24 May Friday

മറ്റാര്?. ക്രിസ്റ്റ്യാനോ റൊണാൾഡോ അല്ലാതെ?

വെബ് ഡെസ്‌ക്‌Updated: Sunday Jun 17, 2018

സോച്ചി
മറ്റാര്?. ക്രിസ്റ്റ്യാനോ റൊണാൾഡോ അല്ലാതെ?. 1128ൽ നിലവിൽ വന്ന പോർച്ചുഗൽ ഒരിക്കലെങ്കിലും ചിന്തിച്ചുകാണുമോ ഇങ്ങനെ ഒരു അത്ഭുതം ഒരിക്കൽ പിറക്കുമെന്ന്!. സോച്ചി ആ അത്ഭുതത്തിന് വേദിയായി. ലോകകപ്പ് ഫുട്ബോളിന്റെ രണ്ടാം ദിവസം അതിന് സാക്ഷിയായി.

പരിശീലകൻ ജൂലെൻ ലൊപെട്ടേഗിയെ മൂന്നുദിവസം മുമ്പ് നഷ്ടപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് സ്പെയ്ൻ ഇറങ്ങിയതെങ്കിൽ പ്രശ്നങ്ങളുടെ നടുവിലാണ് റൊണാൾഡോ ഗ്രൂപ്പിലെ ആദ്യ മത്സരത്തിന് ബൂട്ട്കെട്ടിയത്. സ്പാനിഷ് കോടതിയിൽ നികുതിവെട്ടിപ്പിന് 218 ലക്ഷം ഡോളർ പിഴയടയ്ക്കാമെന്ന് സമ്മതിച്ചത് രണ്ടുദിവസം മുമ്പ്. രണ്ടുവർഷത്തെ അനുഭവിക്കേണ്ടാത്ത തടവുശിക്ഷയുടെ ഭീഷണി നിലനിൽക്കുന്നു.

സോച്ചിയിൽ കളി തുടങ്ങിയപ്പോൾ ഒന്നും ബാധിച്ചില്ല റൊണാൾഡോയെ. കൃഷ്ണശിലയിൽ കൊത്തിയെടുത്ത ഒരു ശിൽപ്പത്തിന് ചിറകുവച്ചപോലെ തോന്നി. ഫുട്ബോളിന്റെ മഹത്തായ നിമിഷങ്ങൾ ഒന്നിനുപിറകെ ഒന്നായി വിരിഞ്ഞു. നാടകീയതകൾ നിറഞ്ഞാടി. പോർച്ചുഗൽ രണ്ടുവട്ടം മുന്നിൽ. രണ്ടുവട്ടവും സ്പെയ്ൻ തിരിച്ചുവന്നു. 58‐ാം മിനിറ്റിൽ സ്പെയ്ൻ മുന്നിൽ. കളി തീരാൻ രണ്ടുമിനിറ്റ് ശേഷിക്കെ പോർച്ചുഗലിന്റ മറുപടി. ആറു ഗോളിന്റെ ആറാട്ട് മാത്രമായിരുന്നില്ല ഈ കളി. ഒഴുക്കുള്ള നീക്കങ്ങളുടെ നീരാട്ടുകൂടിയായിരുന്നു. അവസാനം സ്പെയ്ൻ 3‐ റൊണാൾഡോ 3.

ഈ മത്സരം സ്വന്തംപേരിലെഴുതി റൊണാൾഡോ. പോർച്ചുഗലിനെ ഒറ്റയ്ക്ക് ചുമലിലേറ്റി. ചിലപ്പോൾ പ്രായംബാധിച്ചപോലെ ഒതുങ്ങിനിൽക്കുന്നതായി തോന്നും. ഏതോ വഴിയാത്രക്കാരൻ എന്ന മട്ടിൽ മാറിനിൽക്കും. മൈതാനത്തിൽ ഓടിനടക്കാതെയും വിശ്രമിക്കും. പക്ഷെ ഈ മുപ്പത്തിമൂന്നുകാരൻ പോർച്ചുഗലിന്റെ എൻജിൻമുറിയിലുണ്ട്.

കളിയുടെ നാലാം മിനിറ്റിൽ പൊടുന്നനെയായിരുന്നു റൊണാൾഡോയുടെ കുതിപ്പ്. ബോക്സിൽ നാച്ചോ റൊണാൾഡോയെ വീഴ്ത്തി. 21‐ാം ലോകകപ്പിലെ ആദ്യ പെനൽറ്റി. റൊണാൾഡോതന്നെ കിക്കെടുക്കാൻ. ഡെഗെയക്ക് ഒന്നും കഴിഞ്ഞില്ല. വലയിലേക്ക് തുളഞ്ഞുകയറി.

സ്പെയ്ൻ പതറിയില്ല. ദ്യേഗോ കോസ്റ്റയിലൂടെ മറുപടി. വീഡിയോസഹായത്തോടെ കോസ്റ്റയുടെ ഗോൾ പ്രഖ്യാപിച്ചു. വീണ്ടും റൊണാൾഡോ. എതാണ്ട് നിലംപറ്റിയ അടി. വിശ്വോത്തര ഗോളി ഡെഗെയ പതറി. കൈയിൽതട്ടി വരകടന്നു.

വിശ്രമത്തിനുശേഷം സ്പെയ്ൻ വന്നു. ലോകചാമ്പ്യൻമാരെപ്പോലെ. പന്ത് കൈവിടാതെയുള്ള പതിവുശൈലി. മനോഹരമായ പാസുകൾ അരങ്ങേറി. സ്പെയ്ൻ ഭരിച്ചു. ദ്യേഗോ കോസ്റ്റ വീണ്ടും ഗോൾ മടക്കി. അഞ്ചുമിനിറ്റ് പിന്നാലെ നാച്ചോവിന്റെ ഗോൾ. ഒരു വലതുബാക്കിന്റെ അസാമാന്യ പ്രതിഭാവിലാസം. സ്പെയ്ൻ മുന്നിൽ. റൊണാൾഡോയെ കാണുന്നില്ല. കളി തീരാൻ രണ്ടു മിനിറ്റ്. രണ്ടുദിവസം മുമ്പ് ചുമതലയേറ്റ സ്പെയ്ൻ പരിശീലകൻ ഹിയറോക്ക് സംതൃപ്തിയുടെ ചിരി. ജയം അരികെ.

ബോക്സിനുപുറത്ത് ജെറാർഡ് പിക്വെ റൊണാൾഡോയെ വീഴ്ത്തി. ഫ്രീ കിക്. ഡെഗെയ നിർദേശിച്ചപോലെ മനുഷ്യമതിൽ കെട്ടി. മതിലിനപ്പുറം റൊണാൾഡോയും ചരിത്രവും കാത്തുനിന്നു. റൊണാൾഡോവിന്റെ കിക്. മനുഷ്യക്കോട്ടയുടെ അറ്റത്തെ കളിക്കാരനെയും തൊടാതെ വളഞ്ഞുവന്ന കിക് േ്രകാസ് ബാറിനുതാഴെ ചാഞ്ഞിറങ്ങി. ഡെഗെയ അമ്പരന്നു. ലോകകപ്പിൽ ഇതുവരെ 44 ഫ്രീകിക്കുകളിൽനിന്ന് ഒന്നുപോലും ഗോളാക്കാതിരുന്ന റൊണാൾഡോയുടെ 45‐ാം കിക് പോർച്ചുഗൽ വരവിന്റെ സ്വാഗതഗാനം പാടി.

അവിസ്മരണീയ മത്സരത്തിന് അന്ത്യംകുറിച്ച് റഫറി വിസിലൂതി. കമന്റേറ്റേഴ്സ് ബോക്സിലിരുന്ന് ഇംഗ്ലണ്ടിന്റെ മുൻതാരം ക്രിസ് വാഡിൽ പറഞ്ഞു: ഈ ലോകകപ്പിലെ മത്സരം കഴിഞ്ഞു. എനിക്ക് അടുത്ത വിമാനത്തിൽ നാട്ടിലേക്കു മടങ്ങാം.

പ്രധാന വാർത്തകൾ
 Top