07 July Tuesday

കപ്പിലേക്ക്‌ കുതിപ്പ്‌

വെബ് ഡെസ്‌ക്‌Updated: Monday Feb 17, 2020

നോർവിച്ച്‌ സിറ്റിക്കെതിരെ സാദിയോ മാനെ ലിവർപൂളിന്റെ വിജയഗോൾ നേടുന്നു


ലണ്ടൻ
ലിവർപൂളിന്റെ 30 വർഷത്തെ കാത്തിരിപ്പിന്‌ അഞ്ച്‌ ജയങ്ങൾക്കപ്പുറം അവസാനം. ശേഷിക്കുന്ന 12 കളികളിൽ അഞ്ചിൽ ജയിച്ചാൽ യുർഗൻ ക്ലോപ്പും കൂട്ടരും ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ കിരീടം ചൂടും. നോർവിച്ച്‌ സിറ്റിയെ ഒറ്റ ഗോളിന്‌ കീഴടക്കിയതോടെ  26 കളിയിലായി 76 പോയിന്റായി ലിവർപൂളിന്‌. 15 പോയിന്റ്‌ കൂടി നേടിയാൽ 1990നുശേഷം ഇംഗ്ലീഷ്‌ ചാമ്പ്യൻമാരാകാം. രണ്ടാമതുള്ള മാഞ്ചസ്റ്റർ സിറ്റിക്ക്‌ 51 പോയിന്റാണ്‌. വ്യത്യാസം 25 പോയിന്റ്‌. ലീഗിന്റെ ചരിത്രത്തിൽ ആദ്യമായാണ്‌ ഇത്രയും കളികൾ പൂർത്തിയായപ്പോൾ ഒരു ടീം വലിയ വ്യത്യാസത്തിൽ മുന്നിൽനിൽക്കുന്നത്‌.

വിജയക്കുതിപ്പിലാണ്‌ ലിവർപൂൾ. അപരാജിത മുന്നേറ്റത്തിൽ റെക്കോഡുകൾ പലതും വഴിമാറി. ‌അവസാന സീസണിലടക്കം കഴിഞ്ഞ 43 കളിയിലും ലീഗിൽ തോറ്റിട്ടില്ല. പോയവർഷം മാഞ്ചസ്റ്റർ സിറ്റിക്കുമുന്നിൽ ഒരു പോയിന്റിനായിരുന്നു  കിരീടം അടിയറവ്‌ വച്ചത്‌. ഇത്തവണ പിഴവുകൾ വരുത്തിയില്ല. 26ൽ 25ഉം ജയിച്ചു. ഒരു സമനിലയും. 61 ഗോളുകൾ അടിച്ചുകൂട്ടിയപ്പോൾ വഴങ്ങിയതാകട്ടെ വെറും 15. അവസാന പതിനൊന്ന്‌ കളികളിൽ പത്തിലും അലിസൺ ബെക്കർ കാവൽനിന്ന ലിവർപൂൾ വലയിൽ പന്തെത്തിയില്ല.

ഇനിവരുന്ന അഞ്ചു കളിയിലും ജയിച്ചാൽ ലിവർപൂൾ മാർച്ച്‌ 21ന്‌ ജേതാക്കളാകും. രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ള സിറ്റിയും ലെസ്റ്റർ സിറ്റിയും ഇതിനിടെയുള്ള എല്ലാ കളികളിലും തോറ്റാൽ കിരീടധാരണം നേരത്തേയാകാനുള്ള സാധ്യതയും നിലനിൽക്കുന്നു. ആദ്യ നാല്‌ സ്ഥാനമുറപ്പായതിനാൽ അടുത്ത സീസണിലെ ചാമ്പ്യൻസ്‌ ലീഗിന്‌ യോഗ്യത നേടുകയും ചെയ്‌തു. പ്രീമിയർ ലീഗിൽ ഏറ്റവും വേഗത്തിൽ ചാമ്പ്യൻമാരാകുന്ന ടീമെന്ന നേട്ടത്തിനും അരികെയാണ്‌ ലിവർപൂൾ. അഞ്ചുമത്സരങ്ങൾ ശേഷിക്കേ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡും മാഞ്ചസ്റ്റർ സിറ്റിയുമാണ്‌ ലിവർപൂളിന്‌ മുന്നിലുള്ളത്‌.

നോർവിച്ചിനെതിരെ സാദിയോ മാനെയുടെ തകർപ്പൻ ഗോളാണ്‌ ലിവർപൂളിനെ ജയത്തിലെത്തിച്ചത്‌. പരിക്കുകാരണം അവസാന രണ്ട്‌ കളിയിലും പുറത്തിരുന്ന സെനെഗലുകാരൻ പകരക്കാരനായാണ്‌ എത്തിയത്‌. ക്യാപ്‌റ്റൻ ജോർദാൻ ഹെൻഡേഴ്‌സൺ മൈതാന മധ്യത്തുനിന്ന്‌ നൽകിയ പന്ത്‌ ഗോൾമുഖത്ത്‌ കാലിലാക്കി മാനെ. തടയാനെത്തിയ നോർവിച്ച്‌ പ്രതിരോധക്കാർക്ക്‌ അവസരം നൽകിയില്ല. ഉശിരുള്ള ഇടംകാലടി വലതൊട്ടു. 25ന്‌ വെസ്റ്റ്‌ഹാമിനെതിരെ സ്വന്തംതട്ടകമായ ആൻഫീൽഡിലാണ്‌ ലിവർപൂളിന്റെ അടുത്ത കളി.


പ്രധാന വാർത്തകൾ
 Top