25 August Sunday

ഹൃദയം നിലച്ച കിരീടരാവ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jul 16, 2019

മാർടിൻ ഗുപ്‌റ്റിലിന്റെ ഏറിൽ പന്ത്‌ ബെൻ സ്‌റ്റോക്‌സിന്റെ ബാറ്റിൽതട്ടി ബൗണ്ടറിയിലേക്ക്‌ പായുന്നു


ലോർഡ‌്സ‌്
ഇരുപത്താറും പതിനേഴും. ലോകകപ്പ‌് ക്രിക്കറ്റിന്റെ അവസാന ചിത്രത്തിൽ തെളിയുന്ന സംഖ്യകൾ. ഇംഗ്ലണ്ടിനെ വിജയത്തിന്റെ ഉന്മാദത്തിലേക്കും ന്യൂസിലൻഡിനെ തോൽവിയുടെ ഹൃദയവേദനയിലേക്കും നയിച്ച സംഖ്യകൾ. നാൽപ്പത്തിനാലു വർഷം നീണ്ട ലോകകപ്പ‌് ചരിത്രത്തിൽ ഇതുപോലെ ത്രസിപ്പിച്ച മറ്റൊരു അധ്യായമുണ്ടായിട്ടില്ല. ഒരുപക്ഷേ, ഏകദിന ക്രിക്കറ്റിലും.

സിക‌്സറുകളുടെയും ബൗണ്ടറികളുടെയും എണ്ണത്തിൽ ഏകദിന ലോകകപ്പിൽ ഒരു ലോക ചാമ്പ്യന്റെ ഉദയം. അമ്പതോവർ കളിയുടെ എല്ലാ ആവേശതലങ്ങളും തൊട്ടു ലോർഡ‌്സ‌്. വൈകിട്ട‌് 6.30 മുതൽ രാത്രി 7.30 വരെ (ഇന്ത്യൻ സമയം രാത്രി 11 മുതൽ 12 വരെ) നീണ്ട നാടകീയ നിമിഷങ്ങൾ. തോൽവിയും ജയവും ഇംഗ്ലണ്ടിനെയും ന്യൂസിലൻഡിനെയും മാറിമാറി തൊട്ടു. ലോകകപ്പ‌് ഫൈനലിൽ ആദ്യമായി സമനില, പിന്നാലെ സൂപ്പർ ഓവർ, അതിലും സമനില. ഒടുവിൽ ബൗണ്ടറി കണക്കുകൾ.

അവിടെ ഭാഗ്യം ഇംഗ്ലണ്ടിനൊപ്പം.
അമ്പതോവറിലും സൂപ്പർ ഓവറിലുമായി ഇംഗ്ലണ്ട‌് നേടിയത‌് 23 ഫോറും മൂന്ന‌് സിക‌്സറും. ആകെ 26. ന്യൂസിലൻഡ‌് നേടിയത‌് 15 ഫോറും രണ്ട‌് സിക‌്സറും. ആകെ 17.
ബൗണ്ടറി കണക്കിനും സൂപ്പർ ഓവറിനും മുമ്പ‌് ഇംഗ്ലണ്ട‌് ഇന്നിങ‌്സിലെ അമ്പതാം ഓവറായിരുന്നു മത്സരത്തിലെ ഏറ്റവും ആവേശകരമായ അധ്യായം.

ആദ്യ പന്ത‌് ബെൻ സ‌്റ്റോക‌്സ‌് കളത്തിൽ മുട്ടിയിടുമ്പോൾ ലോർഡ‌്സ‌് സ‌്റ്റേഡിയം നിശബ‌്ദമായിരുന്നു. ന്യൂസിലൻഡ‌് ക്യാപ‌്റ്റൻ കെയ‌്ൻ വില്യംസൺ, തന്റെ പ്രിയപ്പെട്ട ബൗളർ ട്രെന്റ‌് ബോൾട്ടിന‌് കൈയടിച്ചു. ബോൾട്ടിന്റെ രണ്ടാമത്തെ പന്തിലും സ‌്റ്റോക‌്സ‌് റണ്ണെടുത്തില്ല. കൂറ്റൻ സ‌്ക്രീനിൽ തെളിഞ്ഞു. നാല‌് പന്തിൽ 15 റൺ.

ബോൾട്ടിന്റെ മുഖത്ത‌് ചിരി പടർന്നു. ഇംഗ്ലണ്ടിനും ന്യൂസിലൻഡിനും ലോകകപ്പ‌് സ്വപ‌്നത്തിലേക്കുള്ള സമവാക്യമായി അത‌്.ബോൾട്ടിന്റെ മൂന്നാം പന്ത‌്. യോർക്കറെന്ന‌് ഉറപ്പാക്കി എറിഞ്ഞു. വേഗംകുറച്ചു. പന്ത‌് സ‌്റ്റോക‌്സിന്റെ ബാറ്റിൻ തുമ്പത്ത‌്. കാൽമുട്ടിലിരുന്ന‌് സ‌്റ്റോക‌്സ‌് ആഞ്ഞുവീശി. സിക‌്സർ. ലോർഡ‌്സ‌് ആർത്തുവിളിച്ചു.

നാലാം പന്ത‌്. ഫുൾടോസ‌്. ഡീപ‌് മിഡ‌്‌വിക്കറ്റിലേക്ക‌് തൊടുത്തു സ‌്റ്റോക‌്സ‌്. അവിടെ മാർടിൻ ഗുപ‌്റ്റിൽ. സെമിയിൽ മഹേന്ദ്രസിങ‌് ധോണിയെ നേരിട്ടുള്ള ഏറിൽ മടക്കിയ ഗുപ‌്റ്റിൽ. പന്ത‌് കൈയിലെടുത്തു. സ‌്റ്റോക‌്സ‌് രണ്ടാം റണ്ണിനായി ഓടുകയാണ‌്. സ‌്റ്റമ്പ‌് ലക്ഷ്യമാക്കി ഗുപ‌്റ്റിൽ പന്തെറിഞ്ഞു. സ‌്റ്റോക‌്സ‌് റണ്ണൗട്ടിൽനിന്ന‌് രക്ഷപ്പെടാനായി ക്രീസിലേക്ക‌് ബാറ്റ‌് നീട്ടി വീണു. പന്ത‌് കൊണ്ടത‌് സ‌്റ്റോക‌്സിന്റെ ബാറ്റിൽ. തട്ടിത്തെറിച്ച‌് നേരെ ബൗണ്ടറിയിലേക്ക‌്. ഓടിയ രണ്ടും ഫോറും ചേർത്ത‌് ആറ‌് റൺ.   ന്യൂസിലൻഡിന്റെ ഹൃദയതാളം നിലച്ചു.

രണ്ട‌് പന്തിൽ മൂന്ന‌്. ഇനിയെന്തെന്ന‌് വില്യംസൺ ബോൾട്ടിനോട‌് ചോദിച്ചു. ബോൾട്ട‌് ആത്മവിശ്വാസം കാട്ടി. അഞ്ചാം പന്ത‌്. കൃത്യം യോർക്കർ. ലോങ‌് ഓഫി‌ലേക്കാണ‌് പന്ത‌് പോയത‌്. മിച്ചെൽ സാന്റ‌്നെർ ഓടിയെടുത്തു. രണ്ട‌് റണ്ണിനായുള്ള ഇംഗ്ലണ്ടിന്റെ ശ്രമത്തെ സാന്റ‌്നെർ നിർവീര്യമാക്കി. ആദിൽ റഷീദ‌് റണ്ണൗട്ടായി മടങ്ങി.

ഒരു പന്തിൽ രണ്ട‌്.
ആറാം പന്ത‌്. യോർക്കറായിരുന്നു ബോൾട്ടിന്റെ ലക്ഷ്യം. പക്ഷേ, ഫുൾടോസായി. സ‌്റ്റോക‌്സിന‌് അടിച്ചകറ്റാനായില്ല. പന്ത‌് ലോങ‌് ഓണിൽ. രണ്ട‌് റണ്ണിനായി സ‌്റ്റോക‌്സും മാർക‌് വുഡും ഓടി. പക്ഷേ, വുഡ‌് കളത്തിൽ തിരിച്ചെത്തുംമുമ്പ‌് ബോൾട്ട‌് സ‌്റ്റമ്പ‌് ഇളക്കിയിരുന്നു. ലോർ‌ഡ‌്സ‌് ആർത്തലച്ചു. കൂറ്റൻ സ‌്ക്രീനിൽ വീണ്ടും തെളിഞ്ഞു. മത്സരം സമനില. ന്യൂസിലൻഡ‌് 8–-241; ഇംഗ്ലണ്ട‌് 241.

സൂപ്പർ ഓവറിൽ ബെൻ സ‌്റ്റോക‌്സും ജോസ‌് ബട‌്‌ലറും ചേർന്ന‌് ഇംഗ്ലണ്ടിനായി നേടിയത‌് 15 റൺ. ജോഫ്ര ആർച്ചെറിന്റെ രണ്ടാം പന്ത‌് സിക‌്സർ പറത്തി ജിമ്മി നീഷം കിവികളെ കിരീടത്തിന‌് അരികെ എത്തിച്ചു. അവസാനം ഒരു പന്തിൽ രണ്ട‌് റണ്ണെന്ന നിലയിലായി. ആർച്ചെറുടെ പന്ത‌് നേരിട്ട മാർടിൻ ഗുപ‌്റ്റിൽ മി‌ഡ‌് വിക്കറ്റിലേക്ക‌് തട്ടി. ഓട്ടം തുടങ്ങുന്നതിനിടെ ഒന്നു വഴുതി ഗുപ‌്റ്റിൽ. കിവി നിരയിലെ വേഗമേറിയ ഓട്ടക്കാരനെ വീഴ‌്ച ബാധിച്ചു. മിഡ‌് വിക്കറ്റിൽ നിന്ന‌് ജാസൺ റോയിയുടെ ത്രോ വിക്കറ്റ‌് കീപ്പർ ബട‌്‌ലറുടെ കൈകളിലേക്ക‌് പുറപ്പെടുമ്പോൾ ഗുപ‌്റ്റിൽ പിച്ചിന്റെ പകുതി ദൂരം പിന്നിട്ടിരുന്നില്ല. ആഞ്ഞു കുതിച്ചിട്ടും വരയ‌്ക്കരികെ ഗുപ‌്റ്റിൽ അവസാനിച്ചു. കിവികളും. അവരുടെ കിരീടസ്വപ‌്നം പൂർത്തിയാക്കാൻ ആ കിട്ടിയ 15 റൺ മതിയാകുമായിരുന്നില്ല.

താരതമ്യേന   241 റൺ എന്ന ചെറിയ ലക്ഷ്യമായിരുന്നിട്ടും ഇംഗ്ലണ്ടിന്റെ വമ്പൻ ബാറ്റിങ‌്നിരയെ കിവി ബൗളർമാർ പിടിച്ചുകെട്ടുകയായിരുന്നു. ബോൾട്ടും മാറ്റ‌് ഹെൻറിയും കോളിൻ ഡി ഗ്രാൻഡ‌്ഹോമും ജിമ്മി നീഷവുമെല്ലാം വില്യംസണിന്റെ സൈന്യത്തിലെ മൂർച്ചയുള്ള പോരാളികളായിരുന്നു.

ഒരു ഘട്ടത്തിൽ ഇംഗ്ലണ്ട‌് 4–-86 റണ്ണെന്ന നിലയിലായിരുന്നു. സ‌്റ്റോക‌്സും ബട‌്‌ലറും കൂട്ടിച്ചേർത്ത 110 റൺ ഇംഗ്ലണ്ടിനെ ജയപ്രതീക്ഷയിലേക്ക‌് കൊണ്ടുവന്നു.
അവിടെനിന്ന‌് കിവികൾ ആഞ്ഞടിച്ചു. ബട‌്‌ലർ, ക്രിസ‌് വോക‌്സ‌്, ലിയാം പ്ലങ്കറ്റ‌്,  ആർച്ചെർ എന്നിവരെ 31 റണ്ണിനുള്ളിൽ കിവികൾ മടക്കി. അപ്പോഴും സ‌്റ്റോക‌്സ‌് കളത്തിലുണ്ടായിരുന്നു. സ‌്റ്റോക‌്സിനെ പുറത്താക്കാനുള്ള അവസരം 48–-മത്തെ ഓവറിൽ കിവികൾക്ക‌് കിട്ടിയതാണ‌്. ജിമ്മി നീഷമിനെ സി‌ക‌്സർ പായിക്കാനുള്ള സ‌്റ്റോക‌്സിന്റെ ശ്രമം ബൗണ്ടറി വരയ‌്ക്കരികെ ബോൾട്ടിന്റെ കൈയിലൊതുങ്ങി. പക്ഷേ, പന്ത‌് കൈപ്പിടിയിൽ ഒതുക്കിയ ബോൾട്ട‌് വരയിൽ ചവിട്ടിപ്പോയി. സ‌്റ്റോക‌്സ‌് പിന്നെ ഇംഗ്ലണ്ടിനായി ചരിത്രമെഴുതി. പന്ത്‌ ബാറ്റിൽ തട്ടി ബൗണ്ടറി കടന്നതിന്‌ സ്‌റ്റോക്‌സ്‌ കിവീസ്‌ നായകനോട്‌ മാപ്പ്‌ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top