംബാപ്പെ മുന്നേറ്റത്തിൽ വിനാശകാരിയായി. എതിർ പ്രതിരോധത്തിന് തലവേദനയുണ്ടാക്കി.

ചെറുപ്പക്കാരുടെ സംഘമാണ്. എംബാപ്പെയ്ക്ക് 19 വയസ്സേ ആയുള്ളൂ. ഉസ്മാൻ ഡെംബെലയ്ക്ക് 21, ഉംറ്റിറ്റിക്ക് 24, പോഗ്ബയ്ക്ക് 25, പവാർദിനും ഹെർണാണ്ടസിനും 22. ലോകംവാഴാനുള്ള തയ്യാറെടുപ്പിലാണ് ഫ്രാൻസ്. അടുത്ത ലക്ഷ്യം 2020ലെ യൂറോ കപ്പാണ്.

പ്രധാന വാർത്തകൾ
 Top