19 August Monday

വിറപ്പിക്കാൻ വിൻഡീസ‌്

വെബ് ഡെസ്‌ക്‌Updated: Friday May 17, 2019


ഡബ്ലിൻ
സിക‌്സറുകളാണ‌് വെസ‌്റ്റിൻഡീസിന‌് ഹരം. ക്രിസ‌് ഗെയ‌്‌ലും ആന്ദ്രേ റസെലും ഷിംറോൺ ഹെറ്റ‌്മെയറുമൊക്കെ ബൗണ്ടറികൾക്ക‌് അപ്പുറത്തേക്ക‌് പന്തുകൾ പായിക്കാൻ മിടുക്കർ. ഈ മിടുക്കിലാണ‌് വിൻഡീസിന്റെ ലോകകപ്പ‌് പ്രതീക്ഷകൾ. ട്വന്റി–-20യിലെ മികവ‌് ഏകദിനത്തിലും ആവർത്തിക്കാമെന്ന പ്രതീക്ഷയിലാണ‌് വിൻഡീസ‌്. പ്രഥമ ചാമ്പ്യൻമാരുടെ പ്രതാപമൊക്കെ നഷ്ടമായെങ്കിലും ഇക്കുറി നേടുമെന്നാണ‌് അവരുടെ വിശ്വാസം.

1975ലെയും 79ലെയും ആദ്യ രണ്ട്‌ ലോകകപ്പും ഉയർത്തിയ ടീം. പ്രതിഭാശാലികളാൽ നിറഞ്ഞ ക്ലൈവ്‌ ലോയ്‌ഡിന്റെയും വിവിയൻ റിച്ചാർഡ്‌സണിന്റെയും സംഘം. 1983ൽ ഹാട്രിക്‌ കിരീടം തേടി ഫൈനലിനിറങ്ങിയ ടീമിനെ കപിൽ ദേവിന്റെ ചെകുത്താൻമാർ കീഴടക്കി ഇന്ത്യയെ വിജയത്തിലെത്തിച്ചു. പിന്നീടങ്ങോട്ട്‌ നടന്ന എട്ട്‌ ലോകകപ്പുകളിലും വിൻഡീസുകാർക്ക്‌ എടുത്തുപറയാൻ ഒന്നുമുണ്ടായില്ല. 1996ൽ സെമിയിലെത്തി. പിന്നെ വലിയ നേട്ടമൊന്നുമില്ല. ഇതിനിടെ ഒരുതവണ ചാമ്പ്യൻസ‌് ട്രോഫി നേടി. 2004ലായിരുന്നു ആ നേട്ടം.

ഇംഗ്ലണ്ട്‌ ലോകകപ്പിൽ കറുത്ത കുതിരകളാകുമെന്ന്‌ പ്രവചിക്കപ്പെടുന്ന ടീമാണ്‌ കരീബിയക്കാർ. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഒരുപോലെ തിളങ്ങുന്ന ഒരുപിടി കളിക്കാരുണ്ട‌്. കൂട്ടിന്‌ ഏകദിന ക്രിക്കറ്റിലെ ഏറ്റവും വലിയ പ്രഹരശേഷിയുള്ള ഓപ്പണർ ക്രിസ്‌ ഗെയ്‌ലും. ഇംഗ്ലണ്ടിലെത്തുന്നവരിൽ ഏറ്റവും കൂടുതൽ ഓൾറൗണ്ടർമാരുള്ള ടീമും മറ്റാരുമല്ല. ക്യാപ‌്റ്റൻ ജാസൺ ഹോൾഡറുടെ നായക മികവും വിൻഡീസിനെ കരുത്തരാക്കുന്നു.

കഴിഞ്ഞ ആറ്‌ മാസങ്ങൾക്കുള്ളിൽ വിസ്‌മയകരമായ കുതിപ്പാണ്‌ വിൻഡീസ‌് നടത്തിയത്‌. തുടർതോൽവികൾ മായ‌്ച്ചു. 2014നുശേഷം ഏകദിന പരമ്പര നേടാത്ത ടീം ഇംഗ്ലണ്ടിനെതിരായ അഞ്ച്‌ മത്സരപരമ്പരയിൽ 2–-2ന്‌ ഒപ്പമെത്തി കിരീടം പങ്കിട്ടു. കളിക്കാരും വിൻഡീസ്‌ ക്രിക്കറ്റ്‌ ബോർഡുമായുള്ള പ്രശ്നങ്ങളും ടീമിന്റെ പ്രകടനത്തെ ബാധിച്ചിരുന്നു. ക്രിസ്‌ ഗെയ്‌ലടക്കമുള്ള പ്രമുഖ കളിക്കാർക്ക്‌ സ്ഥാനം നഷ്ടമാകുകയും ചിലർ ടീമിൽനിന്ന്‌ വിട്ടുനിൽക്കുകയും ചെയ്‌തു. റിക്കി സ്‌കെറിറ്റ്‌ ബോർഡിന്റെ തലവനായി എത്തിയതോടെ കളിക്കാരുമായുള്ള ബന്ധം ഊഷ്‌മളമായി. ടീം ഉണർന്നു.

ലോകകപ്പിന‌് ശേഷം വിരമിക്കുന്ന ഓപ്പണർ ക്രിസ്‌ ഗെയ്‌ലാണ്‌ ടീമിന്റെ കുന്തമുന. മുതിർന്ന താരങ്ങളായ കീറൺ പൊള്ളാർഡ്‌, മാർലോൺ സാമുവൽസ്‌ എന്നിവരെ പരിഗണിച്ചില്ല. സ്‌പിന്നർ സുനിൽ നരെയ‌്നുമില്ല. രണ്ട്‌ വർഷമായി ടീമിനായി കളിക്കാത്ത പേസർ ഷാനോൺ ഗബ്രിയേലും ഓൾറൗണ്ടർ ആന്ദ്രേ റസെലും തിരിച്ചെത്തുന്നതും വിൻഡീസിന‌് ഗുണം ചെയ്യും. 2015നു ശേഷം ഒരു ഏകദിനം മാത്രം കളിച്ച റസെലിന്‌ തുണയായത്‌ ഐപിഎലാണ്‌. കൊൽക്കത്ത നൈറ്റ്‌റൈഡേഴ‌്സിനായി 14 കളികളിൽനിന്ന്‌ 510 റണ്ണും 11 വിക്കറ്റും ഓൾറൗണ്ടർ നേടി. ഗെയ്‌ലും റസെലും ഒറ്റയ്‌ക്ക്‌ കളി ജയിപ്പിക്കാൻ പോന്നവരാണ്‌. ഒപ്പം എവിൻ ലൂയിസ‌്, ഷായ്‌ ഹോപ്‌, ഡാരെൻ ബ്രാവോ, ഷിംറോൺ ഹെറ്റ്‌മെയർ തുടങ്ങി ബാറ്റിങ്‌ നിര നിക്കോളാസ്‌ പൂരനിലേക്കുവരെ നീളും. 

നായകൻ ഹോൾഡറാണ്‌ ബൗളിങ് നയിക്കുക. കെമർ റോച്ചും ഗബ്രിയേലും കൂട്ടാളികളാകും. ഒഷാനേ തോമസ്‌ ടീം കരുതിവച്ച ആയുധമാണ്‌.


പ്രധാന വാർത്തകൾ
 Top