31 May Sunday

ബാറ്റിൽ കരുത്ത്‌, ലക്ഷ്യം കപ്പ്‌

വെബ് ഡെസ്‌ക്‌Updated: Thursday May 16, 2019


ലോർഡ‌്സ‌്
2003 ലോകകപ്പിൽ ഇംഗ്ലീഷ‌് പേസർ ആൻഡ്രൂ കാഡിക്കിനെ സച്ചിൻ ടെൻഡുൽക്കർ മൈതാനത്തിന‌് പുറത്തേക്ക‌് സിക‌്സർ പായിക്കുമ്പോൾ  കിങ‌്സ‌് മീഡ‌് സ‌്റ്റേഡിയത്തിൽ കാഴ‌്ചക്കാരനായി ഇയോവിൻ മോർഗനുണ്ടായിരുന്നു. ജീവിതത്തിൽ കണ്ട ഏറ്റവും വലിയ സിക‌്സർ എന്നായിരുന്നു മോർഗൻ അതിനെ വിശേഷിപ്പിച്ചത‌്. അതുപോലൊരു സിക‌്സർ അന്ന‌് ആ പതിനഞ്ചുകാരൻ സ്വപ‌്നം കണ്ടു. ഇന്ന‌് ഇംഗ്ലണ്ടിന്റെ ക്യാപ‌്റ്റനാണ‌് മോർഗൻ. ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ കിരീടസാധ്യത കൽപ്പിക്കുന്ന സംഘത്തിന്റെ നായകൻ. ആദ്യ ലോകകപ്പ‌് കിരീടത്തിനായാണ‌് ഇംഗ്ലണ്ടിന്റെ ഒരുക്കം. ആതിഥേയരെന്ന നിലയിൽ സാഹചര്യങ്ങളും അനുകൂലം. ലോകകപ്പ‌് ഉയർത്തുമെന്ന‌് മോർഗൻ തീർച്ചപ്പെടുത്തുന്നു.

മൂന്ന‌ുതവണ ഫൈനലിൽ കടന്നിട്ടുണ്ടെങ്കിലും കിരീടം നേടാനായിട്ടില്ല ഇംഗ്ലണ്ടിന‌് ഇതുവരെ. ഇക്കുറി ചരിത്രം തിരുത്തുമെന്നാണ‌് ഇംഗ്ലണ്ടിന്റെ വിശ്വാസം. മോർഗന്റെ നായകമികവും ടീമിന്റെ ആക്രമണോത്സുകതയും ഇംഗ്ലണ്ടിന്റെ സാധ്യതകൾ വർധിപ്പിക്കുന്നു. ജോണി ബെയർസ‌്റ്റോ, ജാസൺ റോയ‌്, ജോ റൂട്ട‌്, ജോസ‌് ബട‌്‌ലർ, ക്യാപ‌്റ്റൻ മോർഗൻ എന്നിവരാണ‌് ബാറ്റിങ്ങിൽ ഇംഗ്ലണ്ടിന്റെ കരുത്ത‌്. ഓൾ റൗണ്ടർമാരായി ബെൻ സ‌്റ്റോക‌്സ‌്, മൊയീൻ അലി എന്നിവരും. ബൗളർമാരിൽ പരിചയസമ്പന്നരില്ല. ക്രിസ‌് വോക‌്സ‌്, ഡേവിഡ‌് വില്ലി, ലിയാം പ്ലങ്കറ്റ‌് എന്നിവരാണ‌് പ്രധാന പേസർമാർ. സ‌്പിന്നർ ആദിൽ റഷീദിന‌് വേഗം കുറഞ്ഞ പിച്ചുകളിൽ സ്വാധീനമുണ്ടാക്കാൻ കഴിയും.

കഴിഞ്ഞ ലോകകപ്പിൽ മോർഗന‌ു കീഴിൽ നേട്ടമുണ്ടാക്കാനായില്ല ഇംഗ്ലണ്ടിന‌്. ഗ്രൂപ്പ‌് ഘട്ടത്തിൽ മടങ്ങി. മോർഗന‌് ഒരു അവസരംകൂടി നൽകുകയായിരുന്നു. ലോകകപ്പിന‌ുശേഷം ഇംഗ്ലണ്ടിന്റെ കളിമാറി. 80 കളികളിൽ 34 എണ്ണത്തിലും സ‌്കോർ 300 കടന്നു. 51.6 ശതമാനം ബൗണ്ടറികൾ. 99.8 ശതമാനം പ്രഹരശേഷി. വിജയശതമാനവും കൂടി. 2015നുശേഷം ഓവറിൽ 6.70 റൺനിരക്കിലാണ‌് ഇംഗ്ലണ്ട‌് കുതിക്കുന്നത‌്.

ഐപിഎലിന്റെ സ്വാധീനം ബാറ്റ‌്സ‌്മാൻമാരുടെ ഈ മാറ്റത്തിന‌ു പിന്നിലുണ്ടെന്ന‌് മോർഗൻ വ്യക്തമാക്കുന്നു. ബെയർ‌സ‌്റ്റോ, ബട‌്‌ലർ എന്നിവർ ഈ സീസൺ ഐപിഎലിൽ മികച്ച പ്രകടനം പുറത്തെടുത്തവരാണ‌്. പാകിസ്ഥാനുമായുള്ള പരമ്പരയിൽ റണ്ണടിച്ചുകൂട്ടി. ബെയർസ‌്റ്റോയാണ‌് റൺവേട്ടയിൽ മുന്നിൽ.

സമീപകാലത്ത‌് ആക്രമണാത്മകമായാണ‌് ഇംഗ്ലണ്ട‌് ക‌ളിക്കുന്നത‌്. തുടക്കംമുതൽ ആഞ്ഞടിക്കുകയാണ‌് രീതി. ബെയർ‌സ‌്റ്റോയും റോയിയും തുടങ്ങും. റൂട്ട‌്, മോർഗൻ, ബട‌്‌ലർ, അലി എന്നിവർ അതേറ്റെടുക്കും. ലോകകപ്പിലും ഈ രീതി തുടരും. ഇതിനിടെ മാർച്ചിൽ തിരിച്ചടി നേരിട്ടിരുന്നു. ഒമ്പതാം റാങ്കുകാരായ വെസ‌്റ്റിൻഡീസ‌് ഏകദിന പരമ്പരയിൽ 2–-2ന‌് ഇംഗ്ലണ്ടിനെ തളച്ചു. അമിത പ്രതീക്ഷയുടെ സമ്മർദമുണ്ട‌്. ബാറ്റ‌്സ‌്മാൻ അലെക‌്സ‌് ഹെയ‌്ൽസിനെ ഉത്തേജകമരുന്ന‌് ആരോപണത്തെ തുടർന്ന‌് ടീമിൽനിന്ന‌് ഒഴിവാക്കിയതും തിരിച്ചടിയാണ‌്.

  ബൗളർമാരിലാണ‌് പ്രധാന ആശങ്ക. വോക‌്സും വില്ലിയും ഉൾപ്പെട്ട പേസ‌് നിര ഇംഗ്ലണ്ടിലെ റണ്ണൊഴുകുന്ന പിച്ചുകളിൽ തെളിയുമോ എന്ന സംശയമുണ്ട‌്. സ‌്പിന്നർമാരായ ആദിൽ റഷീദും അലിയും അവസരത്തിനൊത്തുയർന്നാൽ പ്രതീക്ഷിക്കാം. ഓൾ റൗണ്ടർ ബെൻ സ‌്റ്റോക‌്സാണ‌് നിർണായക സ്വാധീനം. ബാറ്റ‌് കൊണ്ടും പന്ത‌ുകൊണ്ടും സ‌്റ്റോക‌്സ‌് തിളങ്ങും. മികച്ച ഫീൽഡറുമാണ‌്. ഐപിഎലിലെ  മോശം ഫോം ലോകകപ്പിൽ ബാധിക്കില്ലെന്ന‌് ഇംഗ്ലണ്ട‌് കണക്കുകൂട്ടുന്നു.  30ന‌് ദക്ഷിണാഫ്രിക്കയുമായാണ‌് ഇംഗ്ലണ്ടിന്റെ ആദ്യ മത്സരം.


പ്രധാന വാർത്തകൾ
 Top