19 October Saturday

ആഷസ്‌ അവസാന ടെസ്റ്റ്‌ : ഇംഗ്ലണ്ട്‌ ജയത്തിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Monday Sep 16, 2019

ഓസ്‌ട്രേലിയൻ ബാറ്റ്‌സ്‌മാൻ സ്‌റ്റീവ്‌ സ്‌മിത്ത്‌ പുറത്തായപ്പോൾ ഇംഗ്ലണ്ട്‌ താരങ്ങളുടെ ആഹ്ലാദം


ഓവൽ
അവസാന ആഷസ്‌ ക്രിക്കറ്റ്‌ ടെസ്‌റ്റിൽ ഇംഗ്ലണ്ടിനു മേൽക്കൈ. ഇംഗ്ലണ്ട്‌ ഉയർത്തിയ 399 റൺ വിജയലക്ഷ്യം പിന്തുടരുന്ന ഓസ്‌ട്രേലിയ ഒടുവിൽ വിവരം കിട്ടുമ്പോൾ ആറു വിക്കറ്റ്‌ നഷ്ടത്തിൽ 230 റണ്ണെന്ന നിലയിലാണ്‌. ജയിക്കാൻ 169 റൺ ഇനിയും വേണം. ഇംഗ്ലണ്ടിനാകട്ടെ നാലു വിക്കറ്റും. 2–-1ന്‌ മുന്നിലുള്ള ഓസീസ്‌ പരമ്പര നേരത്തേ ഉറപ്പിച്ചതാണ്‌. നിലവിലെ ചാമ്പ്യൻമാർ എന്ന നിലയിൽ 2–-2ന്‌ തുല്യരായാലും കിരീടം ഓസീസിന്‌ സ്വന്തം.

സെഞ്ചുറിയുമായി പുറത്താകാതെനിൽക്കുന്ന മാത്യു വെയ്‌ഡിലാണ്‌ ഓസീസിന്റെ പ്രതീക്ഷ. പാറ്റ്‌ കമ്മിൻസാണ്‌ (8) വെയ്‌ഡിനു കൂട്ടായി ക്രീസിൽ. സ്‌കോർ: ഇംഗ്ലണ്ട്‌ 294, 329 ഓസ്‌ട്രേലിയ 225, 6–-2‌30.

നാലാംദിനം രണ്ടാം ഇന്നിങ്‌സിൽ എട്ടിന്‌ 313 എന്ന നിലയിൽ ബാറ്റിങ്‌ ആരംഭിച്ച ഇംഗ്ലണ്ടിന്‌ പതിനാറ്‌ റണ്ണുകൾ ചേർക്കുന്നതിനിടെ എല്ലാവരെയും നഷ്ടമായി. 12 റണ്ണുമായി സ്റ്റുവർട്ട്‌ ബ്രോഡ്‌ പുറത്താകാതെനിന്നു. ഓസീസിനായി സ്‌പിന്നർ നതാൻ ല്യോൺ നാല്‌ വിക്കറ്റുകൾ വീഴ്‌ത്തി.

399 റൺ തേടിയിറങ്ങിയ ഓസ്‌ട്രേലിയയെ ബ്രോഡിന്റെ നേതൃത്വത്തിൽ ഇംഗ്ലീഷ്‌ ബൗളർമാർ ഒതുക്കി. 29 റണ്ണെടുക്കുന്നതിനിടെ ഓപ്പണർമാരായ മാർകസ്‌ ഹാരിസിനെയും (9), ഡേവിഡ്‌ വാർണറെയും (11) ബ്രോഡ്‌ മടക്കി. മാർണസ്‌ ലബുഷെയ്‌നും (14) ഒട്ടും പിടിച്ചുനിൽക്കാനായില്ല.

പരമ്പരയിൽ റൺമല തീർത്ത സ്‌റ്റീവ്‌ സ്‌മിത്തിലായി ഓസ്‌ട്രേലിയയുടെ പ്രതീക്ഷ മുഴുവനും. എന്നാൽ, സ്‌മിത്തിനെ (23) ബെൻ സ്‌റ്റോക്‌സിന്റെ കൈകളിലെത്തിച്ച്‌ ബ്രോഡ്‌ നിർണായക വിക്കറ്റെടുത്തു.

പതർച്ചയിൽനിന്നു വെയ്‌ഡ്‌ പതിയെ ഓസീസിനെ കരകയറ്റി. മിച്ചെൽ മാർഷുമൊത്ത്‌ (24) 73 റണ്ണും ക്യാപ്‌റ്റൻ ടിം പെയ്‌നുമൊത്ത്‌ (21) 52 റണ്ണിന്റെ കൂട്ടുകെട്ടുമുണ്ടാക്കി വെയ്‌ഡ്‌  ഒരുവശത്ത്‌ നിലയുറപ്പിച്ചു.


പ്രധാന വാർത്തകൾ
 Top