18 July Thursday

ഫിഞ്ച്‌ നിറഞ്ഞാടി

വെബ് ഡെസ്‌ക്‌Updated: Sunday Jun 16, 2019


ഓവൽ
ക്യാപ‌്റ്റൻ ആരോൺ ഫിഞ്ചിന്റെ സെഞ്ചുറി മികവിൽ ഓസ‌്ട്രേലിയ ശ്രീലങ്കയെ 87 റണ്ണിന്‌ തകർത്തു. ആദ്യം ബാറ്റ്‌ ചെയ്‌ത ഓസീസ്‌ ഏഴിന്‌ 334 റണ്ണെടുത്തു. ലങ്ക 247 ന്‌ പുറത്തായി. 132 പന്തിൽ 153 റണ്ണെടുത്ത ഫിഞ്ചാണ്‌ കളിയിലെ താരം. ഓസീസ്‌ പോയിന്റ്‌ പട്ടികയിൽ ഒന്നാമതെത്തി.

ലങ്കയ്‌ക്കു വേണ്ടി ക്യാപ്‌റ്റൻ ദിമുത്‌ കരുണരത്‌നെ (108 പന്തിൽ 97), കുശാൽ പെരേര (36 പന്തിൽ 52) എന്നിവർ മികച്ച തുടക്കമാണ്‌ നൽകിയത്‌. എന്നാൽ മറ്റുള്ളവർക്ക്‌ പിടിച്ചുനിൽക്കാനായില്ല. ഓസീസിനായി മിച്ചെൽ സ്‌റ്റാർക് നാലും കെയ്‌ൻ റിച്ചാർഡ്‌സൺ മൂന്നും വിക്കറ്റ്‌ വീഴ്‌ത്തി.

ടോസ‌് നേടിയ  ശ്രീലങ്ക ഓസ‌്ട്രേലിയയെ ബാറ്റിങ്ങിന‌് അയക്കുകയായിരുന്നു.‌ ഓസീസ‌് ഓപ്പണർമാരായ ഡേവിഡ‌് വാർണറും ക്യാപ‌്റ്റൻ  ഫിഞ്ചും ശ്രദ്ധിച്ചാണ‌് തുടങ്ങിയത‌്. ഇരുവരും ചേർന്ന‌് ഓസ‌ീസ‌് ഇന്നിങ‌്സിൽ 80 റൺ കൂട്ടിച്ചേർത്തു.  എന്നാൽ, വാർണറും (26) ഉസ‌്മാൻ ഖവാജയും (10) അടുത്തടുത്ത‌് പുറത്തായി.

മൂന്നാംവിക്കറ്റിൽ ഫിഞ്ചും സ‌്റ്റീവൻ സ‌്മിത്തും ചേർന്നാണ‌് ഓസീസ‌് ഇന്നിങ്സിന്റെ നട്ടെല്ലായ 173 റണ്ണിന്റെ കൂട്ടുകെട്ടുയർത്തിയത‌്.  അഞ്ച‌് സിക‌്സറുകളും 15 ബൗ‌ണ്ടറികളും ഉൾപ്പെട്ടതായിരുന്നു ഫിഞ്ചിന്റെ  ഇന്നിങ‌്സ‌്. സ‌്മിത്ത‌് 59 പന്തിൽ 73 റണ്ണെടുത്തു. പിന്നീടെത്തിയ ഗ്ലെൻ മാക്‌സ‌്‌വെല്ലും (25 പന്തിൽ 46) അവസാന ഓവറുകളിൽ വെടിക്കെട്ട‌് തീർത്തു.

അവസാന ഓവറുകളിൽ ഇസുറു ഉദാനയാണ്‌  ഓസീസിനെ 350 എടുക്കുന്നതിൽനിന്ന്‌ തടഞ്ഞത്‌. ഒരോവറിൽ അലെക്‌സ്‌ കാരിയെയും (4) പാറ്റ്‌ കമ്മിൻസിനെയും (0) നേരിട്ടുള്ള ഏറിൽ ഉദാന പുറത്താക്കി. ഉദാനയും ധനഞ്‌ജയ ഡി സിൽവയും രണ്ട്‌ വീതം വിക്കറ്റ്‌ വീഴ്‌ത്തി.


പ്രധാന വാർത്തകൾ
 Top