06 December Friday

ലോകകപ്പ്‌ ഫുട്‌ബോൾ യോഗ്യത : തണുപ്പിൽ ഉറഞ്ഞ്‌ ഇന്ത്യ

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2019

അഫ്‌ഗാനിസ്ഥാനെതിരെ ഇന്ത്യൻ ക്യാപ്‌റ്റൻ സുനിൽ ഛേത്രിയുടെ ഗോൾശ്രമം

ദുഷൻബെ
ഇന്ത്യയുടെ 2022 ഖത്തർ ലോകകപ്പ്‌ ഫുട്‌ബോൾ യോഗ്യതാ പ്രവേശനത്തിന്‌ തിരിച്ചടി. ജയം അനിവാര്യമായ കളിയിൽ അഫ്‌ഗാനിസ്ഥാനെതിരെ സമനില വഴങ്ങി (1–-1).  അവസാന വിസിൽ മുഴങ്ങും മുമ്പ്‌, പരിക്കുസമയത്ത്‌ സെമിൻലെൻ ദുംഗലാണ്‌ ഇന്ത്യയെ ഒപ്പമെത്തിച്ചത്‌. സെൽഫി നർസാരിയാണ്‌ അഫ്‌ഗാന്റെ ഗോൾ നേടിയത്‌.
ഗ്രൂപ്പ്‌ ഇയിൽ മൂന്ന്‌ പോയിന്റുമായി നാലാമത്‌ തുടരുകയാണ്‌ ഇന്ത്യ. ആദ്യ ജയത്തിനായി ഇനിയും കാത്തിരിക്കണം. പ്രാഥമികഘട്ടം പൂർത്തിയാക്കുമ്പോൾ നാല്‌ കളികളിൽ മൂന്ന്‌ സമനിലയും ഒരു തോൽവിയുമാണ്‌ കൈവശം. 19ന്‌ മസ്‌കറ്റിൽ ഒമാനെതിരെയാണ്‌ അടുത്ത മത്സരം.

താജിക്കിസ്ഥാനിലെ ദുഷൻബെയിലെ റിപ്പബ്ലിക്കൻ സെൻട്രൽ സ്‌റ്റേഡിയത്തിലെ കൃതിമ ടർഫിൽ പതർച്ചയില്ലാതെയായിരുന്നു ഇന്ത്യ തുടങ്ങിയത്‌. കൊടും തണുപ്പിൽ ഇന്ത്യ ഗോളടി മറന്നു. ക്യാപ്‌റ്റൻ സുനിൽ ഛേത്രി, ഉദാന്ത സിങ്‌, ആഷിഖ്‌ കുരുണിയൻ എന്നിവർക്കൊപ്പം സഹൽ അബ്‌ദുൽ സമദും മുന്നേറ്റത്തിൽ ഇറങ്ങിക്കളിച്ചപ്പോൾ അഫ്‌ഗാൻ പതറി. മലയാളി താരം ആഷിഖിന്റെ വേഗതയ്‌ക്ക്‌ മുന്നിൽ എതിരാളികൾക്ക്‌ ഓടിയെത്താൻ കഴിഞ്ഞില്ല. എന്നാൽ ലക്ഷ്യത്തിലേക്ക്‌ പന്ത്‌ പാഞ്ഞില്ല. ആദ്യ പകുതിക്ക്‌ പിരിയുന്നതിന്‌ തൊട്ടുമുമ്പ്‌ അഫ്‌ഗാൻ ഇന്ത്യയെ ഞെട്ടിച്ചു. ഡേവിഡ്‌ നയേം നൽകിയ പന്ത്‌ ഒന്നാന്തരം ഫിനിഷിലൂടെ നർസാരി വല തൊട്ടു.


 

ഇടവേളയ്‌ക്ക്‌ പിന്നാലെ കളി അഫ്‌ഗാൻ കാലിലാക്കി. ഇന്ത്യക്കാർ ഓടിക്കിതച്ചു. ഇന്ത്യൻ പരിശീലകൻ ഇഗർ സ്‌റ്റിമിച്ച്‌ മുൻനിരയിൽ ഫറൂഖ്‌ ചൗധരിയെയും മൻവീർ സിങ്ങിനെയും ദുംഗലിനെയും ഇറക്കി. ഇടയ്‌ക്കിടെയുള്ള ഇന്ത്യൻ മുന്നേറ്റം അഫ്‌ഗാൻ പ്രതിരോധം തടഞ്ഞു. രണ്ട്‌ അവസരം ഛേത്രി പാഴാക്കി. കളി നീണ്ടു. അഫ്‌ഗാൻ ജയമാഘോഷിക്കാൻ തുടങ്ങിയപ്പോൾ ഇന്ത്യയുടെ സമനില ഗോൾ. ബ്രണ്ടൻ ഫെർണാണ്ടസിന്റെ കോർണറിൽ തലവച്ച്‌ ദുംഗൽ ഇന്ത്യയെ ഒപ്പമെത്തിച്ചു.

ആദ്യ കളിയിൽ ഒമാനോട്‌ തോറ്റപ്പോൾ പിന്നീട്‌ ഖത്തറിനോടും ബംഗ്ലാദേശിനോടും സമനില വഴങ്ങിയിരുന്നു. ഇനി ശേഷിക്കുന്ന നാല്‌ കളികളിലും ജയം പിടിച്ചാലേ മുന്നോട്ട്‌ കുതിക്കാനാകു. പത്ത്‌ പോയിന്റുമായി ഖത്തറാണ്‌ ഗ്രൂപ്പിൽ ഒന്നാമത്‌. ഏഴ്‌ പോയിന്റുള്ള ഒമാൻ രണ്ടാമതും. അഫ്‌ഗാൻ നാല്‌ പോയിന്റുമായി മൂന്നാമതാണ്‌.


പ്രധാന വാർത്തകൾ
 Top