13 December Friday

16 വർഷം : ബാബു പൊലീസായ കഥ

ആർ രഞ്‌ജിത്‌Updated: Saturday Nov 16, 2019


കണ്ണൂർ
മൂന്ന്‌ സ്വർണ മെഡലുകൾ ചങ്കിലണിഞ്ഞ്‌ ചിരിച്ചത്‌ ഇന്നലെപ്പോലെയെന്ന്‌ ബാബു പറയും. പക്ഷേ, ആ ചിരിക്ക്‌ പ്രായം പതിനാറായിരിക്കുന്നു. 2003ലെ സംസ്ഥാന സ്‌കൂൾ കായിക മേള 2019ൽ പേരുമാറി കായികോത്സവമായി കണ്ണൂരിൽ തിരിച്ചെത്തുമ്പോൾ കാലം മാറിയിരിക്കുന്നു, ബാബുവിന്റെ ജീവിതവും. വിശപ്പും ദുരിതവും ഊർജമാക്കി അന്ന്‌ മീറ്റിന്റെ ഓമനയായ ആദിവാസി ബാലൻ ഇന്ന്‌ യുവാവായി, പൊലീസായി.

2003ൽ കണ്ണൂർ പൊലീസ്‌ പരേഡ്‌ ഗ്രൗണ്ടിലാണ്‌ കെ എം ബാബു എന്ന എട്ടാം ക്ലാസുകാരന്റെ ട്രിപ്പിൾ സ്വർണം. സബ്‌ജൂനിയർ ആൺകുട്ടികളുടെ ഹൈജമ്പിലും ഡിസ്‌കസ്‌ത്രോയിലും ഷോട്ട്‌പുട്ടിലും ബാബുവിനെ വെല്ലാൻ ആളില്ലായിരുന്നു. വയനാട്‌ നല്ലൂർനാട്‌ അംബേദ്‌കർ മെമ്മോറിയൽ റസിഡൻഷ്യൽ സ്‌കൂളിനെയാണ്‌ പ്രതിനിധീകരിച്ചത്‌. തിരിനെല്ലി അപ്പപ്പാറ ആദിവാസി കോളനിയിൽ ‘അടിയ’ വിഭാഗത്തിൽപെട്ട പതിമൂന്നുകാരന്‌ ഓട്ടവും ചാട്ടയും ഏറുമൊന്നും പുത്തരിയല്ലായിരുന്നു.

വൈത്തിരി പൊലീസ്‌ സ്‌റ്റേഷനിലിൽ ഇരുന്ന്‌ ബാബു അക്കാലം ഓർക്കുന്നു ‘ ഇപ്പോഴും ഈ ജീവിതം സ്വപ്‌നമാണോയെന്ന്‌ ഇടയ്‌ക്കൊക്കെ തോന്നും. വന്നവഴികളൊന്നും മറക്കാനാവില്ല. പട്ടിണിക്കാലം. അച്ഛൻ മറിയും അമ്മ സീതയും കൂലിപ്പണിയെടുത്താണ്‌ എട്ടു മക്കളെ പോറ്റിയത്‌. ഞാൻ ആറാമനായിരുന്നു. കാപ്പിക്കുരു പെറുക്കാൻ ഞങ്ങളും പോകുമായിരുന്നു. കായികാധ്യാപകൻ സുരേഷ്‌ബാബുവും സ്‌പോർട്‌സുമാണ്‌ ജീവിതം മാറ്റിയത്‌.

  ബാബുവിന്‌ കണ്ണൂരിലെ പ്രകടനം പിന്നീട്‌ ആവർത്തിക്കാനായില്ല. പിന്നെ ബാസ്‌കറ്റ്‌ബോളും ഹാൻഡ്‌ബോളും കളിച്ചു. വയനാട്‌ ജില്ലാ സ്‌കൂൾ ടീമിലെത്തി. പ്ലസ്‌ടു കഴിഞ്ഞതും കളമശ്ശേരി പോളി ടെക്‌നിക്കിൽ മെക്കാനിക്കൽ പഠിച്ചു. സ്‌പോർട്‌സിലെ മികവ്‌ പൊലീസിൽ ജോലിക്ക്‌ സഹായകമായി. നാലുവർഷമായി സിവിൽ പൊലീസ്‌ ഓഫീസർ.

ഇപ്പോൾ പ്രായം 30 വയസ്സ്‌. വിവാഹം കഴിഞ്ഞു. ഭാര്യ രമ്യയും ഒമ്പത്‌ മാസം പ്രായമുള്ള മകൾ തേജസ്വിതയും. അച്ഛൻ മറി നാലുവർഷംമുമ്പ്‌ മരിച്ചു. അമ്മ സീത ഇപ്പോൾ കൂലിപ്പണിക്ക്‌ പോകാറില്ല. കോളനിയിൽ പുതിയ വീടുണ്ടാക്കി സന്തോഷകരമായ ജീവിതം.   ജീവിതം മാറിപ്പോയെന്ന്‌ ബാബുവിന്റെ ആത്മഗതം. ‘പഴയകാലം ഓർക്കുമ്പോഴാണ്‌ ജീവിക്കാൻ ആവേശം തോന്നുക. സ്‌പോർട്‌സ്‌ എനിക്കും കുടുംബത്തിനും വഴികാട്ടിയായി’. കണ്ണൂരിൽ കായികോത്സവം കാണാൻ വരുമോയെന്ന ചോദ്യത്തിന്‌ ബാബു ഉത്തരവാദിത്തമുള്ള പൊലീസുകാരനായി ‘ഇല്ല, ഡ്യൂട്ടിയുണ്ട്‌’.


പ്രധാന വാർത്തകൾ
 Top