28 September Monday

ആൻസി കേരളത്തെ നയിക്കുന്നു

ആർ രഞ‌്ജിത‌്Updated: Sunday Dec 15, 2019

ഫോട്ടോ: പി ദിലീപ്‌കുമാർ

സംഗ്രൂർ (പഞ്ചാബ‌്)
ട്രിപ്പിൾ സ്വർണവുമായി ആൻസി സോജൻ കേരളത്തെ നയിക്കുന്നു. ദേശീയ സ‌്കൂൾ അത‌്‌ലറ്റിക‌് മീറ്റ‌് ഇന്ന‌് അവസാനിക്കാനിരിക്കെ  കേരളം ഗംഭീരമായി തിരിച്ചുവന്നു. നാല‌് റിലേയും രണ്ട‌് 800 മീറ്റർ ഫൈനലുകളും ബാക്കിയുള്ളപ്പോൾ കേരളം 222 പോയിന്റുമായി ഒന്നാമതാണ‌്. മഹാരാഷ‌്‌‌ട്രയും (219) ഹരിയാനയും (217) ഒപ്പത്തിനൊപ്പമുണ്ട‌്. ഓവറോൾ കിരീടത്തിനായുള്ള പോരാട്ടം ഫോട്ടോഫിനിഷിലേക്കെന്ന‌് ഉറപ്പിക്കാം.

സീനിയറിൽ 125 പോയിന്റുമായി കേരളം ഒന്നാമതാണ‌്. പ്രതാപകാലത്തെ ഓർമിപ്പിച്ച‌് വാർഹീറോസ‌് സ‌്റ്റേഡിയത്തിൽ കേരളം മെഡൽ വാരി. നാല‌് സ്വർണവും നാല‌് വെള്ളിയും അഞ്ച‌് വെങ്കലവുമായാണ‌് ട്രാക്ക‌് വിട്ടത‌്. അതിൽ രണ്ട‌് സ്വർണവും ആൻസി സോജന്റേതായിരുന്നു. കേരളം ഇന്നലെ നേടിയത‌് 80 പോയിന്റാണ‌്.
രണ്ടുവർഷം മുമ്പ‌് ഭോപ്പാലിൽ നാല‌് സ്വർണം നേടിയപ്പോൾ അണിഞ്ഞ ഭാഗ്യ ജേഴ‌്സിയിലായിരുന്നു ആൻസി. ലോങ്‌ജമ്പിൽ 18 വർഷം പഴക്കമുള്ള റെക്കോഡ‌് തകർത്താണ‌് സ്വർണം നേടിയത‌്. നാലാമത്തെ ചാട്ടത്തിൽ 6.26 മീറ്റർ. 2001ൽ മഹാരാഷ‌്‌ട്രയുടെ റൂത്ത പട‌്കർ സ്ഥാപിച്ച 6.05 മീറ്റർ മാഞ്ഞു. നാട്ടിക ഗവ. ഫിഷറീസ‌് സ‌്കൂളിലെ പ്ലസ‌് ടു വിദ്യാർഥിയായ ആൻസിയെ പരിശീലിപ്പിക്കുന്നത‌് ഓട്ടോ ഡ്രൈവറായ കണ്ണനാണ‌്. ഇനി 4 x 100 മീറ്റർ റിലേ ബാക്കി‌. ആവേശകരമായ ഫിനിഷായിരുന്നു 200ൽ. സാഫ‌് ഗെയിംസിൽ വെള്ളി നേടിയ കർണാടകത്തിന്റെ പ്രിയ എച്ച‌് മോഹനനെ രണ്ടാംസ്ഥാനത്തേക്ക‌് പിന്തള്ളിയാണ‌് (24.36) സ്വർണം. ഇത‌് ആൻസിയുടെ മികച്ച സമയമാണ‌്. 

ഹർഡിൽസിലെ മിന്നുന്ന പ്രകടനമാണ‌് കേരളത്തെ ഓവറോൾ പോരിന‌് സജ്ജമാക്കിയത‌്. ആൺകുട്ടികളുടെ 400 മീറ്റർ ഹർഡിൽസിൽ എ രോഹിത‌് 52.65 സെക്കൻഡിൽ പുതിയ റെക്കോഡിട്ടു. പെൺകുട്ടികളിൽ ആർ ആരതി 1:03.23 സെക്കൻഡിൽ കുതിച്ചെത്തി. കെ ടി ആദിത്യ വെങ്കലം നേടി. പെൺകുട്ടികളുടെ പോൾവോൾട്ടിൽ 3.10 മീറ്റർ ചാടി ബ്ലെസി കുഞ്ഞുമോൻ വെള്ളി നേടി. മണീട‌് ജിവിഎച്ച‌്എസിൽ ചാൾസിന്റെ കീഴിലാണ‌് പരിശീലനം. 3.61 മീറ്റർ ചാടി തമിഴ‌്നാടിന്റെ ടി സത്യ റെക്കോഡിന്റെ അകമ്പടിയോടെ സ്വർണമണിഞ്ഞു. ആൺകുട്ടികളിൽ കോതമംഗലം മാർബേസിൽ സ‌്കൂളിലെ അലൻ ബിജു 4.10 മീറ്റർ ചാടി വെള്ളി നേടി. ഹാമർത്രോയിൽ മാതിരപ്പിള്ളി എസ‌്‌വിഎച്ച‌്എസ‌്എസിലെ കെസിയ മറിയം ബെന്നി 55.74 മീറ്റ‌ർ എറിഞ്ഞ‌് വെള്ളി നേടി. എം എ കോളേജ‌് അക്കാദമിയിൽ പി ഐ ബാബുവാണ‌് പരിശീലിപ്പിക്കുന്നത‌്. 


 

നാലാം ദിവസത്തെ എട്ടെണ്ണമടക്കം 15 റെക്കോഡായി. ഇന്ന‌് നടക്കുന്ന 800 മീറ്ററിൽ കേരളത്തിന്റെ ക്യാപ‌്റ്റന്മാരായ അഭിഷേക‌് മാത്യുവും പ്രസ‌്കില്ല ഡാനിയേലും ഇറങ്ങും. 4‌ x 100 മീറ്റർ റിലേയിലും 4‌ x 400 മീറ്റർ റിലേയിലും കേരളം സമ്പൂർണാധിപത്യം പ്രതീക്ഷിക്കുന്നു. ആദ്യ ആറ‌് സ്ഥാനങ്ങൾവരെ ഓവറോൾ കിരീടത്തിന‌് പരിഗണിക്കും. ക്രോസ‌്കൺട്രിയിലെ പോയിന്റ‌് ഓവറോളിന‌് പരിഗണിച്ചത‌് മഹാരാഷ‌്‌ട്രയ്‌ക്ക‌് നേട്ടമായി.

ദീർഘദൂരത്തിൽ സനിക
സംഗ്രൂർ

ഉത്തരേന്ത്യക്കാർ അരങ്ങുവാണ ക്രോസ‌്കൺട്രിയിൽ കേരളത്തിന‌് അഭിമാനമായി കെ പി സനിക. പെൺകുട്ടികളുടെ ക്രോസ‌്കൺട്രിയിലാണ‌് ഈ കൊച്ചുപെൺകുട്ടി വെങ്കലം നേടിയത‌്. കോഴിക്കോട‌് ജില്ലയിലെ കട്ടിപ്പാറ ഹോളിഫാമിലി ഹയർ സെക്കൻഡറി സ‌്കൂളിലെ പ്ലസ‌് വൺകാരി കേരളത്തിന‌് വിലപ്പെട്ട പത്ത‌് പോയിന്റ‌് നേടിയാണ‌് മടങ്ങുന്നത‌്.

ജൂനിയർ വിഭാഗം 3000 മീറ്ററിൽ വെങ്കലം നേടിയിരുന്നു. 1500 മീറ്ററിൽ അഞ്ചാംസ്ഥാനവും സ്വന്തമാക്കി. വി ടി മിനീഷ‌് എന്ന പരിശീലകനു കീഴിൽ പുതിയ സമയങ്ങൾ തേടുന്ന മിടുക്കി ദേശീയ മീറ്റിൽ മൂന്നാംതവണയാണ‌്. മെഡൽ നേടുന്നത‌് ആദ്യം.

കട്ടിപ്പാറ കൈതേരിപ്പൊയിൽ സുരേഷിന്റെയും ഷീബയുടെയും മകളാണ‌്. കേരളത്തിന്റെ എൻ പൗർണമി 10, അനശ്വര ഗണേശൻ 15, പി സി ഫാത്തിമ നസ‌്‌ല 17, ജി ജിൻസി 18 എന്നിങ്ങനെയാണ‌് മറ്റുള്ളവരുടെ സ്ഥാനങ്ങൾ. മഹാരാ‌ഷ‌്ട്ര സ്വർണവും ഗുജറാത്ത‌് വെള്ളിയും നേടി.  ആൺകുട്ടികളിൽ വിഷ‌്ണു ബിജു ആറാംസ്ഥാനം നേടി. കെ അഖിൽ പതിനെട്ടാമതായി. കെ അജിത‌് 20.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top