26 June Wednesday

ചാമ്പ്യൻസ‌് ലീഗ‌് ക്വാർട്ടർ ‌: ബാഴ്‌സയ്ക്ക്‌ യുണൈറ്റഡ്‌

വെബ് ഡെസ്‌ക്‌Updated: Saturday Mar 16, 2019


ന്യോൺ
ചാമ്പ്യൻസ‌് ലീഗ‌് ഫുട‌്ബോൾ ക്വാർട്ടർ ലൈനപ്പായി. വമ്പന്മാർക്ക‌് താരതമ്യേന എളുപ്പമാണ‌്. അഞ്ച‌ുതവണ ചാമ്പ്യൻമാരായ ബാഴ‌്സലോണയും മൂന്ന‌ുതവണ ചാമ്പ്യൻമാരായ മാഞ്ചസ‌്റ്റർ യുണൈറ്റഡും തമ്മിലുള്ള മത്സരമാണ‌് ശ്രദ്ധേയം.

യുവന്റസ‌് ഡച്ച‌് ക്ലബ്ബ‌് അയാക‌്സുമായി ഏറ്റുമുട്ടും. മാഞ്ചസ‌്റ്റർ സിറ്റിക്ക‌് ഇംഗ്ലീഷ‌് പ്രീമിയർ ലീഗിൽത്തന്നെയുള്ള ടോട്ടനം ഹോട‌്സ‌്പറാണ‌് എതിരാളികൾ. കഴിഞ്ഞ സീസണിലെ രണ്ടാം സ്ഥാനക്കാരായ ലിവർപൂൾ പോർച്ചുഗൽ ക്ലബ‌് എഫ‌്സി പോർട്ടോയുമായി ഏറ്റുമുട്ടും.
ഏപ്രിൽ 9, 10 തീയതികളിലാണ‌് ആദ്യപാദ മത്സരങ്ങൾ. രണ്ടാംപാദം ഏപ്രിൽ 16, 17 തീയതികളിൽ നടക്കും.

യുവന്റസ‌്–-അയാക‌്സ‌് മത്സരത്തിലെ ജേതാക്കളും -സിറ്റി‌–-ടോട്ടനം ജേതാക്കളും തമ്മിലാണ‌് ആദ്യ സെമി. ബാഴ‌്സ–-യുണൈറ്റഡ‌് ജേതാക്കളും -ലിവർപൂൾ–-പോർടോ ജേതാക്കളും തമ്മിൽ രണ്ടാം സെമി. സെമി മത്സരങ്ങൾ ഏപ്രിൽ 30നും മെയ‌് ഒന്നിനും നടക്കും. ജൂൺ ഒന്നിനാണ‌് ഫൈനൽ.

അയാക‌്സ‌്–-യുവന്റസ‌്
പിഎസ‌്‌വി ഐന്തോവന‌ുശേഷം ക്വാർട്ടറിൽ കടക്കുന്ന ആദ്യ ഡച്ച‌് ടീമാണ‌് അയാക‌്സ‌്. പ്രീ ക്വാർട്ടറിൽ നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡിനെ ഇരുപാദങ്ങളിലുമായി 5–-3ന‌് തോൽപ്പിച്ചാണ‌് മുന്നേറ്റം.
യുവന്റസ‌് ആദ്യപാദത്തിൽ അത‌്‌ലറ്റികോ മാഡ്രിഡിനോ‌ട‌് 0–-2ന‌് തോറ്റശേഷം ക്രിസ‌്റ്റ്യാനോ റൊണാൾഡോയുടെ ഹാട്രിക്കിലൂടെ തിരിച്ചുവന്നു. അയാക‌്സുമായി അവസാനം കളിച്ച 10 കളിയിലും യുവന്റസ‌് തോറ്റിട്ടില്ല.

ലിവർപൂൾ–-പോർട്ടോ
പ്രീ ക്വാർട്ടറിൽ ലിവർപൂൾ ബയേൺ മ്യൂണിക്കിനെ 3–-1ന‌് തകർത്തു. പോർട്ടോയുമായി കഴിഞ്ഞ സീസണിൽ പ്രീ ക്വാർട്ടറിൽ കളിച്ചപ്പോൾ അഞ്ച‌ു ഗോളിനായിരുന്നു ലിവർപൂളിന്റെ ജയം.  പോർട്ടോ പ്രീ ക്വാർട്ടറിൽ എഎസ‌് റോമയെ മറികടന്നു.

സിറ്റി–-ടോട്ടനം
ചാമ്പ്യൻസ‌് ലീഗിൽ ഇതുവരെ സിറ്റിയും ടോട്ടനവും മുഖാമുഖം വന്നിട്ടില്ല‌. കഴിഞ്ഞ സീസണിൽ ലിവർപൂൾ സിറ്റിയെ ക്വാർട്ടറിൽ മടക്കി.
ഈ സീസണിൽ ഷാൽക്കെയെ ഇരുപാദങ്ങളിലുമായി 10–-2ന‌് തകർത്താണ‌് സിറ്റിയുടെ ക്വാർട്ടറിലേക്കുള്ള മുന്നേറ്റം. ടോട്ടനം ബൊറൂസിയ ഡോർട്ട‌്മുണ്ടിനെ 4–-0ന‌് തോൽപ്പിച്ചു.

ബാഴ‌്സ–-യുണൈറ്റഡ‌്
ല്യോണിനെ 5–-1ന് തോൽപ്പിച്ചാണ‌് ബാഴ‌്സ ക്വാർട്ടറിൽ കടന്നത‌്. യുണൈറ്റഡ‌് പിഎസ‌്ജിയെ മറികടന്നു. ആദ്യപാദത്തിൽ 0–-2ന‌് തോറ്റശേഷമായിരുന്നു യുണൈറ്റഡിന്റെ തിരിച്ചുവരവ‌്.യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ഒരുതവണ മാത്രമാണ‌് യുണൈറ്റഡ‌് ജയിച്ചത‌്. 2009, 2011 ചാമ്പ്യൻസ‌് ലീഗ‌് ഫൈനലുകളിൽ ബാഴ‌്സ യുണൈറ്റഡിനെ കീഴടക്കി കിരീടം ചൂടി.


പ്രധാന വാർത്തകൾ
 Top