26 March Tuesday

ഇംഗ്ലണ്ടിന്റെ ലോകകപ്പ്‌ ടീമായി; ഹാർട്ടും വിൽഷെറിയും പുറത്ത്

വെബ് ഡെസ്‌ക്‌Updated: Thursday May 17, 2018

ജോ / വിൽഷെറി

 

ലണ്ടൻ
മുൻ ഒന്നാം ഗോൾകീപ്പർ ജോ ഹാർട്ടിനെയും മധ്യനിരക്കാരൻ ജാക് വിൽഷെറിയെയും പുറത്തുനിർത്തി ഇംഗ്ലണ്ട് പരിശീലകൻ ഗാരെത് സൗത്ഗേറ്റ് ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു. ചെൽസിയുടെ പ്രതിരോധക്കാരൻ ഗാരി കാഹിൽ തിരിച്ചെത്തിയപ്പോൾ ലിവർപൂളിെൻ പത്തൊമ്പതുകാരൻ പ്രതിരോധക്കാരൻ ട്രെന്റ് അലക്സാണ്ടർ അർനോൾഡും 23 അംഗ ടീമിലെത്തി.

വൻ പ്രതീക്ഷയുള്ള ടീമാണെന്നാണ് പരിശീലകൻ സൗത്ഗേറ്റിന്റെ പ്രതികരണം. സുപ്രധാന മുതിർന്ന താരങ്ങളുള്ള യുവാക്കളുടെ ടീം. കഴിവും മികവും പരിചയസമ്പത്തുംകൊണ്ട് സന്തുലിതമാണ്‐ സൗത്ഗേറ്റ് പറഞ്ഞു. പ്രീമിയർ ലീഗ് ടീം ടോട്ടനം ഹോട്സ്പറിൽനിന്നാണ് കൂടുതൽ അംഗങ്ങൾ; അഞ്ചുപേർ. മാഞ്ചസ്റ്റർ സിറ്റിയിൽനിന്നും മാഞ്ചസ്റ്റർ യുണൈറ്റഡിൽനിന്നും നാലുപേർ വീതം. ചെൽസി, ലിവർപൂൾ, ലെസ്റ്റർ ടീമുകളിൽനിന്ന് രണ്ടുപേർ വീതം. എവർടൺ, സ്റ്റോക് സിറ്റി, ബേൺലി, അഴ്സണൽ എന്നീ ക്ലബ്ബുകളിൽനിന്ന് ഒരാൾവീതവും ടീമിലെത്തി.

വെസ്റ്റ് ഹാം യുണൈറ്റഡിന്റെ ഗോൾകീപ്പറായ ഹാർട്ടിന് സീസണിലെ മോശം പ്രകടനമാണ് ടീമിലേക്കുള്ള വഴിയടച്ചത്. 2012 യൂറോ, 2014 ലോകകപ്പ്, 2016 യൂറോ കപ്പുകളിൽ ടീമിന്റെ ഒന്നാം ഗോളിയായിരുന്നു ഹാർട്ട്. യോഗ്യതാമത്സരങ്ങളിലും ഹാർട്ട് വല കാത്തു. എന്നാൽ വെസ്റ്റ്ഹാമിനുവേണ്ടി 19 കളിയിലിറങ്ങി 39 ഗോളാണ് ഈ മുപ്പത്തൊന്നുകാരൻ വഴങ്ങിയത്. സൗത്ഗേറ്റിനു കീഴിൽ ഇംഗ്ലണ്ട് കുപ്പായത്തിൽ ഒരുതവണ മാത്രമാണ് ഈ മുൻ മാഞ്ചസ്റ്റർ സിറ്റിക്കാരൻ ഇറങ്ങിയത്. എവർടന്റെ ജോർദാൻ പിക്ഫോർഡാണ് ഹാർട്ടിന് പകരക്കാരനാകുക.

ജാക് ബട്ലൻഡ് (സ്റ്റോക് സിറ്റി), നിക് പോപ് (ബേൺലി) എന്നിവരാണ് ടീമിൽ ഇടംപിടച്ച ഇതര ഗോളിമാർ.
പരിക്കിൽ കുടുങ്ങിയ സീസണാണ് അഴ്സണൽകാരൻ വിൽഷെറിക്ക് തിരിച്ചടിയായത്. 38 തവണ ഇക്കുറി കളിച്ചു. പക്ഷേ മികവു കാട്ടാനായില്ല. പകരം ചെൽസിയിലെ റുബെൻ ലോഫ്റ്റസ് ചീക്ക് അപ്രതീക്ഷിത ഉൾപ്പെടുത്തലായി. ഹാരി കെയ്ൻ, ജാമി വാർഡി, മാർകസ് റാഷ്ഫഡ്, റഹീം സ്റ്റെർലിങ് എന്നിവർക്കൊപ്പം ഡാനി വെൽബെക്കും മുന്നേറ്റനിരക്കാരുടെ പട്ടികയിലുണ്ട്.

ലിവർപൂൾ മധ്യനിരതാരം ആദം ലല്ലാനയടക്കം അഞ്ചുപേരെ പകരക്കാരായി പുറത്തുനിർത്തിയിട്ടുണ്ട്. ജൂൺ നാലിനാണ് അന്തിമ ടീംപട്ടിക ഫിഫയ്ക്ക് സമർപ്പിക്കേണ്ടത്.
ഗ്രൂപ്പ് ജിയിൽ ജൂൺ 18ന് ടുണീഷ്യയുമായാണ് ഇംഗ്ലണ്ടിന്റെ ആദ്യ മത്സരം. പനാമയും ബൽജിയവുമാണ് ഇതര എതിരാളികൾ.
ഗോൾകീപ്പർമാർ: ജാക് ബട്ലൻഡ്, ജോർദാൻ പിക്ഫോർഡ്, നിക് പോപ്. പ്രതിരോധക്കാർ: ട്രെൻഡ് അലെക്സാണ്ടെർ അർനോൾഡ്, ഗാരി കാഹിൽ, കൈൽ വാക്കർ, ജോൺ സ്റ്റോൺസ്, ഹാരി മഗ്വെയർ, കീറൺ ട്രിപ്പിയെർ, ഡാനി റോസ്, ഫിൽ ജോൺസ്, ആഷ്ലി യങ്.

മധ്യനിരക്കാർ: എറിക് ഡയർ, ഡെലെ ആല്ലി, ജെസെ ലിങ്ഗാർഡ്, ജോർദാൻ ഹെൻഡേഴ്സൺ, ഫാബിയൻ ഡെൽഫ്, റൂബെൻ ലോഫ്റ്റസ് ചീക്ക്.
മുന്നേറ്റക്കാർ: ജാമി വാർഡി, മാർകസ് റാഷ്ഫഡ്, റഹീം സ്റ്റെർലിങ്, ഡാനി വെൽബെക്ക്, ഹാരി കെയ്ൻ.
പകരക്കാർ: ടോം ഹീറ്റൺ, ജെയിംസ് തർകോവ്സ്കി, ലൂയിസ് കുക്ക്, ജെയ്ക് ലിവർമൂർ, ആദം ലല്ലാന.

പ്രധാന വാർത്തകൾ
 Top