19 May Sunday

ബാഴ‌്സ മുഖം മിനുക്കുന്നു

വെബ് ഡെസ്‌ക്‌Updated: Thursday May 16, 2019

ഡി ലെറ്റ്‌


നൗകാമ്പ്‌
അയാക്‌സിന്റെ പ്രതിരോധക്കാരൻ മാതിസ്‌ ഡിലെറ്റിനായി പിടിമുറുക്കി ബാഴ്‌സലോണ. ഫിലിപ്‌ കുടീന്യോ, സാമുവൽ ഉംറ്റിറ്റി, ഇവാൻ റാകിടിച്ച്‌ എന്നിവരെ ഒഴിവാക്കിയേക്കും. മുന്നേറ്റക്കാരൻ ലൂയി സുവാരസിന്‌ ഒരു സീസണിൽക്കൂടി അവസരം നൽകാനാണ്‌ ബാഴ്‌സ മാനേജ്‌മെന്റിന്റെ തീരുമാനം. അത്‌ലറ്റികോയിൽനിന്ന്‌ ഒൺട്ടോയ്‌ൻ ഗ്രീസ്‌മാനെ നൗകാമ്പിലെത്തിക്കുന്നതിന്റെ നടപടികൾ അവസാനഘട്ടത്തിലാണ്‌.

ചെറുപ്പവും പരിചയസമ്പന്നതയും ഒത്തുചേരുന്ന ടീമിനെ ഒരുക്കാനാണ്‌ ബാഴ്‌സലോണയുടെ ശ്രമം.  അയാക്‌സിന്റെ ഇരുപത്തൊന്നുകാരനായ മധ്യനിരക്കാരൻ ഫ്രെങ്ക്‌ ഡിയോങ്ങിനെ സീസൺ അവസാനിക്കുന്നതിനു മുമ്പേ റാഞ്ചിയ സ്‌പാനിഷ്‌ ചാമ്പ്യൻമാർ ഡച്ച്‌ ക്ലബ്ബിന്റെ നായകനായ പത്തൊമ്പതുകാരൻ ഡിലെറ്റിനായുള്ള ശ്രമത്തിലാണ്‌. ലിവർപൂളും മാഞ്ചസ്റ്റർ സിറ്റിയും താരത്തിനു പിന്നാലെയുണ്ട്‌. ഡച്ചുകാരന്‌ ബാഴ്‌സയിലാണ്‌ താൽപ്പര്യം. 548 കോടി രൂപയാണ്‌ അയാക്‌സ്‌ ഡിലെറ്റിനായി ആവശ്യപ്പെടുന്നത്‌. പിൻനിരയിൽ ജെറാർഡ്‌ പിക്വെയുടെ സ്ഥാനത്തേക്കാണ്‌ ഡിലെറ്റ്‌ എത്തുക. ഭാവികൂടി കണക്കാക്കിയാണ്‌ ഡച്ചുകാരനെ ടീമിലെത്തിക്കുന്നത്‌.

ഗ്രീസ്‌മാന്റെയും ഡിലെറ്റിന്റെയും ഡിയോങ്ങിന്റെയും വരവോടെയുള്ള ഭാരിച്ച ചെലവ്‌ കുടീന്യോ, റാകിടിച്ച്‌, ഉംറ്റിറ്റി എന്നിവരെ കൈമാറുന്നതിലൂടെ മറികടക്കാമെന്നാണ്‌ ബാഴ്‌സലോണയുടെ കണക്കുക്കൂട്ടൽ. ലിവർപൂളിൽനിന്ന്‌ വമ്പൻ തുകയ്‌ക്ക്‌ ടീമിലെത്തിച്ച കുടീന്യോ പ്രതീക്ഷയ്‌ക്കൊത്തുയർന്നില്ല. റാകിടിച്ചിനെ പ്രായം തളർത്തി തുടങ്ങി. ഉംറ്റിറ്റി പരിക്കുകാരണം മങ്ങി.

എദെൻ ഹസാർഡ്‌ റയൽ മാഡ്രിഡിലേക്ക്‌ മാറുന്നതോടെ ആ സ്ഥാനത്ത്‌ ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ ടീം ചെൽസി കുടീന്യോയെ പരിഗണിക്കുന്നുണ്ട്‌. എന്നാൽ, ഫിഫ ഏർപ്പെടുത്തിയ കൈമാറ്റ കരാർ വിപണിയിലെ വിലക്ക്‌ നീക്കിയാലേ ചെൽസിക്ക്‌ കുടീന്യോയെ നേടാനാകു. റാകിടിച്ചിൽ ഇന്റർ മിലാന്‌ താൽപ്പര്യമുണ്ട്‌. ഉംറ്റിറ്റിക്കായി അഴ്‌സണലും യുവന്റസും രംഗത്തുണ്ട്‌.


പ്രധാന വാർത്തകൾ
 Top