22 February Friday

റഷ്യ നൽകും 10 പാഠങ്ങൾ

വെബ് ഡെസ്‌ക്‌Updated: Monday Jul 16, 2018

1. പണ്ഡിതർ പറയുന്നതല്ല കാര്യം
കളിയെക്കുറിച്ച് ഫുട്ബോൾ പണ്ഡിതർ പറയുന്നതല്ല കാര്യമെന്ന് വ്യക്തമായി.
സെമിഫൈനലിനുമുമ്പ് ഇംഗ്ലീഷ് മാധ്യമങ്ങളും പണ്ഡിതരും ക്രൊയേഷ്യയെ ആക്ഷേപിച്ചിരുന്നു. ക്രൊയേഷ്യ ക്ഷീണിച്ചുപോയെന്ന് അവർ കുറ്റപ്പെടുത്തി. സെമിയിലെ വിജയം അവർക്കുള്ള മറുപടിയാണെന്ന് ലൂക്കാ മോഡ്രിച്ച്.

2. സംഘശക്തി പ്രധാനം
ലോകകപ്പ് പോലുള്ള വലിയ വേദികളിൽ ഒറ്റയാൾ പോരാട്ടങ്ങളേക്കാൾ പ്രധാനം സംഘബലത്തിനാണെന്ന് വ്യക്തമായി. ഫ്രാൻസും ക്രൊയേഷ്യയും ഫൈനലിൽ കടന്നപ്പോൾ ആ വാദത്തിന് ശക്തിയേറി.

3. 'വാർ' കളി നശിപ്പിക്കില്ല
ഇക്കുറി ആദ്യമായി ഏർപ്പെടുത്തിയ വീഡിയോ പരിശോധനാ സംവിധാനം (വാർ) ഫലപ്രദമായിരുന്നുവെന്നാണ് വിലയിരുത്തൽ. റഫറി കാണാതെപോയ ഫൗളുകൾ 'വാർ' കണ്ടെത്തി. റഫറിയുടെ തെറ്റായ തീരുമാനങ്ങളും തിരുത്താനായി.

4. പുതിയ താരോദയം
പുതിയ താരങ്ങൾ ഉദിക്കുന്നതിനും ഈ ലോകകപ്പും സാക്ഷി. റൊണാൾഡോയും മെസ്സിയും അസ്തമിച്ചപ്പോൾ എംബാപ്പെയും മോഡ്രിച്ചും ഗ്രീസ്മാനും ഉദിച്ചു.

5. സെറ്റ്പീസുകൾ കഥ പറഞ്ഞു
പ്രതിരോധപ്പൂട്ടുകൾ മറികടക്കാൻ ടീമുകൾ പുതിയ തന്ത്രങ്ങൾക്ക് മൂർച്ചകൂട്ടി. ഇത്തവണ സെറ്റ്പീസുകൾ നന്നായി ഗോളടിച്ചു. ഫ്രീകിക്കുകളും പെനൽറ്റിയും കോർണർകിക്കുകളും നിർണായക ഗോളിലേക്ക് വഴിതുറന്നു.

6. ഏൽപ്പിച്ച പണി ചെയ്തില്ലെങ്കിൽ
ഏൽപ്പിച്ച പണി കൃത്യമായി ചെയ്തില്ലെങ്കിൽ വേറെ പണികിട്ടും. പകരക്കാരനായി ഇറങ്ങാൻ വിസമ്മതിച്ച  ക്രൊയേഷ്യൻ സ്ട്രൈക്കർ കാലിനിച്ചിനെ കോച്ച് നാട്ടിലേക്ക് മടക്കി. അതുപോലെ രണ്ട് പണി ഒപ്പംചെയ്യാൻ ശ്രമിച്ച സ്പാനിഷ് കോച്ച് ലൊപെട്ടേഗിയുടെ പണി പോയി. ദേശീയ ടീമിനൊപ്പം റയൽമാഡ്രിഡിന്റെ പരിശീലകനാകാൻ കരാർ ഒപ്പിട്ടതിന് പുറത്താക്കി.  

7. അംബാസഡർക്കും അതിരുകളുണ്ട്
ലോകമെമ്പാടും ആരാധകരുള്ള മാറഡോണയെ ഫിഫ ക്ഷണിച്ചുകൊണ്ടുവന്നതാണ്. എന്നാൽ അദ്ദേഹത്തിന്റെ പെരുമാറ്റവും ഇടപെടലുകളും ഫിഫയ്ക്ക് രസിച്ചില്ല. ആഘോഷലഹരി അതിരുവിടരുതെന്ന് ഒടുവിൽ പറയേണ്ടിവന്നു.

8. ഇഴജന്തുക്കളെ അവരുടെ പാട്ടിന് വിടുക
പാമ്പും നീരാളിയും പൂച്ചയും പട്ടിയുമൊക്കെ സുഖമായി ജീവിക്കട്ടെ. കളിയെക്കുറിച്ച് പറയാൻ അവർ മെനക്കെടേണ്ട. കഴിഞ്ഞതവണ പോൾ നീരാളിയെങ്കിൽ ഇത്തവണ ബധിരനായ പൂച്ചയായിരുന്നു. പ്രവചനങ്ങൾ പിഴച്ച് അവയെല്ലാം വഴിയാധാരമായി.

9. തഴമ്പുണ്ടായിട്ട് കാര്യമില്ല
പഴയ പ്രതാപം ഗോളടിക്കില്ലെന്ന് എല്ലാവർക്കും മനസ്സിലായി. ഒരുപാട് പ്രതീക്ഷ നൽകിയ അർജന്റീനയും സ്പെയ്നും ബ്രസീലുമൊക്കെ ലക്ഷ്യംകാണാതെ മടങ്ങി. പുതിയ ശക്തികൾ ഉദയം ചെയ്തു.

10. അവര് ജപ്പാൻകാരാ
ജപ്പാൻകാരെ കണ്ട് പഠിക്കണമെന്ന് മനസ്സിലായി. ഫൗളില്ലാതെ കളിച്ചതിന്റെ ഗുണം അവർക്ക് കിട്ടി. കുറഞ്ഞ മഞ്ഞക്കാർഡിന്റെ  ബലത്തിലാണ് അവർ പ്രീക്വാർട്ടറിലെത്തിയത്. ബൽജിയത്തോട് തോറ്റെങ്കിലും ഡ്രസ്സിങ്റൂം വൃത്തിയാക്കി റഷ്യക്ക് നന്ദിയും പറഞ്ഞാണ് കളിക്കാർ മടങ്ങിയത്.

 

പ്രധാന വാർത്തകൾ
 Top