07 July Tuesday

എവിടെ കൊഴിഞ്ഞു ആ പൂക്കൾ

ജിജോ ജോർജ്‌Updated: Saturday Nov 16, 2019


കണ്ണൂർ
ഷമീന ജബ്ബാർ, ഷാർലിൻ ജോസഫ്‌, റോബിൻ റോസ്‌ മാണി, അനൂപ്‌ സത്യൻ, ഇ എം ഇന്ദുലേഖ, പി ബി ഗിരീഷ്‌, മാജിത നൗറിൻ... ഈ പട്ടിക നീളും. ഇവരൊക്കെ ഓടിക്കയറിയത്‌ വിജയത്തിലേക്ക്‌ മാത്രമായിരുന്നില്ല, മലയാളി മനസ്സുകളിലേക്ക്‌ കൂടിയായിരുന്നു. അമ്പരപ്പിക്കുന്ന പ്രകടനങ്ങളുമായി സ്‌കൂൾ കായികോത്സവത്തിൽ നിറഞ്ഞുനിന്ന എത്രയോപേർ,  ട്രാക്കിൽനിന്ന്‌ ആരോരുമറിയാതെ  കൊഴിഞ്ഞുപോയി.

മധ്യദൂരയിനങ്ങളിൽ ട്രാക്കിനെ ത്രസിപ്പിച്ചവരിൽ പലരും കായിക ജീവിതത്തിന്റെ വിജയവര താണ്ടാനാവാതെ കിതച്ചുപോയി. ഈ അത്‌ലീറ്റുകൾക്കെല്ലാം എന്തു സംഭവിച്ചെന്ന്‌ ഗൗരവമായി ചിന്തിക്കേണ്ട കാലം അതിക്രമിച്ചു. അല്ലെങ്കിൽ പട്ടിക ഇനിയും നീളും.

ജീവിത പ്രതിസന്ധികൾ
തുടർച്ചയായ പരിക്കുകളും സാമ്പത്തിക പ്രശ്‌നങ്ങളും താരങ്ങളെ ട്രാക്കുകളിൽനിന്ന്‌ അകറ്റുന്നു. പഠനകാലത്ത്‌ സ്‌കൂളുകൾ ചെലവ്‌ വഹിക്കും.  സ്‌കൂൾ വിട്ടിറങ്ങുന്നതോടെ സാമ്പത്തികമായി സഹായിക്കാൻ ആളില്ലാത്ത അവസ്ഥയിലാകുന്ന താരങ്ങൾ ചെറിയ ജോലികൾ കിട്ടുന്നതോടെ കായികരംഗത്തുനിന്ന്‌ പിന്മാറുന്നതാണ്‌ സ്ഥിരം കാഴ്‌ച.സ്‌കൂൾ കാലഘട്ടത്തിലെ അശാസ്‌ത്രീയമായ പരിശീലനംകൊണ്ട്‌ ഉണ്ടാകുന്ന പരിക്കുകളും താരങ്ങൾക്ക്‌ വിനയാകാറുണ്ട്‌.

ആ ചാമ്പ്യന്മാരെ കാണാനില്ല
കോരുത്തോട്‌ സി കെ എം സ്‌കൂളിന്റെ ആധിപത്യത്തിന്‌ തടയിട്ടാണ്‌ 2004ൽ കോതമംഗലം സെന്റ്‌ ജോർജ്‌ സ്‌കൂളിന്റെ വരവ്‌. പിന്നീട്‌ സെന്റ്‌ ജോർജിന്റെ കുതിപ്പായിരുന്നു. പത്തുതവണ സംസ്ഥാനത്തെ മികച്ച സ്‌കൂളായി. കണ്ണൂർ മേളയിലേക്ക്‌ സ്‌കൂളിൽനിന്ന്‌ ഒരാൾപോലും മത്സരിക്കാൻ യോഗ്യത നേടിയില്ല. നേട്ടമുണ്ടാക്കിയ ചിലർമാത്രം പിന്നീട്‌ ശ്രദ്ധിക്കപ്പെട്ടു. ബാക്കിയുള്ളവരെല്ലാം എവിടേക്ക്‌ ഒഴുകിപ്പോയെന്നതിന്‌ ഉത്തരമില്ല.  സംസ്ഥാന മേളകളിൽ ഓളമുണ്ടാക്കിയ മണിപ്പൂരികളെയും പിന്നീട്‌ എവിടെയും കണ്ടിട്ടില്ല.

അമിത പരിശീലനം വിന
ചെറുപ്രായത്തിൽ അമിത പരിശീലനം നൽകുന്നതാണ്‌ പലപ്പോഴും താരങ്ങളുടെ വളർച്ചയ്‌ക്ക്‌ തടസമാകുന്നതെന്ന്‌ പ്രമുഖ പരിശീലകനായ ടോമി ചെറിയാൻ പറഞ്ഞു. പ്രായത്തിന്‌ അനുസരിച്ചുള്ള പരിശീലനമല്ല പലപ്പോഴും താരങ്ങൾക്ക്‌ ലഭിക്കുന്നത്‌.  സ്‌കൂളുകൾക്ക്‌ പേരും പ്രശസ്‌തിയും ഉണ്ടാകുന്നതിനായി കുട്ടികളെ കൂടുതൽ ഇനങ്ങളിൽ പങ്കെടുപ്പിക്കുന്നു. സ്‌കൂൾ മേളകൾമാത്രം ലക്ഷ്യംവച്ചുള്ള പരിശീലനം കുട്ടികളുടെ ഭാവിയാണ്‌ നഷ്ടപ്പെടുത്തുന്നത്‌. പല അധ്യാപകർക്കും കുട്ടിയല്ല, സ്വന്തം പേരും സ്‌കൂളുമാണ്‌ വലുത്‌. ഈ അവസ്ഥ മാറണം. അധ്യാപകർക്ക്‌ ഈ കാര്യത്തിൽ അവബോധം ഉണ്ടാക്കാൻ സ്‌പോർട്‌സ്‌ കൗൺസിലും കായിക സംഘടനകളും മുൻകൈയെടുക്കണം–- ടോമി ചെറിയാൻ പറഞ്ഞു.

ഉത്തേജക മരുന്നുകളുടെ ഉപയോഗവും പ്രായത്തിലെ തട്ടിപ്പുമാണ്‌ പലപ്പോഴും സ്‌കൂൾ മേളകളിൽ തിളങ്ങിയവർക്ക്‌ മുന്നോട്ടുപോകാൻ കഴിയാത്തതെന്ന്‌ മുതിർന്ന കായിക പരിശീലകനായ കെ പി തോമസ്‌ പറയുന്നു. മരുന്നു പരിശോധനയുള്ള വലിയ മീറ്റുകളിൽ പങ്കെടുക്കാൻ ജില്ലാ–-സംസ്ഥാനതലങ്ങളിൽ തിളങ്ങിയവരിൽ പലരും മടിക്കുകയാണ്‌. ഇത്‌ സൂചിപ്പിക്കുന്നത്‌ സ്‌കൂൾ മേളകളിൽ പലരും മരുന്നുപയോഗിക്കുന്നുണ്ടെന്നാണ്‌. ഇത്തരക്കാർ കൊഴിഞ്ഞുപോകുന്നതിൽ അത്ഭുതമില്ലെന്നും തോമസ്‌ മാഷ്‌ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top