25 August Sunday

ന്യൂസിലൻഡ‌് വെടിവയ‌്പ‌് : ബംഗ്ലാദേശ‌് ടീം രക്ഷപ്പെട്ടത‌് തലനാരിടയ‌്ക്ക‌്

വെബ് ഡെസ്‌ക്‌Updated: Saturday Mar 16, 2019


ക്രൈസ‌്റ്റ‌്ചർച്ച‌്
ന്യൂസിലൻഡിലെ ക്രൈസ‌്റ്റ‌് ചർച്ചിലുണ്ടായ വെടിവയ‌്പിൽ ബംഗ്ലാദേശ‌് ക്രിക്കറ്റ‌് ടീം രക്ഷപ്പെട്ട‌ത‌് തലനാരിടയ‌്ക്ക‌്. ക്രൈസ്റ്റ‌്ചർച്ചിലെ അൽനൂർ പള്ളിയിലാണ‌് വെടിവയ‌്പുണ്ടായത‌്.

കളിക്കാരും പരിശീലകസംഘവും ഉൾപ്പെടെ 17 പേർ അടങ്ങിയ സംഘം സംഭവസമയത്ത‌് പള്ളിക്കരികെ ബസിലുണ്ടായിരുന്നു. വെടിയൊച്ച കേട്ടതോടെ മടങ്ങി. കളിക്കാരെല്ലാം സുരക്ഷിതരാണെന്ന‌് ബംഗ്ലാദേശ‌് ക്രിക്കറ്റ് ബോർഡ‌് വ്യക്തമാക്കി. ന്യൂസിലൻഡുമായുള്ള മൂന്നാം ടെസ‌്റ്റ‌് റദ്ദാക്കി. ഇന്നാണ‌് മത്സരം നടക്കേണ്ടിയിരുന്നത‌്.

ന്യൂസിലൻഡ‌് സമയം പകൽ 1.45നായിരുന്നു സംഭവം. കളിക്കാരും പരിശീലകസംഘവും പ്രാർഥനയ‌്ക്കായി ഇറങ്ങി. ബസിലായിരുന്നു യാത്ര. ചില കളിക്കാർ പരിശീലനത്തിനായി മൈതാനത്തായിരുന്നു. മൂന്നുപേർ ഹോട്ടലിലും.

പള്ളിയുടെ 50 വാര അകലെവച്ചാണ‌് കളിക്കാർ വെടിയൊച്ച കേട്ടത‌്. ഉടൻതന്നെ കളിക്കാരിലൊരാളായ തമീം ഇക‌്ബാൽ മാധ്യമപ്രവർത്തകരെ ബന്ധപ്പെട്ടു. ഞങ്ങൾ അപകടത്തിലാണ‌്, രക്ഷിക്കണം എന്നായിരുന്നു തമീമിന്റെ സന്ദേശം. മാധ്യമപ്രവർത്തകർ വിവരം പൊലീസിന‌ു നൽകി. തുടർന്ന‌് കളിക്കാരെ സുരക്ഷിതരായി ഹോട്ടലിൽ എത്തിക്കുകയായിരുന്നു. പള്ളിക്കകത്താണ‌് വെടിവയ‌്പുണ്ടായത‌്.വെടിവയ‌്പ‌് നേരിൽ കണ്ടില്ലെങ്കിലും കളിക്കാർ മാനസികമായി തകർന്ന നിലയിലാണെന്ന‌് പരിശീലകസംഘത്തിലെ ഒരാൾ വ്യക്തമാക്കി. മൈതാനത്ത‌് പരിശീലനത്തിലുണ്ടായിരുന്ന കളിക്കാർ വെടിയൊച്ച കേട്ടപാടെ ഹോട്ടലിലേക്ക‌് തിരിച്ചോടി.

ഭാഗ്യംകൊണ്ടാണ‌് രക്ഷപ്പെട്ടതെന്നായിരുന്നു ബംഗ്ലാദേശ‌് ക്രിക്കറ്റ‌് ടീം മാനേജർ ഖാലിദ‌് മഷൂദിന്റെ പ്രതികരണം. ‘‘ഞങ്ങൾ 17 പേരുണ്ടായിരുന്നു ബസിൽ. കളിക്കാരായ ലിട്ടൺ ദാസും നയീം ഹസനും ബൗളിങ‌് പരിശീലകൻ സുനിൽ ജോഷിയും ഹോട്ടലിൽ തങ്ങി. ഞങ്ങൾ പള്ളിക്ക‌് അടുത്തെത്തിയിരുന്നു. മൂന്നോ നാലോ മിനിറ്റ‌് നേരത്തെയാണ‌് എത്തിയിരുന്നതെങ്കിൽ ഞങ്ങളും പള്ളിയുടെ അകത്തുണ്ടായിരുന്നേനെ’’ മഷൂദ‌് പറഞ്ഞു.മത്സരം റദ്ദാക്കിയതിന‌് രാജ്യാന്തര ക്രിക്കറ്റ‌് കൗൺസിൽ (ഐസിസി) പിന്തുണ അറിയിച്ചു. ബംഗ്ലാദേശ‌് ടീം ഉടൻ നാട്ടിലേക്ക‌് മടങ്ങും.

ക്രിക്കറ്റ‌് കളത്തിലെ വെടിയൊച്ചകൾ
2009ൽ ശ്രീലങ്കൻ ക്രിക്കറ്റ‌് ടീം സഞ്ചരിച്ച ബസിനുനേരെ ലാഹോറിൽവച്ച‌് വെടിവയ‌്പുണ്ടായി. പാകിസ്ഥാനുമായുള്ള ലങ്കൻ ടീമിന്റെ ക്രിക്കറ്റ‌് പരമ്പരയ‌്ക്കിടെയായിരുന്നു സംഭവം. ടീമിലെ ആറ‌ുപേർക്ക‌് പരിക്കേറ്റു. ആറ‌് സുരക്ഷാഭടന്മാർ കൊല്ലപ്പെട്ടു.

ശ്രീലങ്കൻ താരങ്ങളായ കുമാർ സംഗക്കാര, അജന്ത മെൻഡിസ‌്, തിലൻ സമരവീര, തരംഗ പരണവിതാന, തിലാന തുഷാര, സരംഗ ലക‌്മൽ എന്നിവർക്കാണ‌് പരിക്കേറ്റത‌്. ഗദ്ദാഫി സ‌്റ്റേഡിയത്തിന‌് അടുത്തുവച്ചായിരുന്നു ആക്രമണം. ലങ്കയുടെ സഹപരിശീലകൻ പോൾ ഫാർബ്രേസിനും പരിക്കേറ്റു. ശേഷം പാകിസ്ഥാനിൽ വിദേശടീമുകൾ കളിക്കാനെത്തിയത‌് അപൂർവമായിരുന്നു. യുഎഇയാണ‌് നിലവിൽ പാകിസ്ഥാന്റെ തട്ടകം.
2002ൽ ന്യൂസിലൻഡ‌് പാകിസ്ഥാനിൽ കളിക്കാനെത്തിയ സമയം കറാച്ചിയിൽസ‌്ഫോടനമുണ്ടായി. 11 പേരാണ‌് കൊല്ലപ്പെട്ടത‌്. ന്യൂസിലൻഡ‌് ടീം താമസിച്ചിരുന്ന ഹോട്ടലിന‌ു സമീപമായിരുന്നു സ‌്ഫോടനം

1992ൽ ന്യൂസിലൻഡ‌് ടീം ശ്രീലങ്കൻ പര്യടനത്തിനെത്തിയപ്പോൾ കൊളംബോയിലെ ഹോട്ടലിന‌ു സമീപം സ‌്ഫോടനമുണ്ടായി.


പ്രധാന വാർത്തകൾ
 Top