21 March Thursday

സ‌്പെയ‌ിന‌് തോൽവി

വെബ് ഡെസ്‌ക്‌Updated: Friday Nov 16, 2018

സ്‌പെയ്‌നിനെതിരായ ജയം ആഘോഷിക്കുന്ന ക്രൊയേഷ്യൻ കളിക്കാർ


സാഗ്രബ‌്
ഫൈനൽ വിസിലിന‌് നിമിഷങ്ങൾമാത്രം ശേഷിക്കെ നേടിയ ഗോളിൽ സ‌്പെയിനോട‌് ക്രൊയേഷ്യ പകരംവീട്ടി. യുവേഫ നേഷൻസ‌് ലീഗിലെ നിർണായക മത്സരത്തിൽ രണ്ടിനെതിരെ മൂന്ന‌് ഗോളിനാണ് ലോകകപ്പ‌ിലെ രണ്ടാംസ്ഥാനക്കാരുടെ ജയം. ചാമ്പ്യൻഷിപ്പിൽ നേരത്തെ ഇതേ എതിരാളിയോട‌് ഏകപക്ഷീയമായ ആറ‌് ഗോളിന‌് ക്രൊയേഷ്യ പരാജയപ്പെട്ടിരുന്നു. സ്വന്തം നാട്ടിൽ ഗംഭീര തിരിച്ചുവരവ‌് നടത്തിയതിലൂടെ ലൂക്കാ മോഡ്രിച്ചും കൂട്ടരും നേഷൻസ‌് ലീഗിന്റെ ഫൈനൽ ഘട്ടത്തിൽ കളിക്കാനുള്ള സാധ്യത നിലനിർത്തി. മറ്റൊരു മത്സരത്തിൽ ബൽജിയം ഐസ‌്‌ലൻഡിനെ എതിരില്ലാത്ത രണ്ട‌് ഗോളിന‌് തോൽപ്പിച്ചു.

തികച്ചും വ്യത്യസ‌്തമായ രണ്ടു പകുതികളായിരുന്നു സ‌്പെയിൻ–-ക്രൊയേഷ്യ മത്സരം. ആദ്യപകുതിയിൽ ഇരുകൂട്ടരും തുറന്നപോരാട്ടത്തിന‌് മടിച്ചു. കാര്യമായ മുന്നേറ്റങ്ങൾക്ക‌് താൽപ്പര്യം കാണിച്ചില്ല. പ്രതിരോധത്തിലൂന്നി ടീമുകൾ പന്തുതട്ടി. അതുകൊണ്ട‌ുതന്നെ ഇൗ പകുതി ഗോൾരഹിതമായി.

രണ്ടാംപകുതിയിൽ കഥ മാറി. പന്ത‌് ഇരുപകുതിയിലേക്കും അതിവേഗം കയറിയിറങ്ങി. ആസൂത്രിത നീക്കങ്ങളുടെ കാര്യത്തിൽ സ‌്പെയിനായിരുന്നു ഒരുപടി മുന്നിൽ. എന്നാൽ, കിട്ടിയ അവസരങ്ങൾ മുതലെടുത്ത ക്രൊയേഷ്യ ജയം പിടിച്ചെടുത്തു. ടിൻ  ജദ‌്‌വാജ‌് ക്രൊയേഷ്യക്കായി ഇരട്ടഗോൾ നേടി. ഒരു ഗോൾ ആന്ദ്രെ ക്രമറിച്ചിന്റെ വകയായിരുന്നു. സ‌്പെയിനിനായി സെബല്ലോസും നായകൻ സെർജിയോ റാമോസും വലകുലുക്കി.

ലോക ഫുട‌്ബോളിലെ മുൻനിര ടീമുകൾ മുഖാമുഖം വന്ന ആദ്യപകുതി ആവേശരഹിതമായിരുന്നു. തുടക്കത്തിൽ സ‌്പെയിൻ പിൻവലിഞ്ഞുകളിച്ചു. ഈ അവസരം മുതലെടുത്ത‌് മുന്നോട്ടുകയറാൻ ക്രൊയേഷ്യ താൽപ്പര്യം കാണിച്ചില്ല. കളി പുരോഗമിച്ചപ്പോൾ മോഡ്രിച്ചും ഇവാൻ റാക്കിട്ടിച്ചും ഇവാൻ പെരിസിച്ചും ചേർന്ന‌് സ‌്പെയിൻ ഗോൾമുഖത്ത‌് രണ്ടുമൂന്നുതവണ പന്തെത്തിച്ചു. എന്നാൽ, വൈകാതെ സ‌്പെയിൻ താളം കണ്ടെത്തി. ഇസ‌്കോയായിരുന്നു നീക്കങ്ങളുടെ സൂത്രധാരൻ.  കൂടുതൽ സമയം പന്ത‌് കൈവശം വയ‌്ക്കുന്ന ടീമിന്റെ പതിവുശൈലിക്ക‌് കളിയിൽ വലിയ സ്വാധീനമുണ്ടാക്കാനായില്ല. സ‌്പെയിൻ ഉണർന്നുവെന്ന തോന്നലിൽ ക്രോട്ടുകൾ പ്രതിരോധത്തിന്റെ ആഴങ്ങളിലേക്കുമിറങ്ങി. കളി തണുത്തു. ഗോൾമുഖങ്ങൾ മരവിപ്പിലായി. രണ്ടാംപകുതിയിൽ ടീമുകൾക്ക‌് കുടുതൽ ഉന്മേഷം കൈവന്നു. സ‌്പെയിൻ ആക്രമണോത്സുകത പ്രകടിപ്പിച്ചു. ഇയാഗോ അസ‌്പാസിനെ മുന്നണിയിൽ നിർത്തി ഇസ‌്കോയും റോഡ്രിഗോയും നിറഞ്ഞുകളിച്ചു.

കളിയുടെ ഗതിക്ക‌് വിപരീതമായി ക്രമറിച്ച‌് ക്രൊയേഷ്യയെ മുന്നിലെത്തിച്ചു. സ‌്പെയിൻ പ്രതിരോധത്തിന്റെ ആലസ്യം മുതലെടുത്ത ക്രമറിച്ച‌് ഡേവിഡ‌് ഡെ ഗെയയെ കീഴടക്കി. രണ്ടു മിനിറ്റ‌ുമാത്രമേ ഈ ലീഡ‌ിന‌് ആയുസ്സുണ്ടായുള്ളൂ. ഇസ‌്കോയും അസ‌്പാസും ചേർന്നുള്ള മുന്നേറ്റം സമനിലഗോളിൽ കലാശിച്ചു. ഈ മുന്നേറ്റം ചെന്നുനിന്നത‌് സെബല്ലോസിലാണ‌്. സെബല്ലോസ‌് അനായാസം പന്ത‌് വലയിലാക്കി. പിന്നീട‌്, ജെദ‌്‌വാജയുടെ ഉൗഴമായിരുന്നു. 69–-ാംമിനിറ്റിൽ മോഡ്രിച്ചിന്റെ ക്രോസിന‌് ഈ ഇടതുവിങ് ബാക്ക‌് തലവച്ചപ്പോൾ ക്രൊയേഷ്യ വീണ്ടും മുന്നിൽ കടന്നു. ഒമ്പതു മിനിറ്റിനകം പെനൽറ്റിയിലൂടെ വീണ്ടും സമനില. ബോക‌്സിനകത്തുവച്ച‌്  പ്രതിരോധക്കാരൻ സിമെ വ്രസാൽക്കോയുടെ കൈയിൽ പന്ത‌് തട്ടിയതിനായിരുന്നു പിഴ. ഇടത്തോട്ടു ചാടിയ ഗോളി കാലിനിച്ചിനെ കബളിപ്പിച്ച‌് റാമോസ‌് പെനൽറ്റി ലക്ഷ്യത്തിൽ എത്തിച്ചു. 

അവസാനഘട്ടത്തിൽ ജയത്തിനായി സ‌്പെയിൻ സർവവും മറന്നു മുന്നോട്ടുകയറി. ഈ തക്കത്തിൽ കിട്ടിയ അവസരം ക്രൊയേഷ്യ മുതലെടുത്തു.
സ‌്പെയിന‌് തിരിച്ചുവരവിന‌് അവസരംപോലുമുണ്ടായില്ല. മാഴ‌്സലോ ബ്രോസോവിച്ചിന്റെ താഴ‌്ന്നുവന്ന അടി ഡെ ഗെയ തട്ടിയിട്ടു.  ഓടിയടുത്ത ജെദ‌്‌വാജിനുമുന്നിലാണ‌് പന്തുനിന്നത‌്. ജെദ‌്‌വാജ‌് അനായാസം പന്തിനെ വലയിലേക്ക‌് യാത്രയാക്കി.

ക്രൊയേഷ്യയുടെ ജയത്തോടെ എ 2 ഗ്രൂപ്പിൽ ഇംഗ്ലണ്ട‌് ഉൾപ്പെടെ മൂന്ന‌ു ടീമിനും അന്തിമഘട്ടത്തിൽ കടക്കാൻ സാധ്യത തെളിഞ്ഞു. ഗ്രൂപ്പിൽ ആറ‌് പോയിന്റുമായി സ‌്പെയിനാണ‌് മുന്നിൽ. ഇംഗ്ലണ്ടിനും ക്രൊയേഷ്യക്കും മൂന്നു കളിയിലായി നാല‌് പോയിന്റുണ്ട‌്. ഗോൾ ശരാശരിയിൽ ഇംഗ്ലണ്ടാണ‌് രണ്ടാമത‌്. സ‌്പെയിൻ നാലു കളി പൂർത്തിയാക്കി. ഞായറാഴ‌്ച വെംബ്ലിയിൽ നടക്കുന്ന ഇംഗ്ലണ്ട‌്–- ക്രൊയേഷ്യ മത്സരം ഗ്രൂപ്പിന്റെ വിധി നിർണയിക്കും. ഈ കളി ജയിക്കുന്നവർ ഗ്രൂപ്പ‌ുജേതാക്കളായി അന്തിമഘട്ടത്തിലേക്കു കടക്കും. സമനിലയായാൽ സ‌്പെയിൻ ഒന്നാമതായി മുന്നോട്ടുപോകും. ചെൽസിയുടെ മിഷി ബട‌്ഷുവായി നേടിയ ഇരട്ടഗോളിലായിരുന്നു ബൽജിയത്തിന്റെ ജയം. ഞായറാഴ‌്ച സ്വിറ്റ‌്സർലൻഡിനോട‌് സമനില മതി ബൽജിയത്തിന‌് അന്തിമഘട്ടത്തിൽ കടക്കാൻ.

മറ്റു മത്സരങ്ങളിൽ ഗ്രീസ‌് ഫിൻലൻഡിനെയും (1–-0) ഹംഗറി എസ‌്തോണിയയെയും (2–-0) ബെലാറസ‌് ലക‌്സംബർഗിനെയും (2–-0) മാൾഡോവ സാൻമരീനോയെയും (1–-0) തോൽപ്പിച്ചു. കസാക്കിസ്ഥാൻ–- ലാത‌്വിയ, ഓസ‌്ട്രിയ–-ബോസ‌്നിയ ഹെർസെഗൊവിന, അൻഡോറ–- ജോർജിയ മത്സരങ്ങൾ സമനിലയായി.


പ്രധാന വാർത്തകൾ
 Top