26 June Wednesday

ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക‌് നീക്കി

വെബ് ഡെസ്‌ക്‌Updated: Saturday Mar 16, 2019


ന്യൂഡൽഹി
വാതുവയ‌്പു കേസിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ‌്താരം ശ്രീശാന്തിന് ബിസിസിഐ ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രീംകോടതി ഒഴിവാക്കി. ബിസിസിഐയുടെ അച്ചടക്കസമിതി ശിക്ഷാനടപടി  പുനഃപരിശോധിക്കണമെന്ന‌് കോടതി ആവശ്യപ്പെട്ടു.

ശ്രീശാന്തിന്റെ ഭാഗം കേട്ടശേഷം മൂന്ന‌ു മാസത്തിനുള്ളിൽ  ശിക്ഷാനടപടിയിൽ തീരുമാനമെടുക്കണം. ശ്രീശാന്ത‌് കുറ്റക്കാരനാണെന്ന ബിസിസിഐയുടെ കണ്ടെത്തലിൽ ഇടപെടാൻ കോടതി തയ്യാറായില്ല. ബിസിസിഐയുടെ നടപടി ശരിവച്ച  ഹൈക്കോടതി വിധിക്കെതിരെ ശ്രീശാന്ത് നൽകിയ ഹർജിയിലാണ് സുപ്രീംകോടതി വിധി.

ജസ്റ്റിസുമാരായ അശോക് ഭൂഷൺ, കെ എം ജോസഫ് എന്നിവരുടെ ബെഞ്ചാണ് വിധി പറഞ്ഞത്. 2013ലെ ഐപിഎൽ മത്സരത്തിൽ വാതുവയ‌്പ‌് നടത്തിയെന്ന ആരോപണത്തെത്തുടർന്ന‌ാണ‌് ശ്രീശാന്തിന‌് ബിസിസിഐ ആജീവനാന്ത വിലക്ക‌് ഏർപ്പെടുത്തിയത‌്.

ബിസിസിഐയുടെ അഴിമതിനിരോധന ചട്ടങ്ങൾ പാലിച്ചാണ‌് അച്ചടക്കസമിതി നടപടി എടുത്തതെന്നും സ്വാഭാവികനീതി നിഷേധിച്ചെന്ന‌് ശ്രീശാന്തിന‌് പറയാനാകില്ലെന്നും കോടതി കണ്ടെത്തി. ബിസിസിഐ പരിഗണിച്ച തെളിവുകൾ യോഗ്യമല്ലെന്ന‌ു പറയാനാകില്ല. തെളിവില്ലാതെയാണ‌് അച്ചടക്കനടപടി സ്വീകരിച്ചതെങ്കിൽ മാത്രമാണ‌് കോടതിക്ക‌് നിയമപരമായി ഇടപെടാനാവുക. 

അഴിമതിനിരോധന ചട്ടപ്രകാരം ശിക്ഷ ലഘൂകരിക്കാവുന്ന സാഹചര്യങ്ങൾ പരിഗണിച്ചില്ലെന്ന‌ു ചൂണ്ടിക്കാട്ടിയാണ‌് കോടതി ആജീവനാന്ത വിലക്ക് നീക്കിയത‌്. പ്രസിഡന്റ‌് എന്ന നിലയിൽ എൻ ശ്രീനിവാസൻ 2013ലെ അച്ചടക്കസമിതി യോഗത്തിൽ പങ്കെടുത്തതിൽ നിയമപരമായി തെറ്റില്ലെന്ന‌ും കോടതി നിരീക്ഷിച്ചു.

ശ്രീശാന്തിനെതിരെ നേരിട്ടുള്ള തെളിവുകൾ ഇല്ലെന്നും പ്രോസിക്യൂഷൻ നൽകിയത‌് സാഹചര്യത്തെളിവുകൾ മാത്രമാണെന്നും മുതിർന്ന അഭിഭാഷകൻ സൽമാൻ ഖുർഷിദ‌് പറഞ്ഞു.ഐപിഎൽ ക്രിക്കറ്റിൽ രാജസ്ഥാൻ റോയൽസിനുവേണ്ടി കളിക്കുമ്പോൾ റൺ വിട്ടുനൽകുന്നതിന് ശ്രീശാന്ത് പത്തുലക്ഷം രൂപ കോഴവാങ്ങിയെന്ന കേസിലാണ‌് ബിസിസിഐ ആജീവനാന്ത വിലക്ക‌് ഏർപ്പെടുത്തിയത‌്.

ബിസിസിഐയില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും ക്രിക്കറ്റിലേക്ക് തിരിച്ചുവരുമെന്നും ശ്രീശാന്ത് പ്രതികരിച്ചു. ആറ‌് വർഷമായി കളിക്കുന്നില്ല. ശിക്ഷാ കാലവധി എത്ര തന്നെയാണെങ്കിലും അത് പിന്നിട്ടു കഴിഞ്ഞെന്നും അനുകൂല തീരുമാനമുണ്ടാക്കുമെന്നാണ് പ്രതീക്ഷയെന്നും ശ്രീശാന്ത‌് പറഞ്ഞു. സ്‌കോട്ടിഷ് ലീഗില്‍ കളിക്കാനാകുമെന്നാണ് പ്രതീക്ഷ. കേരള ടീമിൽ ഉൾപ്പെടാനാകുമെന്ന‌് കരുതുന്നു. ആറ‌ുമാസമായി പരിശീലനം തുടങ്ങിയിട്ടുണ്ട‌്. മൂന്നു മാസം ഇനിയും കാത്തിരിക്കണം. ആ സമയം പരിശീലനം തുടരുമെന്നും മത്സരരംഗത്തേക്ക‌് തിരിച്ചുവരാനാകുമെന്നും ശ്രീശാന്ത‌് പറഞ്ഞു.


പ്രധാന വാർത്തകൾ
 Top