14 December Saturday

കൗമാരകേരളം നാളെ ട്രാക്കിൽ

പി സുരേശൻUpdated: Friday Nov 15, 2019



കണ്ണൂർ
കായികകേരളത്തിന്റെ കൗമാരം പുതിയ ദൂരവും ഉയരവും സമയവും കുറിക്കാൻ നാളെ ട്രാക്കിലിറങ്ങും.  സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന്റെ 63–-ാംപതിപ്പിന്‌ കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ്‌ സിന്തറ്റിക്‌ സ്‌റ്റേഡിയത്തിലാണ്‌ തുടക്കം. നാലുനാൾ നാട്‌ ഭാവിതാരകങ്ങളെ വരവേൽക്കും.

രണ്ടായിരത്തഞ്ഞൂറ്‌ കായികതാരങ്ങളാണ്‌ 98 ഇനങ്ങളിൽ മാറ്റുരയ്‌ക്കുന്നത്‌. പൂർണസുരക്ഷയോടെ നടക്കുന്ന കായികമേളയുടെ  നടത്തിപ്പിനായി 300 ഒഫീഷ്യലുകളും രംഗത്തുണ്ട്‌. നാളെ രാവിലെ ഏഴിന്‌ സീനിയർ ആൺകുട്ടികളുടെ 3000 മീറ്റർ ഓട്ടത്തോടെ ട്രാക്കിലെ ഇഞ്ചോടിഞ്ച്‌ പോരാട്ടത്തിന്‌ തുടക്കമാകും. ഒമ്പതിന്‌ സ്‌റ്റേഡിയത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻബാബു പതാക ഉയർത്തും. പകൽ മൂന്നിന്‌ ഒളിമ്പ്യൻ ടിന്റു ലൂക്ക ദീപം തെളിക്കും. മേളയിൽ പങ്കെടുക്കുന്ന കുട്ടികളുടെ മാർച്ച്‌ പാസ്‌റ്റുമുണ്ടാകും.  തുടർന്ന്‌ പൂരക്കളി, കളരി അഭ്യാസം, യോഗ, എയ്‌റോ ബിറ്റ്‌സ്‌ എന്നിവ അവതരിപ്പിക്കും. 

കായികോത്സവത്തിന്റെ ഉദ്‌ഘാടനം പകൽ 3.30ന്‌ കായികമന്ത്രി ഇ പി ജയരാജൻ നിർവഹിക്കും. വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്‌ അധ്യക്ഷനാകും. തുറമുഖമന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മുഖ്യപ്രഭാഷണം നടത്തും. ഒളിമ്പ്യൻമാരായ പി ടി ഉഷ, എം ഡി വത്സമ്മ, ബോബി അലോഷ്യസ്‌, ടിന്റു ലൂക്ക, ജിസ്‌ന മാത്യു,  രാജ്യാന്തര താരം വി കെ വിസ്‌മയ എന്നിവരെ ആദരിക്കും.

മത്സരത്തിനുള്ള രജിസ്‌ട്രേഷൻ വെള്ളിയാഴ്‌ച പകൽ രണ്ടിന്‌ കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ്‌ ഇൻഡോർ സ്‌റ്റേഡിയത്തിൽ ആരംഭിക്കും.
പത്തൊമ്പതിന്‌ വൈകിട്ട്‌ 3.30ന്‌ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യുന്ന മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സമ്മാനം നൽകും. ഇന്നലെ കണ്ണൂർ നഗരത്തിൽ നടന്ന കായികോത്സവ വിളംബര ഘോഷയാത്രയിൽ നൂറുകണക്കിന്‌ വിദ്യാർഥികൾ പങ്കെടുത്തു.


പ്രധാന വാർത്തകൾ
 Top