27 February Thursday
2018ലെ സംസ്ഥാന കായിക അവാർഡുകൾ

മുഹമ്മദ്‌ അനസിനും തുളസിക്കും ജി വി രാജ പുരസ്‌കാരം

വെബ് ഡെസ്‌ക്‌Updated: Friday Jan 17, 2020


തിരുവനന്തപുരം
സംസ്ഥാന സ്‌പോർട്‌സ്‌ കൗൺസിലിന്റെ 2018ലെ സംസ്ഥാന കായിക അവാർഡുകൾ മന്ത്രി ഇ പി ജയരാജൻ പ്രഖ്യാപിച്ചു. അത്‌ലീറ്റ്‌ മുഹമ്മദ്‌ അനസിനും ബാഡ്‌മിന്റൺ താരം പി സി തുളസിക്കും ജി വി രാജ പുരസ്‌കാരം ലഭിച്ചു.  മൂന്നുലക്ഷം രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ്‌ പുരസ്‌കാരം.

ഒളിമ്പ്യൻ സുരേഷ്‌ ബാബു ലൈഫ്‌ ടൈം അച്ചീവ്‌മെന്റ്‌ പുരസ്‌കാരം അത്‌ലറ്റിക്‌സ്‌ പരിശീലകൻ ടി പി ഔസേഫിനാണ്‌. രണ്ടു ലക്ഷം രൂപയും ഫലകവും പ്രശംസാപത്രവുമാണ്‌ പുരസ്‌കാരം. മികച്ച കായിക പരിശീലകനായി  ഫുട്‌ബോൾ പരിശീലകൻ സതീവൻ ബാലനെ തെരഞ്ഞെടുത്തു. ഒരു ലക്ഷം രൂപയും ഫലകവും പ്രശംസാപത്രവുമാണ്‌ പുരസ്‌കാരം.

മികച്ച കായിക അധ്യാപകനുള്ള (കോളേജ്‌ തലം) പുരസ്‌കാരത്തിനു കണ്ണൂർ എസ്‌എൻ കോളേജിലെ ഡോ. കെ അജയകുമാർ അർഹനായി. സ്‌പോർട്‌സ്‌ ഹോസ്‌റ്റൽ വിഭാഗത്തിൽ കോതമംഗലം മാർ അത്തനേഷ്യസ്‌ അക്കാദമിയിലെ  അത്‌ലീറ്റ്‌ സാന്ദ്ര ബാബു (സ്‌കൂൾതലം), ഇരിങ്ങാലക്കുട ക്രൈസ്‌റ്റ്‌ കോളേജിലെ അത്‌ലീറ്റ്‌ നിബിൻ ബൈജു (കോളേജ്‌ തലം), ചങ്ങനാശ്ശേരി അസംപ്‌ഷൻ കോളേജിലെ അത്‌ലീറ്റ്‌ വി കെ വിസ്‌മയ എന്നിവർ പുസ്‌കാരത്തിന്‌ അർഹരായി. 50,000 രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ്‌ പുരസ്‌കാരം.


 

പാലക്കാട്‌ മാത്തൂർ സിഎഫ്‌ഡിഎച്ച്‌എസിലെ കെ സുരേന്ദ്രനാണ്‌ മികച്ച കായിക അധ്യാപകൻ (സ്‌കൂൾ തലം). മികച്ച കായികനേട്ടം കൈവരിച്ച കോളേജിനുള്ള പുരസ്‌കാരം ഇരിങ്ങാലക്കുട ക്രൈസ്‌റ്റ്‌ കോളേജിനും സ്‌കൂളിനുള്ള പുരസ്‌കാരം പുല്ലൂരാംപാറ സെന്റ്‌ ജോസഫ്‌ ഹൈസ്‌കൂളിനുമാണ്‌. മികച്ച സ്‌പോർട്‌സ്‌ പുസ്‌തകം ബി ടി സിജിൻ, ഡോ. ആർ ഇന്ദുലേഖ എന്നിവർ രചിച്ച ഒരു ഫുട്‌ബോൾ ഭ്രാന്തന്റെ ഡയറിയാണ്‌. ദീപികയിലെ തോമസ്‌ വർഗീസാണ്‌ മികച്ച കായിക ലേഖകൻ.

ദൃശ്യമാധ്യമ വിഭാഗത്തിൽ ഏഷ്യാനെറ്റിലെ ജോബി ജോർജിനാണ്‌ പുരസ്‌കാരം. 50,000 രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ്‌ ഈ പുരസ്‌കാരങ്ങൾ.
പ്രത്യേക പുരസ്‌കാരത്തിന്‌ ബാഡ്‌മിന്റൺതാരം അപർണ ബാലൻ, ദീപക്‌ ധർമടം, എസ്‌എച്ച്‌ കോളേജിലെ കായികാധ്യാപകൻ ഡോ. കെ എ രാജു, എം എ ജാഫർ ഖാൻ എന്നിവരെ തെരഞ്ഞെടുത്തു. 10,001 രൂപയാണ്‌ പുരസ്‌കാരം. പ്രത്യേക പുരസ്‌കാരം നിരസിക്കുന്നതായി അപർണ ബാലൻ അറിയിച്ചു. കാലങ്ങളായി അവഗണിക്കുകയാണെന്നും സർക്കാരിന്‌ പരാതി നൽകുമെന്നും മാധ്യമങ്ങളോട്‌ പറഞ്ഞു.

സംസ്ഥാന സ്‌പോർട്‌സ്‌ കൗൺസിൽ പ്രസിഡന്റ്‌ മേഴ്‌സി കുട്ടൻ, വൈസ്‌ പ്രസിഡന്റ്‌ ഒ കെ വിനീഷ്‌, സെക്രട്ടറി സഞ്‌ജയൻ കുമാർ, സ്‌റ്റാൻഡിങ്‌ കമ്മിറ്റി അംഗങ്ങളായ എം ആർ രഞ്‌ജിത്‌, എസ്‌ രാജീവ്‌, ഐ എം വിജയൻ, മുൻ അന്തർദേശീയതാരം കെ എം ബീനാമോൾ, ഷാജി ജേക്കബ്‌, സ്‌പോർട്‌സ്‌ കൗൺസിൽ അംഗങ്ങളായ കെ എൽ ജോസഫ്‌, പി പി തോമസ്‌, വി വി രമേശൻ, എ എൻ രവീന്ദ്രദാസ്‌ എന്നിവരടങ്ങുന്ന ജൂറിയാണ്‌ ജേതാക്കളെ തെരഞ്ഞെടുത്തത്‌.


പ്രധാന വാർത്തകൾ
 Top