26 March Tuesday

ലോകകപ്പ് ഫുട്‌ബോള്‍: പോരിനൊരുങ്ങി, സാധ്യതാ ടീമുകളായി

വെബ് ഡെസ്‌ക്‌Updated: Wednesday May 16, 2018

 മോസ്‌കോ > ലോകകപ്പ് ഫുട്ബോളിന്റെ കിക്കോഫിലേക്ക് 29 ദിനരാത്രങ്ങൾ മാത്രം ബാക്കി. ഫുട്ബോൾലോകത്തിന്റെ സ്വർണകിരീടത്തിനായുള്ള പടയൊരുക്കത്തിന്റെ അവസാനഘട്ടത്തിലാണ് വൻകരകളിൽനിന്ന് റഷ്യയിലേക്ക് കപ്പൽകയറുന്ന വമ്പൻമാർ. പോരാളികളിൽ മികച്ചവരിൽ മികച്ചവരെ സ്വന്തം പാളയത്തിൽ ഒരുക്കിത്തുടങ്ങി.
നിലവിലെ ചാമ്പ്യൻമാരായ ജർമനിയും മുൻ ലോകചാമ്പ്യൻമാരായ ബ്രസീലും യൂറോപ്യൻകരയുടെ ചക്രവർത്തിമാരായ പോർച്ചുഗലും ആദ്യസംഘങ്ങളെ പ്രഖ്യാപിച്ചുകഴിഞ്ഞു. കിരീടപ്പോരിൽ മുമ്പന്മാരായേക്കാവുന്ന അർജന്റീന, ആദ്യ ടീമിനെ ഒരുക്കി. പെറു, മെക്സിക്കോ, ക്രൊയേഷ്യ, ഈജിപ്ത്, ദക്ഷിണ കൊറിയ, ഇറാൻ എന്നീ ടീമുകൾ നേരത്തെ സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു. അന്തിമടീമിനെ പ്രഖ്യാപിക്കേണ്ടത് ജൂൺ നാലിനാണ്.

ഗോട്സെയില്ലാതെ ജർമനി
ബ്രസീലിലെ കഴിഞ്ഞ പതിപ്പിൽ അർജന്റീനയ്ക്കെതിരെ വിജയഗോൾ നേടിയ മരിയോ ഗോട്സെ ഇല്ലാതെയാണ് ജോക്വിം ലോ ജർമനിയുടെ സാധ്യതാപട്ടിക പ്രഖ്യാപിച്ചത്. ബൊറൂസിയ ഡോർട്മുണ്ടിനുവേണ്ടി സീസണിൽ മികച്ച പ്രകടനംകാഴ്ചവയ്ക്കാനായില്ല ഈ മധ്യനിരക്കാരന്. അതേസമയം സെപ്തംബറിൽ പരിക്കേറ്റ് കളത്തിനുപുറത്തായ ഗോളി മാന്വെൽ നോയ 27 അംഗ ടീമിൽ ഇടംപിടിച്ചു. മാഞ്ചസ്റ്റർ സിറ്റിയുടെ ലെറോയ് സാനെയും ഇൽകായ് ഗുണ്ടോവനും മധ്യനിരക്കാരായുണ്ട്. പ്രീമിയർ ലീഗിൽനിന്ന് ചെൽസിയുടെ അന്റോണിയോ റൂഡിഗെറും അഴ്സണലിന്റെ മെസ്യൂട്ട് ഒസീലും ടീമിലെത്തി. മരിയോ ഗോമെസ്, തോമസ് മുള്ളെർ, ടിമോ വെർണെർ, ടോണി ക്രൂസ്, സമി ഖദീര തുടങ്ങിയ പ്രമുഖരും പട്ടികയിൽ ഇടം കണ്ടെത്തി. അന്തിമടീമിൽ നാലുപേർ പുറത്താകും. ഇതിനിടെ ജോക്വിം ലോ 2022 വരെ പരിശീലകനായി തുടരുമെന്ന പ്രഖ്യാപനവും വന്നു.

ആൽവേസില്ലാതെ, നെയ്മറെ ചേർത്ത് ബ്രസീൽ

ലോകകപ്പ് യോഗ്യതാപോരിൽ പ്രതിരോധത്തിന്റെ കരുത്തായിരുന്ന ഡാനി ആൽവേസ് ഇല്ലാതെയാണ് പരിശീലകൻ ടിറ്റെ ബ്രസീൽ സാധ്യതാസംഘത്തെ പ്രഖ്യാപിച്ചത്. 23 അംഗ ടീമിൽ പകരക്കാരനായി മാഞ്ചസ്റ്റർ സിറ്റിയുടെ ഡാനിലോ കയറി. വലതുപ്രതിരോധത്തിൽ കൊറിന്ത്യൻസിന്റെ ഫാഗ്നറെയും ടിറ്റെ പരിഗണിച്ചു. പരിക്കിൽനിന്ന് തിരിച്ചുവരുന്നതേയുള്ളു ഫാഗ്നർ. ബയേൺ മ്യൂണിക്കിന്റെ റഫീന്യ ടീമിലില്ല. ഫ്രഞ്ച് കപ്പ് ഫൈനലിലാണ് പിഎസ്ജിക്കാരനായ ആൽവേസിന് പരിക്കേറ്റത്.
പരിക്കിൽനിന്ന് മുക്തനായി പരിശീലനം തുടങ്ങിയ നെയ്മറെ ടിറ്റെ ടീമിൽ എടുത്തിട്ടുണ്ട്. ലോകകപ്പ് പരിശീലനമത്സരങ്ങൾ തുടങ്ങുമ്പോഴേക്കും നെയ്മർ പൂർണ ആരോഗ്യവാനാകുമെന്നാണ് ടീം ഡോക്ടർ റോഡ്രിഗോ ലാസ്മെറുടെ പ്രതീക്ഷ. ഷാക്തർ ഡൊണെത്സ്കിന്റെ മുന്നേറ്റക്കാരായ ഫ്രെഡും ടൈസണും അപ്രതീക്ഷിതമായി ടീമിൽ ഇടംപിടിച്ചു. സിറ്റിയുടെ ഗബ്രിയേൽ ജീസസ്, ലിവർപൂളിന്റെ ഫിർമിനോ, യുവന്റസിന്റെ ഡഗ്ലസ് കോസ്റ്റ എന്നിവരാണ് ഇതര മുന്നേറ്റക്കാർ.

പോർച്ചുഗലിൽ സാഞ്ചെസ് ഇല്ല
യൂറോപ്യൻ ചാമ്പ്യൻമാരായ പോർച്ചുഗൽ 35 അംഗ സാധ്യതാടീമിനെയാണ് പ്രഖ്യാപിച്ചത്. ക്രിസ്റ്റ്യാനോ റൊണാൾഡോ നായകനായി ടീമിൽനിന്ന് റെനാറ്റോ സാഞ്ചെസിനെ ഒഴിവാക്കി.യൂറോ കപ്പ് നേടുന്നതിൽ പ്രധാന പങ്കുവഹിച്ച കളിക്കാരനായിരുന്നു സാഞ്ചെസ്. അന്ന് ഏറ്റവും മികച്ച യുവതാരമായും സാഞ്ചെസ് തെരഞ്ഞെടുക്കപ്പെട്ടു.
ബയേൺ മ്യൂണിക് സാെഞ്ചസിനെ എടുത്തെങ്കിലും ഫോം നഷ്ടപ്പെട്ടതിനാൽ പ്രീമിയർ ലീഗിൽ സ്വാൻസീ സിറ്റിക്ക് കൈമാറി. അവിടെയും സാഞ്ചെസ് തിളങ്ങിയില്ല. പ്രീമിയർ ലീഗിൽ ഒമ്പതു തവണ മാത്രമാണ് സാഞ്ചെസ് കളിച്ചത്. സാഞ്ചെസ് ഫോം വീണ്ടെടുത്തിട്ടില്ല. അതുകൊണ്ട് ഇത്തവണ ലോകകപ്പ് ടീമിലേക്ക് പരിഗണിച്ചില്ല.
ആക്രമണത്തിന് പ്രാധാന്യം നൽകുന്ന ടീമിനെയാണ് പോർച്ചുഗൽ ഒരുക്കുന്നത്. പരിചയസമ്പന്നനായ റിക്കാർഡോ ക്വറെസ്മയും മുന്നേറ്റത്തിലുണ്ട്. ഈ സീസണിൽ തുർക്കി ക്ലബ് ബെസിക്ടസിനുവേണ്ടി ക്വറെസ്മോ നല്ല പ്രകടനം കാഴ്ചവച്ചു. ചെറുപ്പക്കാരുടെ നിരതന്നെയുണ്ട് മുന്നേറ്റത്തിൽ. മാഞ്ചസ്റ്റർ സിറ്റിയെ പ്രീമിയർ ലീഗ് ചാമ്പ്യൻമാരാക്കിയതിൽ പങ്കുവഹിച്ച ബെർനാഡോ സിൽവ, പോർച്ചുഗലിലെ സ്പോർട്ടിങ്ങിൽ കളിക്കുന്ന ജെൽസൺ മാർടിൻസ്, ഇത്തവണ പ്രീമിയർ ലീഗിലേക്ക് കയറ്റംകിട്ടിയ വോൾവർഹാംപ്ടൺ വാണ്ടറേഴ്സിന്റെ റൂബെൻ നെവെസ് എന്നിവർ സാധ്യതാടീമിൽ ഉണ്ട്. യൂറോയിൽ തിളങ്ങിയ റൂയി പട്രീഷ്യോ, ഹൊസെ ഫോണ്ടെ, വില്യം കർവാലോ എന്നിവരെ നിലനിർത്തി.

പെറു ക്യാപ്റ്റൻ ലോകകപ്പിനില്ല
ലോകകപ്പിൽ ക്യാപ്റ്റൻ പാവ്ലോ ഗ്വെറേറോ ഇല്ലാതെ പെറു റഷ്യയിൽ പന്തുതട്ടും. മരുന്നടിപരിശോധനയിൽ പരാജയപ്പെട്ട ഗ്വെറേറോയുടെ ആറുമാസമാക്കി ചുരുക്കിയ വിലക്ക് കായികതർക്ക പരിഹാരകോടതി 14 മാസമാക്കി പുനർനിർണയിച്ചു.
2017 ഒക്ടോബറിൽ ഒരുവർഷത്തേക്കാണ് ലോക ഉത്തേജകമരുന്നു വിരുദ്ധസമിതി ഗ്വെറേറോയെ വിലക്കിയത്. ഫിഫ അത് ആറു മാസമാക്കി ചുരുക്കിയിരുന്നു. തുടർന്ന് ബ്രസീലിയൻ ലീഗ് ടീം ഫ്ളെമിങ്ങോയിൽ ഗ്വെറേറോ കളിക്കുകയും ചെയ്തു. എന്നാൽ പുതുക്കിയ ശിക്ഷയനുസരിച്ച് 2019 ജനുവരിവരെ ഈ മുപ്പത്തിനാലുകാരന് കളത്തിലിറങ്ങാനാകില്ല. കഴിഞ്ഞദിവസം പ്രഖ്യാപിച്ച പെറുവിന്റെ 25 അംഗ ടീമിൽ ഗ്വെറേറോയും ഉൾപ്പെട്ടിരുന്നു.
ഗ്രൂപ്പ് സിയിൽ ഫ്രാൻസിനും ഓസ്ട്രേലിയക്കും ഡെൻമാർക്കിനും ഒപ്പമാണ് പെറു.

പ്രധാന വാർത്തകൾ
 Top