29 February Saturday

തിരിച്ചുവരാൻ ഇന്ത്യ ; ഇന്ത്യ‐ഓസ്‌ട്രേലിയ രണ്ടാം ഏകദിനം ഇന്ന്‌രാജ്‌കോട്ട്

വെബ് ഡെസ്‌ക്‌Updated: Friday Jan 17, 2020

ഇന്ത്യൻ ക്യാപ്‌റ്റൻ വിരാട്‌ കോഹ്‌ലി പരിശീലനത്തിൽ


ഒറ്റത്തോൽവിയിൽ ആത്മവിശ്വാസം നഷ്‌ടപ്പെട്ട നിലയിലാണ്‌ ഇന്ത്യ. തുടർജയങ്ങളുടെ വമ്പുമായി എത്തിയ വിരാട്‌ കോഹ്‌ലിയും കൂട്ടരും ഓസ്‌ട്രേലിയക്ക്‌ മുന്നിൽ മുട്ടുമടക്കി. മുബൈയിലെ പത്ത്‌ വിക്കറ്റ്‌ തോൽവിയുടെ ‌ഭാരവുമായി ഇന്ത്യ ഇന്ന്‌ രണ്ടാം മത്സരത്തിന്‌. ബാറ്റിങ്‌ നിരയിൽ നടത്തിയ പരീക്ഷണങ്ങളിൽ ‘കൈ പൊള്ളിയ’ കോഹ്‌ലി മൂന്നാം നമ്പറിൽ തിരിച്ചെത്തിയേക്കും. രാജ്‌കോട്ടിൽ ജയം പിടിച്ചാൽ മൂന്ന്‌ മത്സര പരമ്പരയിലെ ആയുസ്സ്‌ നീട്ടാം. പകൽ 1.30നാണ്‌ കളി.

വാംഖഡെയിലെ ഒന്നാം ഏകദിനത്തിൽ ഓർത്തെടുക്കാൻ നല്ല നിമിഷം ഒന്നുമില്ല ഇന്ത്യക്ക്‌. തുടക്കംമുതൽ ഒടുക്കംവരെ പിഴച്ചു. ബാറ്റിങ്‌ നിരയിൽ അനാവശ്യ പരീക്ഷണങ്ങളായിരുന്നു. മൂന്ന്‌ ഓപ്പണർമാരെ ഒന്നിച്ചിറക്കി. മൂന്നാം നമ്പറിൽ കോഹ്‌ലിക്ക്‌ പകരം ലോകേഷ്‌ രാഹുലെത്തി. ക്യാപ്‌റ്റൻ നാലാമനായി. നാലാം നമ്പറിൽ സ്ഥിരത കാട്ടിയ ശ്രേയസ് അയ്യർ അഞ്ചും. ശിഖർ ധവാനും (74) രാഹുലും (47) മടങ്ങിയതോടെ ഇന്ത്യ വിയർത്തു. കോഹ്‌ലിക്ക്‌ സ്വാഭാവിക കളി പുറത്തെടുക്കാനായില്ല. പിന്നാലെയെത്തിയ ശ്രേയസിനും മിന്നാനായില്ല. 

ബാറ്റിങ്‌ നിരയിലെ വച്ചുമാറ്റങ്ങളിൽ പുനരാലോചന നടത്തുമെന്ന്‌ കോഹ്‌ലി വ്യക്തമാക്കി. കോഹ്‌ലി മൂന്നാം നമ്പറിൽ മടങ്ങിയെത്താനാണ്‌ കൂടുതൽ സാധ്യത. പരിക്കേറ്റ ഋഷഭ്‌ പന്തിന്‌ പകരക്കാരാൻ ആരാകുമെന്ന്‌ ഉറപ്പിച്ചിട്ടില്ല. കേദാർ ജാദവും ശിവം ദുബെയുമാണ്‌ സാധ്യതകൾ. മനീഷ്‌ പാണ്ഡെയും അവസരം കാത്തിരിപ്പുണ്ട്‌. ഓൾറൗണ്ടർ എന്നത്‌ ദുബെയ്‌ക്ക്‌ അനുകൂലമാണ്‌. എന്നാൽ ഓസീസിനെതിരെ പരിചയസമ്പത്തുള്ള ബാറ്റ്‌സ്‌മാനെ പരിഗണിക്കാൻ മാനേജ്‌മെന്റ്‌ തീരുമാനിച്ചാൽ  ജാദവ്‌ കളത്തിലെത്തും. മൂന്നാം സാധ്യത പാണ്ഡെയ്‌ക്കാണ്‌. പന്തിന്റെ അഭാവത്തിൽ രാഹുൽ വിക്കറ്റിന്‌ പിറകിൽ കാവൽ നിൽക്കും.

ആരോൺ ഫിഞ്ചും ഡേവിഡ്‌ വർണറും അടിച്ചുതകർത്ത ബൗളിങ്‌ നിരയിൽ മാറ്റങ്ങളുണ്ടായേക്കും. മുഹമ്മദ്‌ ഷമിക്ക്‌ പകരം നവ്‌ദീപ്‌ സെയ്‌നിയും കുൽദീപ്‌ യാദവിന്‌ പകരം യുശ്‌വേന്ദ്ര ചഹാലും വന്നേക്കും.

മറുവശത്ത്‌ ഓസീസ്‌ ആത്മവിശ്വാസത്തിലാണ്‌. ആദ്യ കളിയിൽ നേടിയ ജയത്തോടെ മാനസിക ആധിപത്യം നേടിക്കഴിഞ്ഞു ഫിഞ്ചും ടീമും. ഓസീസ്‌ നിരയിൽ മാറ്റങ്ങളുണ്ടാകില്ല.


പ്രധാന വാർത്തകൾ
 Top