13 November Wednesday

കളിമറന്നു ; ലോകകപ്പ്‌ യോഗ്യതയിൽ ബംഗ്ലാദേശിനോട്‌ സമനില (1‐1)

വെബ് ഡെസ്‌ക്‌Updated: Wednesday Oct 16, 2019

ബംഗ്ലാദേശിനെതിരെ ആദിൽ ഖാൻ ഇന്ത്യയുടെ സമനില ഗോൾ നേടുന്നു

 
കൊൽക്കത്ത : ഖത്തറിനെ വിറപ്പിച്ച ഇന്ത്യക്ക്‌ ബംഗ്ലാദേശിന്റെ സമനില ഷോക്ക്‌. അനായാസ ജയം ലക്ഷ്യമിട്ട്‌ ഇറങ്ങിയ ഇന്ത്യ കൊൽക്കത്തയിൽ ബംഗ്ലാദേശിനോട്‌ സമനിലയുമായി രക്ഷപ്പെടുകയായിരുന്നു (1–-1). കളി തീരാൻ നിമിഷങ്ങൾ മാത്രം ശേഷിക്കെ ആദിൽ ഖാന്റെ ഹെഡർ തോൽവിയുടെ വക്കിൽനിന്ന്‌ ഇന്ത്യയെ രക്ഷിച്ചു. ഈ സമനില ഒട്ടും ആശ്വാസം നൽകുന്നതല്ല. ലോകകപ്പ്‌ ഫുട്‌ബോൾ യോഗ്യതാ റൗണ്ടിൽ മൂന്ന്‌ കളിയിൽ രണ്ട്‌ പോയിന്റ്‌ മാത്രമാണ്‌ ഇന്ത്യക്ക്‌. ഗ്രൂപ്പ്‌ ഇയിൽ നാലാം സ്ഥാനം. മുന്നേറ്റം ഇനി അസാധ്യം.

ഇഗർ സ്‌റ്റിമച്ചിന്റെ കീഴിൽ കളിയിൽ മെച്ചപ്പെട്ടുവരുന്ന ഇന്ത്യക്ക്‌ ബംഗ്ലാദേശിനെതിരെ ജയപ്രതീക്ഷയുണ്ടായിരുന്നു. റാങ്കിങ്‌ പട്ടികയിൽ 187–-ാം സ്ഥാനക്കാരാണവർ. ഇന്ത്യ 104–-ാമതും. പക്ഷേ, കളിയിൽ അതുകണ്ടില്ല. ആദ്യ 45 മിനിറ്റ്‌ ഇന്ത്യൻ കളിക്കാർ മറക്കാനാഗ്രഹിക്കും. മോശം പ്രതിരോധവും ചലനമില്ലാത്ത മധ്യനിരയും കളിയിൽ ഇന്ത്യയെ പിന്നോട്ടടിപ്പിച്ചു. പരിക്കേറ്റ സന്ദേശ്‌ ജിങ്കന്റെ അഭാവം പ്രതിരോധത്തെ ദുർബലമാക്കി. ഏറെനാളുകൾക്കു ശേഷം കളിക്കാനിറങ്ങിയ മലയാളിതാരം അനസ്‌ എടത്തൊടികയ്‌ക്ക്‌ താളം കണ്ടെത്താനായില്ല. രാഹുൽ ബെക്കെയായിരുന്നു പ്രതിരോധത്തിലെ ദുർബല കണ്ണി.

ആദ്യ ഗോളിന്‌ ബെക്കെയുടെ പിഴവ്‌ കാരണമായി. ഗോൾമേഖലയിൽ ബെക്കെ ഫ്രീകിക്ക്‌ വഴങ്ങി. ജമാൽ ബുയാൻ കിക്കെടുത്തു. ബോക്‌സിൽ സാദ്‌ ഉദ്ദീൻ സമ്മർദമില്ലാതെനിന്നു. ഗോൾ കീപ്പർ ഗുർപ്രീത്‌ സിങ്‌ സന്ധു പന്ത്‌ പിടിക്കാൻ കയറിവന്നു. പിടിച്ചെടുക്കാനായില്ല. ഒറ്റപ്പെട്ടുനിന്ന ഉദ്ദീൻ ഹെഡറിലൂടെ  വല കുലുക്കി. ഇന്ത്യ ഞെട്ടി.

ഗോൾ ഉണർത്തിയില്ല ഇന്ത്യയെ. ക്യാപ്‌റ്റൻ സുനിൽ ഛേത്രിയും സഹൽ അബ്‌ദുൾ സമദും ആഷിഖ്‌ കുരുണിയനും പരമാവധി ശ്രമിച്ചെങ്കിലും ആക്രമണങ്ങൾക്ക്‌ മൂർച്ചയുണ്ടായില്ല. ബംഗ്ലാദേശ്‌ പ്രതിരോധം  കരുത്തോടെ നിലകൊണ്ടു. ഇതിനിടെ പ്രതിരോധവും ഗോൾ കീപ്പർ സന്ധുവും ഒരിക്കൽക്കൂടി അബദ്ധം കാട്ടി. ആദിൽ ഖാൻ ഗോൾവരയ്‌ക്കരികെവച്ച്‌ പന്ത്‌ അടിച്ചുകളയുകയായിരുന്നു.

രണ്ടാംപകുതിയിൽ ഇന്ത്യ മെച്ചപ്പെട്ട പ്രകടനം നടത്തി. അനസിന്റെ ഹെഡർ ബംഗ്ലാദേശ്‌ ഗോൾ കീപ്പറെ മറികടന്നെങ്കിലും പ്രതിരോധം തടഞ്ഞു. ഛേത്രി ആക്രമണം നയിച്ചു. അവസാന ഘട്ടത്തിൽ നല്ല നീക്കങ്ങളുണ്ടായി. കളി തീരാൻ രണ്ട്‌ മിനിറ്റ്‌ ശേഷിക്കെ ബ്രണ്ടൻ ഫെർണാണ്ടസിന്റെ കോർണറിൽ തലവച്ച്‌ ആദിൽ തോൽവിയിൽനിന്ന്‌ ഇന്ത്യയെ രക്ഷിച്ചു.

നവംബർ 14ന്‌ അഫ്‌ഗാനിസ്ഥാനുമായിട്ടാണ്‌ ഇന്ത്യയുടെ അടുത്ത മത്സരം.


പ്രധാന വാർത്തകൾ
 Top