17 June Monday
ദേശീയ സ്‌കൂൾ സീനിയർ മീറ്റ്‌

വാനിൽ പറന്നു സിദ്ധാർഥ്‌

ആർ രഞ‌്ജിത‌്Updated: Saturday Feb 16, 2019

നദിയാദ‌് (ഗുജറാത്ത‌്)
പെൺകുട്ടികൾ കാണിച്ച വഴിയിലൂടെ ആൺകുട്ടികളും മുന്നോട്ട‌്. പോൾവോൾട്ടിൽ സ്വർണത്തിലേക്ക‌് കുതിച്ചുയർന്ന എ കെ സിദ്ധാർഥ‌് മെഡൽപ്പോരിൽ കേരളത്തെ കർണാടകയ‌്ക്ക‌് ഒപ്പമെത്തിച്ചു. ആദ്യദിവസം കേളത്തിന‌് ഒരു സ്വർണവും രണ്ട‌് വെങ്കലവും.ദേശീയ സ‌്കൂൾ സീനിയർ (അണ്ടർ 19) അത‌്‌ലറ്റിക‌് മീറ്റിൽ ആൺകുട്ടികളുടെ അഞ്ച‌ിനങ്ങൾ പൂർത്തിയായപ്പോൾ കർണാടക രണ്ട‌് സ്വർണവും ഒരു വെള്ളിയുമടക്കം 19 പോയിന്റുമായി മുന്നിലാണ‌്. കേരളത്തിന‌് 18 പോയിന്റുണ്ട‌്. രാജസ്ഥാനും പഞ്ചാബും 12 പോയിന്റുമായി മൂന്നാമതാണ‌്.

പോൾവോൾട്ടിൽ 4.40 മീറ്റർ ചാടിയാണ‌് കോതമംഗലം സെന്റ‌് ജോർജ‌് സ‌്കൂളിലെ എ കെ സിദ്ധാർഥ‌് സ്വർണം നേടിയത‌്. ഇതേസ‌്കൂളിലെ അനീഷ‌് മധു മൂന്ന‌ു ചാട്ടവും പാഴാക്കി. ഹൈജമ്പിൽ ഇടുക്കി എൻആർ സിറ്റി എസ‌്എൻവിഎച്ച‌്എസ‌്എസിലെ അലൻ ജോസ‌് 2.03 മീറ്റർ ചാടി വെങ്കലം കരസ്ഥമാക്കി. സ്വർണം നേടിയ കർണാടകയുടെ പി യശസ്സും വെള്ളി നേടിയ മഹാരാഷ‌്ട്രയുടെ ഗുരവ‌് അഭയും ഇതേ ഉയരമാണ‌് ചാടിയത‌്. എന്നാൽ, കൂടുതൽ അവസരമെടുത്തത‌് അലന‌് തിരിച്ചടിയായി. കൂട്ടുകാരനായ വി പി ഹരിഗോവിന്ദ‌് 1.90 മീറ്ററോടെ ആറാമതായി. ഇരുവരെയും പരിശീലിപ്പിക്കുന്നത‌് സ‌്കൂളിലെ കായികാധ്യാപികയായ മിനിജയാണ‌്. അലൻ തൊടുപുഴ കോയിക്കരയിൽ ജോസ‌് കുര്യന്റെയും ഷീബയുടെയും മകനാണ‌്.

വേഗക്കാരനെ നിശ‌്ചയിച്ച 100 മീറ്ററിൽ കർണാടകയുടെ വി എ ശശികാന്ത‌് 10.75 സെക്കൻഡിൽ ഒന്നാമതെത്തി. ഉത്തർപ്രദേശിന്റെ റിങ്കുസിങ്ങിന‌് (10.85) പിന്നിൽ കേരളത്തിന്റെ സി അഭിനവ‌് മൂന്നാമതായി. പരിക്കുമായി ട്രാക്കിലിറങ്ങിയ തിരുവനന്തപുരം സായി താരം 10.86 സെക്കൻഡിലാണ‌് ഫിനിഷ‌് ചെയ‌്തത‌്. കഴിഞ്ഞാഴ‌്ച പരിശീലനത്തിനിടെയാണ‌് കാലിന‌് പരിക്കേറ്റത‌്. പി പീസാണ‌് ഈ പ്ലസ‌്ടുകാരന്റെ പരിശീലകൻ. ഇരിക്കൂർ കോൾക്കണ്ടി രത്നാകരന്റെയും കെ റീഷയുടെയും മകനാണ‌്. കെ ബിജിത‌് എട്ടാമതായി.

ഹാമർത്രോയിൽ രാജസ്ഥാന്റെ നിതേഷ‌് പൂണിയ 71.01 മീറ്റർ എറിഞ്ഞ‌് സ്വർണം നേടി. കേരളത്തിന്റെ അലക‌്സ‌് ജോസഫ‌് 54.45 മീറ്ററിൽ ഏഴാമതായി. അഞ്ച‌ു കിലോമീറ്റർ നടത്ത ത്തിൽ പഞ്ചാബിന്റെ ആകാശ‌്ദീപ‌് സിങ്ങിനാണ‌് സ്വർണം. കേരളത്തിന്റെ എ എം മുഹമ്മദ‌് അഫ‌്ഷാൻ അഞ്ചും കെ ആർ അഭിരാഗ‌് ഏഴും സ്ഥാനത്തായി. ഷോട്ട‌്പുട്ടിൽ അലക‌്സ‌് പി തങ്കച്ചൻ (14.95 മീറ്റർ), ലോങ‌്ജമ്പിൽ കെ എം ശ്രീകാന്ത‌് (6.91 മീറ്റർ), 400 മീറ്ററിൽ അനന്തു വിജയൻ, 1500 മീറ്ററിൽ ആദർശ‌് ഗോപി എന്നിവർ ഫൈനലിൽ കടന്നു.

ജാവ‌്‌ലിൻ ത്രോയിൽ അഖിൽ ശശിയും വിഘ‌്നേഷ‌് നമ്പ്യാരും മെഡൽപ്പോരാട്ടത്തിന‌് അർഹരായി. 3000 മീറ്ററിൽ ആദർശ‌് ഗോപി, എം അജിത‌് എന്നിവരും ഫൈനലിൽ എത്തി. കെ വി ദീപക‌്, മെഹിദി നൂറുദീൻ, എ സി അരുൺ, കെ ബിജിത‌് എന്നിവർ ഉൾപ്പെട്ട 4﹣-100 മീറ്റർ റിലേ ടീമും ഫൈനലിൽ കടന്നു.  രണ്ടാംദിവസമായ ഇന്ന‌് എട്ട‌ിനങ്ങളിൽ ഫൈനൽ നടക്കും. 3000 മീറ്റർ, ജാവ‌്‌ലിൻ ത്രോ, ഷോട്ട‌്പുട്ട‌്, ലോങ‌്ജമ്പ‌്, 400 മീറ്റർ, 110 മീറ്റർ ഹർഡിൽസ‌്, 4﹣-100 മീറ്റർ റിലേ, 1500 മീറ്റർ എന്നിവയിലെ മെഡൽ ജേതാക്കളെ ഇന്നറിയാം.
 


പ്രധാന വാർത്തകൾ
 Top