04 July Saturday

പതിയട്ടെ, പുതിയ ചുവടുകൾ

പി സുരേശൻUpdated: Saturday Nov 16, 2019

തൃശൂർ നാട്ടിക ഫിഷറീസ്‌ സ്‌കൂളിലെ ആൻസി സോജൻ പരിശീലനത്തിൽ \ ഫോട്ടോ: സുമേഷ്‌ കോടിയത്ത്‌


കണ്ണൂർ
വേഗ, ദൂര, സമയങ്ങളിൽ പുതിയ ലക്ഷ്യംതേടി, ചുവടിലും കൈകളിലും പോരാട്ടവീര്യവുമായി കായികകൗമാരത്തിന്റെ പുത്തൻ കുതിപ്പിന്‌ ഇന്നുതുടക്കം. മാങ്ങാട്ടുപറമ്പിലെ കണ്ണൂർ സർവകലാശാല സിന്തറ്റിക്‌ ട്രാക്കിൽ സംസ്ഥാന സ്‌കൂൾ കായികമേളയുടെ 63ാം പതിപ്പിന്‌ തുടക്കമാകുന്നതോടെ നാലുനാൾ  പൊടിപാറും. രാവിലെ ഏഴിന്‌ സീനിയർ ആൺകുട്ടികളുടെ 3000 മീറ്റർ ഓട്ടമത്സരത്തോടെ ട്രാക്കുണരും.

14 ജില്ലകളിലെ  1904  കായിക താരങ്ങളാണ്‌ നാലുദിവസങ്ങളിലായി ട്രാക്കിലും ഫീൽഡിലും മാറ്റുരയ്‌ക്കുക.  300 ഒഫീഷ്യലുകളും 200 എസ്‌കോർട്ടിങ്‌ ഒഫീഷ്യലും മേളയ്‌ക്കെത്തുന്നുണ്ട്‌.  16 വർഷത്തിന്‌ ശേഷമാണ്‌ കണ്ണൂർ  സംസ്ഥാന സ്‌കൂൾ കായികമേളയ്‌ക്ക്‌ ആതിഥ്യമരുളുന്നത്‌.

പത്തുവട്ടം ചാമ്പ്യൻ സ്‌കൂളായ കോതമംഗലം സെന്റ്‌ ജോർജിന്റെ അഭാവത്തിൽ നിലവിലെ ചാമ്പ്യന്മാരായ എറണാകുളം കിരീടം നിലനിർത്തുമോ എന്നതാണ്‌ മേളയെ ശ്രദ്ധേയമാക്കുന്നത്‌. 10 സ്വർണമുൾപ്പെടെ 81 പോയിന്റ്‌ നേടി ചാമ്പ്യൻ സ്‌കൂളായ സെന്റ്‌ ജോർജിന്റെ കുതിപ്പിൽ 30 സ്വർണമുൾപ്പെടെ 253 പോയിന്റുമായാണ്‌ കഴിഞ്ഞതവണ എറണാകുളം കിരീടത്തിൽ മുത്തമിട്ടത്‌. 24 സ്വർണമുൾപ്പെടെ 196 പോയിന്റുമായി പാലക്കാട്‌ രണ്ടാംസ്ഥാനത്തും പത്തുസ്വർണമുൾപ്പെടെ 101 പോയിന്റുമായി തിരുവനന്തപുരം മൂന്നാംസ്ഥാനത്തും ഫിനിഷ്‌ ചെയ്‌തു.  എറണാകുളത്തിന്റെ ലക്ഷ്യം പതിനാലാം കിരീടമാണ്‌. 

സ്‌കൂളുകളിൽ നിലവിലെ മൂന്നാംസ്ഥാനക്കാരായ കോതമംഗലം മാർ ബേസിലിന്റെ കരുത്തിലാണ്‌ ഇക്കുറി എറണാകുളത്തിന്റെ പ്രതീക്ഷകൾ. പോരാട്ടം കടുപ്പിക്കാൻ കോഴിക്കോടും പാലക്കാടും തിരുവനന്തപുരവും ഒരുകൈ നോക്കാനുറച്ച്‌ കോട്ടയവും തൃശൂരും ഇറങ്ങുമ്പോൾ എറണാകുളത്തിന്‌ ഇക്കുറി കാര്യങ്ങൾ എളുപ്പമാകില്ല. സ്‌പോർട്‌സ്‌ ഹോസ്‌റ്റൽ സ്‌കൂളുകളിലും ഇക്കുറി മത്സരം കടുക്കും. സായി സ്‌കൂളുകളും ജിവി രാജയും മാതിരപ്പള്ളി ഗവ. വിഎച്ച്‌എസ്‌എസും ഒന്നാംസ്ഥാനത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല.

മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും ഒഫീഷ്യൽസിനും സംഘാടക സമിതി അംഗങ്ങൾക്കും ഇൻഷുറൻസ്‌ പരിരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്‌.  മത്സരഫലം നിർണയിക്കാൻ ഫോട്ടാ ഫിനിഷ്‌ ക്യാമറ, ഇലക്‌ട്രോണിക്‌ ഡിസ്‌റ്റൻഡ്‌ മെഷറർ എന്നിവയും ഫൗൾ സ്‌റ്റാർട്ട്‌ ഡിറ്റക്ടർ സിസ്‌റ്റവും ഏർപ്പെടുത്തിയിട്ടുണ്ട്‌. മത്സരഫലങ്ങൾ www.schoolsports.in എന്ന വെബ്‌സെറ്റിൽ ലഭിക്കും.

രാവിലെ ഒമ്പതിന്‌ പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻ ബാബു പതാക ഉയർത്തും. പകൽ മൂന്നിന്‌ ഒളിമ്പ്യൻ ടിന്റൂ ലുക്ക ദീപം തെളിയിക്കും. അറുപത്തിമൂന്നാമത്‌ സ്‌കൂൾ കായികോത്സവം  പകൽ 3.30ന്‌  കായികമന്ത്രി ഇ പി ജയരാജൻ  ഉദ്‌ഘാടനം ചെയ്യും.  വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്‌ അധ്യക്ഷനാകും. 

 

 

മരുന്നടിക്കാരെ പിടിക്കാൻ നാഡ എത്തും
കണ്ണൂർ
സംസ്ഥാന സ്‌കൂൾ കായികോത്സവത്തിൽ ഉത്തേജക മരുന്ന്‌ ഉപയോഗിച്ച്‌ മത്സരിക്കാനിറങ്ങിയാൽ പിടിവീഴും. ദേശീയ ഉത്തേക മരുന്ന്‌ ഏജൻസി(നാഡ)യുടെ പ്രതിനിധികൾ കണ്ണൂരെത്തും. താരങ്ങളുടെ രക്തസാമ്പിളുകൾ നാഡ ശേഖരിക്കും.  നാഡ മേളക്ക്‌ എത്തുമെന്നാണ്‌ അറിയിച്ചിട്ടുള്ളതെന്ന്‌ കായിക വിദ്യാഭ്യാസ ജോയിന്റ്‌ ഡയറക്ടർ ഡോ. ചാക്കോ ജോസഫ്‌ പറഞ്ഞു.

മുൻ വർഷങ്ങളിൽ നാഡ സംഘം പരിശോധന നടത്തിയിരുന്നു. പാലാ മീറ്റിൽ മരുന്നടിച്ചതിന്‌ ഒരു അത്‌ലീറ്റ്‌ പിടിയിലായിരുന്നു.

 


പ്രധാന വാർത്തകൾ
 Top