17 February Sunday

ബാറ്റിനും പന്തിനും ഇടയിൽ കേരളം

വികാസ‌് കാളിയത്ത‌്Updated: Thursday Jan 17, 2019

വിരലിന്‌ പരിക്കേറ്റ കേരളത്തിന്റെ സഞ്ജു സാംസൺ ഒറ്റ കൈ കൊണ്ട്‌ പന്ത്‌ തടുത്തിടുന്നു



കൃഷ‌്ണഗിരി (വയനാട‌്‌)
പേസർമാർ കസറിയാൽ കൃഷ‌്ണഗിരിയിൽ കേരളം ഇന്ന‌് ചരിത്രമെഴുതും. രഞ‌്ജി ട്രോഫി ക്രിക്കറ്റിൽ ഗുജറാത്തിന‌ു മുന്നിൽ 195 റണ്ണാണ‌് കേരളം ലക്ഷ്യംവച്ചിരിക്കുന്നത‌്. ബൗളർമാരുടെ അരങ്ങായ കൃഷ‌്ണഗിരിയിൽ 194 മികച്ച സ‌്കോറാണ‌്. പക്ഷേ, രണ്ട‌ു ദിനം മാത്രമേ പൂർത്തിയായുള്ളൂ. ഇനി രണ്ട‌ുദിവസം ബാക്കിയുണ്ട‌്. ഗുജറാത്തിന്റേത‌് മികച്ച ബാറ്റിങ‌് നിരയുമാണ‌്. ഒന്നാം ഇന്നിങ‌്സിൽ ഈ ബാറ്റിങ‌്നിരയെ 162ൽ എറിഞ്ഞിട്ട പേസർമാരിലാണ‌് കേരളത്തിന്റെ പ്രതീക്ഷ. അതേ പ്രകടനം ആവർത്തിച്ചാൽ കേരളത്തിന‌് സെമിയിലേക്ക‌് രാജകീയമായി മുന്നേറാം. രണ്ടാംദിനം 16 വിക്കറ്റുകളാണ‌് വീണത‌്. സ‌്കോർ:  കേരളം 185, 171; ഗുജറാത്ത‌് 162.

സംഭവബഹുലമായിരുന്നു രണ്ടാംദിനം. ഉച്ചയ‌്ക്ക‌്മുമ്പുതന്നെ ഗുജറാത്തിനെ 162 റണ്ണിന‌് കേരളം ചുരുട്ടിക്കെട്ടി. രണ്ടാം ഇന്നിങ‌്സ‌് ആരംഭിച്ച കേരളത്തിനും കാര്യങ്ങൾ ശുഭകരമായില്ല. 171ന‌് പുറത്തായി. ഒന്നാം ഇന്നിങ‌്സിൽ നേടിയ 23 റണ്ണിന്റെ ലീഡ‌് നിർണായകമായി.

രണ്ടാം ഇന്നിങ‌്സിൽ ഭേദപ്പെട്ട തുടക്കമായിരുന്നു കേരളത്തിന‌്. ഓപ്പണർമാരായ മുഹമ്മദ‌് അസ‌്ഹറുദ്ദീനും (0) പി രാഹുലും (10) പെട്ടെന്ന‌് പുറത്തായെങ്കിലും 56 റണ്ണെടുത്ത സിജോമോൻ ജോസ‌ഫ‌് ഒരറ്റത്ത‌് പിടിച്ചുനിന്നു. വിനൂപ‌് മനോഹരൻ (16), ക്യാപ‌്റ്റൻ സച്ചിൻ ബേബി (24) എന്നിവർ ചെറിയ പിന്തുണ നൽകി. ശേഷം കേരളം തകർന്നു. അഞ്ചിന‌് 149 എന്ന ഭേദപ്പെട്ട നിലയിൽനിന്നാണ‌് കേരളം തകർന്നടിഞ്ഞത‌്. ഏഴ‌് ഓവറിൽ 22  റണ്ണെടുക്കുന്നതിനിടെ ശേഷിക്കുന്ന വിക്കറ്റുകൾ നഷ്ടമായി.

ഒരറ്റത്ത‌് ജലജ‌് സക‌്സേന (44*) പൊരുതിനിന്നു. ജലജിന‌് പിന്തുണ കൊടുക്കാൻ വാലറ്റത്തിന‌ു കഴിഞ്ഞില്ല. കഴിഞ്ഞദിവസം ബാറ്റിങ്ങിനിടെ പരിക്കേറ്റ സഞ‌്ജു സാംസൺ പൊട്ടിയ കൈവിരലുമായാണ‌് കളത്തിലിറങ്ങിയത‌്. അവസാന ബാറ്റ‌്സ‌്മാനായി ക്രീസിലെത്തിയ സഞ‌്ജുവിന‌് പിടിച്ചുനിൽക്കാനായില്ല. റണ്ണെടുക്കുംമുമ്പേ സഞ‌്ജു അക‌്സർ പട്ടേലിന്റെ പന്തിൽ വിക്കറ്റിന‌ു മുന്നിൽ കുരുങ്ങി. അവസാന നാല‌് ബാറ്റ‌്സ‌്മാൻമാർ റണ്ണെടുക്കാതെ പുറത്തായി. ഗുജറാത്തിനുവേണ്ടി അക‌്സറും റൂഷ‌് കലാരിയയും മൂന്ന‌ുവീതം വിക്കറ്റെടുത്തു.

പേസർമാരാണ‌് കളിയിൽ കേരളത്തിന‌് ജീവൻ നൽകിയത‌്. ഗുജറാത്തിന്റെ ഒന്നാം ഇന്നിങ‌്സിലെ മുഴുവൻ വിക്കറ്റും പേസർമാർ പങ്കിട്ടു. സന്ദീപ‌് വാര്യർ നാല‌ു വിക്കറ്റ‌് വീഴ‌്ത്തി. ബേസിൽ തമ്പിയും എം ഡി നിധീഷും മൂന്ന‌ുവീതവും. രണ്ടാംദിനം 4–-97 റണ്ണെന്ന നിലയിലാണ‌് ഗുജറാത്ത‌് കളി തുടങ്ങിയത‌്. 65 റൺ കൂട്ടിച്ചേർക്കുന്നതിനിടെ അവർ പുറത്തായി.ഇന്ത്യൻ ടെസ‌്റ്റ‌് ടീം താരമായ പാർഥിവ‌് പട്ടേലാണ‌് ഗുജറാത്ത‌് ബാറ്റിങ‌് നിരയിലെ കരുത്തൻ. ഒന്നാം ഇന്നിങ‌്സിൽ പാർഥിവ‌് 43 റണ്ണെടുത്തിരുന്നു. പാർഥിവിനെ പുറത്താക്കുകയായിരിക്കും കേരളത്തിന്റെ ബൗളർമാർക്കുള്ള വലിയ വെല്ലുവിളി.


പ്രധാന വാർത്തകൾ
 Top