14 November Thursday

കാക്കിക്കുള്ളിലെ സ‌്ട്രോങ‌്മാൻ

റഷീദ‌് ആനപ്പുറംUpdated: Thursday May 16, 2019



തിരുവനന്തപുരം
ഭീകരവിരുദ്ധ വേട്ടയിൽ മാത്രമല്ല, മെഡൽവേട്ടയിലും സബ‌് ഇൻസ‌്പെക്ടർ ആർ ശരത‌്കുമാർ കരുത്തനാണ‌്.   ഹോങ്കോങ‌ിൽ നടന്ന ഏഷ്യൻ പവർലിഫ‌്റ്റിങ‌് ചാമ്പ്യൻഷിപ്പിൽ രാജ്യത്തിനായി ഈ നിയമപാലകൻ നേടിയത‌് നാല‌ു സ്വർണമെഡൽ.  കോഴിക്കോട്ട‌് സംസ്ഥാന പവർലിഫ‌്റ്റിങ‌് ചാമ്പ്യൻഷിപ്പിലും മെഡൽവേട്ട നടത്തി  ഈ സ‌്ട്രോങ‌്മാൻ. ആലപ്പുഴ സ്വദേശിയും ആന്റി ടെററിസ‌്റ്റ‌് ഫോഴ‌്സ‌് (എടിഎസ‌്) സബ‌് ഇൻസ‌്പെക്ടറുമാണ‌്.

ഒട്ടേറെ കരുത്തരെ വാർത്തെടുത്ത ആലപ്പുഴയിലെ  കെ രാമസ്വാമിക്കു കീഴിലായിരുന്നു തുടക്കം. ആലപ്പുഴ എ‌സ‌്ഡി കോളേജിൽ പഠിക്കുമ്പോൾ കേരള യൂണിവേഴ‌്സിറ്റി ടീമിൽ ഇടംനേടി. 1993 മുതൽ ’96 വരെ പവർലിഫ‌്റ്റിങ്ങിലും വെയിറ്റ‌് ലിഫ‌്റ്റിങ്ങിലും റെക്കോഡോടെ  യൂണിവേഴ‌്സിറ്റി ചാമ്പ്യനായി. ’94ലും ’95ലും ഇന്റർ യൂണിവേഴ‌്സിറ്റി ചാമ്പ്യൻ. 1996ൽ ദേശീയ ചാമ്പ്യനുമായി. 1995 മുതൽ 2000 വരെ തുടർച്ചയായി ദക്ഷിണേന്ത്യൻ ചാമ്പ്യനായി.

1997ലാണ‌് കേരള പൊലീസിൽ എത്തുന്നത‌്. പൊലീസ‌് മീറ്റിൽ തുടർച്ചയായ വിജയം. 2017ലും ’18ലും ദേശീയ ചാമ്പ്യനായി. എട്ടുതവണ ദേശീയ റെക്കോഡ‌് സ്വന്തമാക്കി. പലതവണ സ‌്ട്രോങ‌്മാൻ ഓഫ‌് കേരള പൊലീസ‌് ആയിരുന്നു. 27ന‌് തമിഴ‌്നാട്ടിലെ വെല്ലൂരിനടുത്ത ഗുഡിയാട്ടത്ത‌് നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനൊരുങ്ങുകയാണ‌് ശരത‌്കുമാർ. ഇവിടെ ജയിച്ചാൽ സെപ‌്തംബറിൽ കനഡയിൽ നടക്കുന്ന  കോമൺവെൽത്ത‌് പവർലിഫ‌്റ്റിങ‌് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാം. ഭാര്യ മഞ്ജുവും മക്കൾ അശ്വതിയും അശ്വിനും പിന്തുണയുമായുണ്ട‌്.


പ്രധാന വാർത്തകൾ
 Top